16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചന്റ് ട്രോഫിയിൽ മണിപ്പൂരിനെതിരെ കേരളത്തിന് തകർപ്പൻ വിജയം. ഇന്നിംഗ്‌സിനും 169 റൺസിനുമായിരുന്നു കേരളത്തിന്റെ വിജയം. 248 റൺസിന്റെ ലീഡ് നേടിയ കേരളം ആറ് വിക്കറ്റിന് 312 റൺസെന്ന നിലയിൽ ഒന്നാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. തുടർന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ മണിപ്പൂർ 79 റൺസിന് ഓൾ ഔട്ടായതോടെയാണ് ത്രിദിന മത്സരത്തിന്റെ രണ്ടാം ദിവസം തന്നെ കേരളം വിജയം സ്വന്തമാക്കിയത്.
ആദ്യ ഇന്നിങ്‌സിൽ മണിപ്പൂർ 64 റൺസായിരുന്നു നേടിയത്. സെഞ്ച്വറി നേടിയ ക്യാപ്ടൻ ഇഷാൻ എം രാജിന്റെയും എട്ട് വിക്കറ്റ് വീഴ്ത്തിയ എസ്.വി. ആദിത്യന്റെയും പ്രകടനമാണ് കേരളത്തിന് അനായാസ വിജയം ഒരുക്കിയത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ വിശാൽ ജോർജിന്റെ വിക്കറ്റ് നഷ്ടമായി. 72 റൺസായിരുന്നു വിശാൽ നേടിയത്. മറുവശത്ത് തകർപ്പൻ ഷോട്ടുകളുമായി ബാറ്റിങ് തുടർന്ന ക്യാപ്ടൻ ഇഷാൻ എം രാജ് 100 റൺസെടുത്ത് പുറത്തായി. 98 പന്തുകളിൽ 17 ബൗണ്ടറികളടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിങ്‌സ്.
തുടർന്നെത്തിയ അഭിനവ് ആർ നായർ 42 റൺസുമായി പുറത്താകാതെ നിന്നു. അദൈ്വത് വി നായർ 32 റൺസെടുത്തു. ആറ് വിക്കറ്റിന് 312 റൺസെന്ന നിലയിൽ കേരളം ഇന്നിങ്‌സ് ഡിക്ലർ ചെയ്തു. മണിപ്പൂരിന് വേണ്ടി റൊമേഷ്, ബുഷ് സഗോൾസെം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തുടർന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ മണിപ്പൂരിനെ എസ്.വി. ആദിത്യന്റെ ഉജ്ജ്വല ബൗളിങ്ങാണ് തകർത്തെറിഞ്ഞത്. എട്ട് വിക്കറ്റാണ് ആദിത്യൻ നേടിയത്. ആദ്യ ഇന്നിങ്‌സിൽ ആദിത്യൻ നാല് വിക്കറ്റും വീഴ്ത്തിയിരുന്നു. വെറും 79 റൺസിന് മണിപ്പൂർ ഓൾ ഔട്ടായതോടെ കേരളം 169 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
