യുവേഫ ചാമ്പ്യൻസ് ലീഗ്: മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് റയൽ മാഡ്രിഡ് സെമിഫൈനലിൽ

APRIL 19, 2024, 9:24 AM

മാഞ്ചസ്റ്റർ/ മ്യൂണിക്ക് : യൂറോപ്യൻ ഫുട്ബാൾ ലോകം ആകാംക്ഷയോടെ കണ്ട രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരത്തിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയ െതോൽപ്പിച്ച് മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് സെമി ഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1 -1ന് സമനിലയിൽ പിരിഞ്ഞതിനെത്തുടർന്നാണ് പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടി വന്നത്. ഷൂട്ടൗട്ടിൽ 4 -3 എന്ന സ്‌കോറിനായിരുന്നു റയലിന്റെ ജയം. രണ്ട് സിറ്റി താരങ്ങളുടെ കിക്ക് പിടിച്ചെടുത്ത റയലിന്റെ ഗോളി ആൻഡ്രി ലൂനിനാണ് മത്സരത്തിലെ ഹീറോയായത്. റയലിന്റെ തട്ടകത്തിൽ നടന്ന ആദ്യ പാദ ക്വാർട്ടറിൽ ഇരുടീമുകളും 3 -3ന് സമനിലയിൽ പിരിഞ്ഞിരുന്നു.

കഴിഞ്ഞരാത്രി നടന്ന മറ്റൊരു രണ്ടാം പാദ ക്വാർട്ടർ മത്സരത്തിൽ ഇംഗ്‌ളീഷ് ക്‌ളബ് ആഴ്‌സനലിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി മുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും സെമിയിലെത്തി. ആദ്യ പാദത്തിൽ ഇരുടീമുകളും 2 -2ന് സമനിലയിൽ പിരിയുകയായിരുന്നു. സ്വന്തം പാദത്തിൽ നടന്ന രണ്ടാം പാദത്തിൽ ബയേണിന് വേണ്ടി    63 -ാം മിനിട്ടിൽ ജോഷ്വ കിമ്മിഷാണ് വിജയഗോൾ നേടിയത്. അടുത്തമാസം നടക്കുന്ന സെമിഫൈനലുകളിൽ ബയേൺ റയൽ മാഡ്രിഡിനെയും പാരീസ് എസ്.ജി ബൊറൂഷ്യ ഡോർട്ട് മുണ്ടിനെയും നേരിടും.

ഇഞ്ചോടിഞ്ച് റയലും സിറ്റിയും

vachakam
vachakam
vachakam

ഇരുഭാഗത്തുമായി മൂന്നുഗോളുകൾ വീതം പിറന്ന ആദ്യ പാദ ക്വാർട്ടർ ഫൈനലിലേതുപോലെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തിഹാദ് സ്റ്റേഡിയത്തിലെ രണ്ടാം പാദത്തിലും കണ്ടത്. മത്സരത്തിന്റെ 12 -ാം മിനിട്ടിൽ റോഡ്രിഗോയിലൂടെ റയലാണ് ആദ്യ ഗോൾ നേടിയത്. വിനീഷ്യസ് ജൂനിയറിൽ നിന്ന് കിട്ടിയ ക്രോസ് റോഡ്രിഗോ ആദ്യം വലയിലേക്ക് തൊടുത്തത് സിറ്റി ഗോളി എഡേഴ്‌സൺ തട്ടിക്കളയാൻ ശ്രമിച്ചെങ്കിലും പന്ത് വീണ്ടും നേരേ റോഡ്രിഗോയുടെ കാലുകളിലേക്ക് എത്തുകയായിരുന്നു. ഈ അവസരം ഒട്ടും പാഴാക്കാതെ റോഡ്രിഗോ വലകുലുക്കി. ആദ്യ പകുതിയിൽ ഈ ലീഡ് കാത്തുസൂക്ഷിക്കാൻ റയലിന് കഴിഞ്ഞതിന് കാരണം മികച്ച സേവുകളുമായി കളം നിറഞ്ഞ ഗോളി ലുനിനായിരുന്നു.

എന്നാൽ 76 -ാം മിനിട്ടിൽ ലുനിനെ കബളിപ്പിച്ച് കെവിൻ ഡി ബ്രുയ്ൻ സമനില ഗോൾ നേടി. 72 -ാം മിനിട്ടിൽ ജാക്ക് ഗ്രീലിഷിന് പകരമിറങ്ങിയ ജെറമി ഡോക്കു നൽകിയ ക്രോസ് ബോക്‌സിനുള്ളിൽ ബ്‌ളോക്ക് ചെയ്യാൻ റൂഡിഗർ ശ്രമിച്ചെങ്കിലും പന്ത് കിട്ടിയ ഡി ബ്രുയ്‌ന്റെ ഷോട്ട് വലയിൽ കടക്കുകയായിരുന്നു. തുടർന്ന് നിശ്ചിത സമയം അവസാനിച്ചിട്ടും സ്‌കോർ ബോർഡ് ചലിക്കാതെ വന്നതോടെ 30 മിനിട്ട് അധികസമയം അനുവദിച്ചെങ്കിലും ഫലമുണ്ടാകാതെ വന്നതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.

ഷൂട്ടൗട്ടിലെ കളി
1. മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റീനാ താരം ജൂലിയാൻ അൽവാരേസാണ് ഷൂട്ടൗട്ടിലെ ആദ്യ കിക്കെടുത്തത്. ലക്ഷ്യം തെറ്റാതെ പന്ത് വലയിൽ റയലിന് വേണ്ടി ആദ്യ കിക്കെടുത്ത ലൂക്കാ മൊഡ്രിച്ചിന്റെ ഷോട്ട് സിറ്റി ഗോളി എഡേഴ്‌സൺ ഡൈവ് ചെയ്ത് തട്ടിക്കളഞ്ഞു.
2. സിറ്റിയുടെ രണ്ടാം കിക്കെടുത്ത ബെർണാഡോ സിൽവയുടെ തീർത്തും ദുർബലമായ ഷോട്ട് നേരേ ചെന്ന് വിശ്രമിച്ചത് റയൽ ഗോളി ലുനിന്റെ കയ്യിൽ. റയലിന്റെ രണ്ടാം കിക്ക് ജൂഡ് ബെല്ലിംഗ്ഹാം വലയിലാക്കിയതോടെ സ്‌കോർ 1 -1ന് തുല്യതയിൽ.
3. സിറ്റിയുടെ മൂന്നാം കിക്ക് എടുക്കാനെത്തിയ മാറ്റയോ കൊവാസിച്ചിന്റെ ഷോട്ട് വലത്തേക്ക് ചാടി ലൂനിൻ തട്ടിയിട്ടു. ലൂക്കാസ് വസ്‌ക്വേസ് റയലിന്റെ മൂന്നാം കിക്ക് വലയിലെത്തിച്ചതോടെ റയൽ 2 -1ന് മുന്നിൽ.
4. സിറ്റിയുടെ നാലാം കിക്ക് ഫിൽ ഫോഡൻ വലയ്ക്കുള്ളിലാക്കിയതോടെ 2 -2ന് സമനില. റയലിന്റെ നാലാം കിക്ക് നായകൻ നാച്ചോ ഗോളാക്കി 3 -2ന് മുന്നിലെത്തിച്ചു.
5. സിറ്റിയുടെ അവസാന കിക്ക് എടുത്ത ഗോളി എഡേഴ്‌സൺ പന്ത് വലയിലെത്തിച്ചു. അവസാന കിക്കെടുത്ത റൂഡിഗർക്ക് പിഴയ്ക്കാതിരുന്നതോടെ 4 -3ന് റയൽ സെമിയിൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam