അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് സുനിൽ ഛേത്രി

NOVEMBER 8, 2025, 2:52 AM

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായ സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. 2027 എഎഫ്‌സി ഏഷ്യൻ കപ്പിന് ഇന്ത്യ യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിന് പിന്നാലെയാണിത്. 2024 ജൂണിൽ വിരമിച്ച ഛേത്രി പിന്നീട് ഇന്ത്യൻ കോച്ച് മനോലോ മാർക്വേസിന്റെ അഭ്യർത്ഥന മാനിച്ച് തിരിച്ചെത്തുകയായിരുന്നു.

ഏഷ്യൻ കപ്പ് യോഗ്യതാ മൽസരങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് സൂപ്പർ താരത്തെ മടക്കിവിളിച്ചിരുന്നത്. എന്നാൽ, ദേശീയ ടീമിന്റെ പ്രകടനം തീർത്തും നിരാശാജനകമായിരുന്നു. 2024 ജൂണിൽ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മാച്ചിൽ വിടവാങ്ങൽ മത്സരം കളിച്ച ശേഷമാണ് 41 കാരൻ തിരിച്ചെത്തിയത്.

ഛേത്രി ഇന്ത്യക്കായി 157 മത്സരങ്ങളിൽ നിന്ന് 95 ഗോളുകൾ നേടിയിട്ടുണ്ട്. വിരമിച്ചതിനുശേഷം തിരിച്ചെത്തി ഇന്ത്യക്കായി കളിച്ച ആറ് മത്സരങ്ങളിൽ കളിച്ചു. ഒരു തവണ മാത്രമാണ് ഗോൾ നേടിയത്. ഒക്ടോബർ 14ന് സിംഗപ്പൂരിനെതിരായ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരമായിരുന്നു ദേശീയ ടീമിനായി അവസാനമായി കളിച്ചത്. മത്സരത്തിൽ ഇന്ത്യ 1-2ന് പരാജയപ്പെട്ടു. ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ വീഡിയോ അഭിമുഖത്തിലാണ് വിരമിക്കൽ സ്ഥിരീകരിച്ചത്.

vachakam
vachakam
vachakam

ഛേത്രി ഇപ്പോഴും ക്ലബ് ഫുട്‌ബോളിൽ സജീവമാണ്. അടുത്തിടെ ബെംഗളൂരു എഫ്‌സിയുമായി പുതിയ കരാർ ഒപ്പിട്ടു. രണ്ടു പതിറ്റാണ്ടോളം ഇന്ത്യൻ ഫുട്‌ബോളിന്റെ നെടുന്തൂണായിരുന്നു. പകരക്കാരനില്ലാതെയാണ് അദ്ദേഹം ഇന്ത്യൻ ഫുട്‌ബോളിലെ സിംഹാസനമൊഴിയുന്നത്.

ഛേത്രിയുടെ അന്താരാഷ്ട്ര ഫുട്‌ബോളിലെ അരങ്ങേറ്റം 2005ലാണ്. പാകിസ്താനെതിരെ ആയിരുന്നു കന്നിയങ്കം. മൂന്ന് ഭൂഖണ്ഡങ്ങളിൽ ഫുട്‌ബോൾ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. ഏഷ്യ, യൂറോപ്പ്, നോർത്ത് അമേരിക്ക എന്നിവിടങ്ങളിൽ അദ്ദേഹം കളിച്ചു. 19 ഗോളുകളുമായി എഎഫ്‌സി മൽസരങ്ങളിൽ ഏറ്റവുമധികം തവണ വലകുലുക്കിയ ഇന്ത്യക്കാരനെന്ന റെക്കോഡിന് ഉടമയാണ്. ഏഴ് തവണ എഐഎഫ്എഫ് പ്ലെയർ ഓഫ് ദി ഇയർ ആയി. അർജുന, പത്മശ്രീ, ഖേൽ രത്‌ന പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇന്ത്യൻ ഫുട്‌ബോൾ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നതിനിടെയാണ് സുനിൽ ഛേത്രി കളമൊഴിയുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് 2025 അനിശ്ചിതമായി നീളുകയാണ്. പുതിയ സീസണിലെ ഐഎസ്എൽ സംഘാടനത്തിനും വിപണനത്തിനുമായുള്ള കരാർ ഏറ്റെടുക്കാൻ ആരുമെത്തിയില്ല. ബിഡ് ചെയ്യാനുള്ള അവസാന തിയതി ഇന്നലെയാണ് അവസാനിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam