അർജന്റീനയും സ്‌പെയിനും തമ്മിൽ ഞായറാഴ്ച നടക്കുന്ന ഫിഫ ലോകകപ്പ് 2026 ഫൈനൽ നിയന്ത്രിക്കാൻ സ്ലോവേനിയൻ റഫറിയായ സ്ലാവ്‌കോ വിൻചിച്ചിനെ ഫിഫ നിയമിച്ചു. ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ വിൻചിച്ചിനെ സഹായിക്കാൻ സ്ലോവേനിയക്കാരായ ടോമാസ് ക്ലാൻച്‌നിക്, ആൻഡ്രാസ് കോവാചിച്ച് എന്നിവരും ഉണ്ടാകും.
ജോർദാന്റെ അധം മഖദ്‌മെ നാലാം റഫറിയായും മുഹമ്മദ് അൽകളാഫ് റിസർവ് അസിസ്റ്റന്റ് റഫറിയായും പ്രവർത്തിക്കും. ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ വേദിയിലേക്ക് വിൻചിച്ച് എത്തുന്നത് അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലാണ്. എന്നാൽ ഏതാനും വർഷങ്ങൾക്ക് മുൻപ് അദ്ദേഹം ഫുട്‌ബോളുമായി ബന്ധമില്ലാത്ത ഒരു വിവാദത്തിന്റെ പേരിൽ ലോകശ്രദ്ധ നേടിയിരുന്നു.
2020 മെയ് മാസത്തിൽ ബോസ്‌നിയഹെർസഗോവിനയിലെ ബിജെലിനയ്ക്ക് സമീപമുള്ള ഒരു റാഞ്ചിൽ നടന്ന പോലീസ് റെയ്ഡിലാണ് വിൻചിച്ച് ഉൾപ്പെടെ നിരവധി പേർ പിടിയിലായത്. അന്താരാഷ്ട്ര വേശ്യാവൃത്തി ശൃംഖലയുമായി ബന്ധപ്പെട്ട സംഗമമാണിതെന്ന് സംശയിച്ചായിരുന്നു പോലീസ് നടപടി.
റെയ്ഡിൽ 26 പുരുഷന്മാരെയും ഒമ്പത് സ്ത്രീകളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണത്തിനിടെ നാല് പായ്ക്കറ്റ് കൊക്കെയ്ൻ, 10 തോക്കുകൾ, മൂന്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, 10,000 യൂറോയിലധികം പണവും പിടിച്ചെടുത്തിരുന്നു. വേശ്യാവൃത്തി ശൃംഖലയുടെ മുഖ്യസംഘാടികയെന്ന് ആരോപിക്കപ്പെട്ട ടിജാന മക്‌സിമോവിച്ച് പിന്നീട് കുറ്റം സമ്മതിക്കുകയും ഒരു വർഷത്തെ തടവുശിക്ഷയ്ക്ക് വിധേയയാവുകയും ചെയ്തു.
എന്നാൽ, സ്ലാവ്‌കോ വിൻചിച്ചിനെതിരെ ഒരു കുറ്റവും ചുമത്തിയിരുന്നില്ല. സംഭവത്തിൽ അദ്ദേഹത്തെ സാക്ഷിയായി മാത്രമാണ് ചോദ്യം ചെയ്തത്. കുറ്റകൃത്യവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായതോടെ അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ സ്ലോവേനിയൻ മാധ്യമത്തോട് പ്രതികരിച്ച വിൻചിച്ച്, താൻ ഒരു ബിസിനസ് ഉച്ചഭക്ഷണത്തിനുള്ള ക്ഷണം സ്വീകരിച്ചതാണെന്നും അത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നുവെന്നും പറഞ്ഞു.
സ്ലോവേനിയൻ ഫുട്‌ബോൾ റഫറീസ് അസോസിയേഷനും അന്ന് വിൻചിച്ചിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആ വിവാദത്തിന് ശേഷം വിൻചിച്ചിന്റെ റഫറിയിംഗ് കരിയർ കൂടുതൽ ഉയരങ്ങളിലെത്തി. 2024 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ നിയന്ത്രിച്ച അദ്ദേഹം ഇപ്പോൾ ലോകകപ്പ് ഫൈനലിലും വിസിൽ മുഴക്കാൻ ഒരുങ്ങുകയാണ്. അർജന്റീനയുടെ ലോകകപ്പ് മത്സരത്തിൽ മുമ്പും വിൻചിച്ച് റഫറിയായിരുന്നു.
2022 ലോകകപ്പിൽ സൗദി അറേബ്യയ്‌ക്കെതിരെ അർജന്റീന 2-1ന് അട്ടിമറിക്കപ്പെട്ട ഗ്രൂപ്പ് മത്സരമാണ് അദ്ദേഹം നിയന്ത്രിച്ചത്. ആ തോൽവിക്ക് ശേഷം മെസ്സിയും സംഘവും തിരിച്ചുവന്ന് ലോകകിരീടം സ്വന്തമാക്കിയിരുന്നു. ഈ ലോകകപ്പിൽ ഇതുവരെ മെക്‌സിക്കോ-ഇക്വഡോർ, ബ്രസീൽ-മൊറോക്കോ, അൾജീരിയ-ജോർദാൻ മത്സരങ്ങളാണ് വിൻചിച്ച് നിയന്ത്രിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
