മുൻ പാകിസ്ഥാൻ നായകൻ ഷാഹിദ് അഫ്രീദി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലിക്കും രോഹിത് ശർമക്കും ശക്തമായ പിന്തുണയുമായി രംഗത്ത്. 2027 ലോകകപ്പ് വരെ ഇരുവർക്കും ഗ്രൗണ്ടിൽ മികച്ച പ്രകടനം തുടരാനാവുമെന്ന് അഫ്രീദി അഭിപ്രായപ്പെട്ടു. ഇതിനിടെ, തന്റെ പഴയ എതിരാളിയായ ഗൗതം ഗംഭീറിനെതിരെ ഒളിയമ്പെയ്യാനും അഫ്രീദി മറന്നില്ല.
'ഇന്ത്യൻ ടീമിന്റെ നട്ടെല്ലാണ് കോഹ്ലിയും രോഹിത്തും. ദക്ഷിണാഫ്രിക്കക്കും ഓസ്‌ട്രേലിയക്കുമെതിരായ പരമ്പരകളിലെ പ്രകടനം കണ്ടാൽ അടുത്ത ലോകകപ്പിലും അവർ കളിക്കുമെന്ന് ഉറപ്പിക്കാം. പ്രധാനപ്പെട്ട സീരിസുകളിലൊക്കെ ഇരുവർക്കും ടീമിൽ ഇടം നൽകണം', അഫ്രീദി പറഞ്ഞു.
എപ്പോഴും തന്റെ തീരുമാനങ്ങൾ മാത്രമാണ് ശരിയെന്ന് ഗംഭീർ വിശ്വസിച്ചിരുന്നതിനെതിരെയാണ് അഫ്രീദിയുടെ വിമർശനം. 'ഇന്ത്യൻ പരിശീലക വേഷമണിഞ്ഞ തുടക്ക കാലത്ത് തന്റെ തീരുമാനങ്ങൾ എല്ലാം ശരിയാണെന്ന് ഗംഭീർ ഉറച്ച് വിശ്വസിച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് മനസിലായിക്കാണും. എല്ലാ കാലത്തും അദ്ദേഹത്തിന്റെ തീരുമാനങ്ങൾ ശരിയാവണമെന്നില്ല എന്ന്,' അഫ്രീദി കൂട്ടിച്ചേർത്തു. ദേശീയ ജേഴ്‌സിയണിഞ്ഞ കാലത്ത് ഇരുവരും ഗ്രൗണ്ടിൽ പലതവണ വാക്‌പോരിലേർപ്പെട്ടിട്ടുണ്ട്.
അതേസമയം, ഏകദിനത്തിലെ ഏറ്റവും കൂടുതൽ സിക്‌സറുകൾ എന്ന തന്റെ റെക്കോർഡ് രോഹിത് ശർമ തകർത്തതിൽ അഫ്രീദി സന്തോഷം പ്രകടിപ്പിച്ചു.
'റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണ്. ഞാൻ ഇഷ്ടപ്പെടുന്ന ഒരു കളിക്കാരൻ തന്നെ അത് തകർത്തതിൽ ഏറെ സന്തോഷം. ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന എന്റെ റെക്കോർഡ് 18 വർഷം ആർക്കും എത്തിപ്പിടിക്കാനായില്ല. ഒടുക്കം അതും തകർക്കപ്പെട്ടില്ലേ. ഇതാണ് ക്രിക്കറ്റ്,' അഫ്രീദി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
