ഫിഫ ലോകകപ്പ് എന്ന് കേൾക്കുമ്പോൾ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന മുഖങ്ങളിൽ ഒന്നാണ് മെക്സിക്കൻ ഗോൾകീപ്പർ ഗ്വില്ലെർമോ ഓച്ചോവ. ഇപ്പോൾ 40-ാം വയസ്സിൽ, കരിയറിലെ അവസാന ലോകകപ്പിനായി താൻ സജ്ജനാണെന്ന പ്രഖ്യാപനവുമായി ഈ ഇതിഹാസ താരം രംഗത്തെത്തിയിരിക്കുകയാണ്.
2026-ൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പിൽ താൻ ചേർന്ന വിവരം ഓച്ചോവ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹാവിയർ അഗ്വിറെയുടെ മെക്സിക്കൻ പടയിൽ ഈ വെറ്ററൻ താരം ഇടംപിടിക്കുമെന്ന് ഉറപ്പായതോടെ ആരാധകരും ആവേശത്തിലാണ്.
മെക്സിക്കൻ കുപ്പായം വീണ്ടും അണിയുന്നത് ഒരിക്കലും ഒരു ശീലമായി കണ്ടിട്ടില്ലെന്നും അതൊരു വലിയ ബഹുമതിയാണെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ലോകകപ്പ് ചരിത്രത്തിൽ ആറ് ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന മൂന്നാമത്തെ താരം എന്ന അപൂർവ്വ നേട്ടമാണ് ഒച്ചോവയെ കാത്തിരിക്കുന്നത്. ഫുട്ബോൾ ഇതിഹാസങ്ങളായ ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഒപ്പമായിരിക്കും ഇതോടെ ഒച്ചോവയുടെ സ്ഥാനം.
ഈ ലോകകപ്പോടെ തന്റെ അന്താരാഷ്ട്ര കരിയറിന് തിരശ്ശീല വീഴുമെന്ന് ഒച്ചോവ വ്യക്തമാക്കിയിട്ടുണ്ട്. "വിരമിക്കൽ പ്രയാസകരമായ കാര്യമാണ്, പക്ഷേ എനിക്ക് അത്ര ബുദ്ധിമുട്ടാകില്ല. കാരണം ഇത്രയും വർഷം ഞാൻ ഫുട്ബോൾ ആസ്വദിച്ചു. ശരീരവും മനസ്സും മതി എന്ന് പറയുന്ന ഒരു ഘട്ടമുണ്ടാകും, അപ്പോൾ സമാധാനത്തോടെ എനിക്ക് പടിയിറങ്ങാം," താരം വികാരാധീനനായി പറഞ്ഞു.
മെക്സിക്കോയുടെ മണ്ണിൽ വെച്ച് നടക്കുന്ന ലോകകപ്പിൽ സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ച് കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുന്ന ഒച്ചോവയ്ക്ക് ഇത് വെറുമൊരു ടൂർണമെന്റല്ല, മറിച്ച് ഫുട്ബോൾ ചരിത്രത്തിലേക്കുള്ള ഒരു ഇതിഹാസ മടക്കയാത്ര കൂടിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
