ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അയർലൻഡിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി പോർച്ചുഗൽ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിലെ ആദ്യ അന്താരാഷ്ട്ര ചുവപ്പ് കാർഡ് കണ്ട് പുറത്തായ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയം സമ്മതിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടിയ ട്രോയ് പാരറ്റാണ് അയർലൻഡിന്റെ വിജയശിൽപ്പി. ലിയാം സ്‌കേൽസിന്റെ അസിസ്റ്റിൽ നിന്ന് മനോഹരമായ ഹെഡ്ഡറിലൂടെ ആദ്യ ഗോളും, ഇടവേളയ്ക്ക് തൊട്ടുമുമ്പ് കൃത്യമായ ഫിനിഷിലൂടെ രണ്ടാമത്തെ ഗോളും പാരറ്റ് നേടി. പാരറ്റിന്റെ ഈ പ്രകടനം അയർലൻഡിന്റെ ലോകകപ്പ് സ്വപ്‌നം നിലനിർത്തുകയും ചെയ്തു.
റോബർട്ടോ മാർട്ടിനെസിന്റെ കീഴിലുള്ള പോർച്ചുഗൽ പന്തടക്കത്തിൽ ആധിപത്യം പുലർത്തിയെങ്കിലും ഗോളിന് മുന്നിൽ താളം കണ്ടെത്താൻ കഴിഞ്ഞില്ല. ജാവോ ഫെലിക്‌സ്, ജാവോ നെവെസ് എന്നിവർക്ക് ഗോളിനടുത്തെത്താൻ കഴിഞ്ഞെങ്കിലും ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല.
റൊണാൾഡോ ചുവപ്പ് പുറത്തായതോടെ, ഇനി ഒരു യോഗ്യതാ മത്സരം മാത്രം ശേഷിക്കെ പോർച്ചുഗലിന്റെ ലോകകപ്പ് പ്രതീക്ഷകൾക്ക് ആശങ്കയിലാണ്.
ഈ തോൽവിയിലും പോർച്ചുഗൽ 10 പോയിന്റുമായി ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും, ഹംഗറിയും അയർലൻഡും അധികം പിന്നിലല്ല. ഞായറാഴ്ച അവസാന യോഗ്യത മത്സരം ജയിച്ച് 2026 ലോകകപ്പ് യോഗ്യത ഉറപ്പിക്കുക ആകും പോർച്ചുഗീസ് ലക്ഷ്യം
ചുവപ്പു കാർഡ് കണ്ട സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയേ്ക്ക് 3 മത്സരങ്ങൾ വരെ നഷ്ടമാക്കാൻ സാധ്യത.
അങ്ങനെയെങ്കിൽ അർമേനിയയ്‌ക്കെതിരായ അവസാന ലോകകപ്പ് യോഗ്യതാ മത്സരവും ജൂണിൽ ആരംഭിക്കുന്ന ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളുമാണ് റൊണാൾഡോയ്ക്ക് നഷ്ടമാകാൻ സാധ്യതയുള്ളത്. ഫിഫ നിയമം ഇപ്രകാരമാണ്.
'ഫുട്‌ബോൾ മത്സരങ്ങൾക്കിടെയുണ്ടാകുന്ന താഴെ പറയുന്ന മോശം പെരുമാറ്റങ്ങൾക്ക് താരങ്ങൾക്കും ഒഫീഷ്യൽസിനും സസ്‌പെൻഷൻ ലഭിക്കുന്നതാണ്. കൈമുട്ട് ഉപയോഗിച്ച് ഇടിക്കുക, കൈകൊണ്ട് ഇടിക്കുക, ചവിട്ടുക, കടിക്കുക, തുപ്പുക, അടിക്കുക തുടങ്ങിയ മോശം പെരുമാറ്റങ്ങൾക്ക് മൂന്ന് മത്സരം വരെ വിലക്ക് ലഭിച്ചേക്കാം.'
അയർലൻഡിനെതിരായ മത്സരത്തിന്റെ 60ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ചുവപ്പുകാർഡ് കണ്ടു പുറത്തായത്. അയർലാൻഡ് താരം ദാര ഒ'ഷിയയെ കൈമുട്ടുകൊണ്ട് തട്ടിയിട്ടതിനാണ് റൊണാൾഡോയ്ക്ക് ചുവപ്പുകാർഡ് ലഭിച്ചത്. ആദ്യം മഞ്ഞ കാർഡാണ് താരത്തിന് ലഭിച്ചതെങ്കിലും വാർ പരിശേധനയ്ക്ക് ശേഷം കാർഡ് ചുവപ്പായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
