ടെസ്റ്റ് ക്രിക്കറ്റിലെ 'ദി ഗ്രേറ്റസ്റ്റ്' പട്ടികയിൽ ജോ റൂട്ടിന് ഇനി മറികടക്കാനുള്ളത് സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറെ മാത്രം. മാഞ്ചസ്റ്റർ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ റൂട്ട് ടെസ്റ്റ് ഫോർമാറ്റിലെ അതികായരായ രാഹുൽ ദ്രാവിഡ്, ജാക്വസ് കാലിസ്, റിക്കി പോണ്ടിങ് എന്നിവരെ മറികടന്നു.
മാഞ്ചസ്റ്ററിൽ റൂട്ടിന്റെ വ്യക്തിഗത സ്‌കോർ 120ൽ എത്തിയപ്പോഴാണ് ടെസ്റ്റ് ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ജോ റൂട്ട് രണ്ടാമതെത്തിയത്. സച്ചിനെ മറികടക്കാൻ ഇനി 2,542 റൺസ് കൂടിയാണ് വേണ്ടത്.
ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾ
1. സച്ചിൻ ടെൻഡുൽക്കർ 15921
2. ജോ റൂട്ട് 13379*
3. റിക്കി പോണ്ടിങ് 13378
4. ജാക്വസ് കാലിസ് 13289
5. രാഹുൽ ദ്രാവിഡ് 13288
ടെസ്റ്റിൽ 38-ാം തവണയാണ് റൂട്ട് 100 തികയ്ക്കുന്നത്. ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണത്തിൽ ലോകത്ത് നാലാം സ്ഥാനത്തേക്ക് ഉയർന്നു. 51 സെഞ്ചുറികളുമായി സച്ചിൻ ഒന്നാം സ്ഥാനത്താണ്.
ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ
51 സച്ചിൻ ടെണ്ടുൽക്കർ, 45 ജാക്വസ് കാലിസ്, 41 റിക്കി പോണ്ടിങ്, 38 ജോ റൂട്ട്**, 38 കുമാർ സംഗക്കാര, 36 രാഹുൽ ദ്രാവിഡ്, 36 സ്റ്റീവൻ സ്മിത്ത്
ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനായ റൂട്ട് ലോക ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ മുൻപന്തിയിലാണ്. ഫോർമാറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ എന്ന പദവിയിലേക്ക് അദ്ദേഹം അതിവേഗം നീങ്ങുകയാണ്. ഇന്ത്യക്കെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടിയ സ്റ്റീവൻ സ്മിത്തിനെ (11) റൂട്ട് 12-ാം സെഞ്ചുറിയോടെ ഇന്ന് മറികടന്നു. ഇന്ത്യക്കെതിരെ സ്വന്തം നാട്ടിൽ റൂട്ടിന്റെ ഒമ്പതാം ടെസ്റ്റ് സെഞ്ചുറിയാണിത്. സ്വന്തം നാട്ടിൽ ഒരു എതിരാളിക്കെതിരെ ഒരു ബാറ്റ്‌സ്മാൻ നേടുന്ന ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന ഡോൺ ബ്രാഡ്മാന്റെ റെക്കോഡും ഇതോടെ തകർന്നു. ഇന്ത്യക്കെതിരെ നിലവിലെ പരമ്പരയിൽ ലോർഡ്‌സ് ടെസ്റ്റിലും ജോ റൂട്ട് സെഞ്ചുറി നേടിയിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 600 ഫോറുകൾ നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരൻ എന്ന റെക്കോഡും ഇന്നത്തെ മാച്ചിലൂടെ റൂട്ട് സ്വന്തമാക്കി. 5000ത്തിലധികം ഡബ്ലുടിസി റൺസ് നേടിയ ഏക കളിക്കാരനാണ്. ഡബ്ലുടിസിയിൽ 6,000 റൺസ് നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനാകാൻ ഇനി 100ൽ താഴെ റൺസ് മതി. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ 1,000 റൺസ് നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനായും റൂട്ട് മാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്