യൂറോപ്യൻ മണ്ണിൽ ഇന്ത്യൻ ഫുട്‌ബോളിന്റെ അഭിമാനമായി കുതിപ്പ് തുടരുകയാണ് മിനർവ അക്കാദമി എഫ്‌സി.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ യൂത്ത് ഫുട്‌ബോൾ ടൂർണമെന്റുകളിലൊന്നായ ഗോതിയ കപ്പിൽ കിരീടം നിലനിർത്തി മിനർവ വീണ്ടും ചരിത്രം കുറിച്ചു. ഫൈനലിൽ ബ്രസീലിയൻ ടീമായ ആർഎസ് സ്‌പോർട്‌സ് യെല്ലോയെ 2-1ന് തോൽപ്പിച്ചാണ് ഇന്ത്യൻ അക്കാദമിയുടെ സ്വർണനേട്ടം.
ഇതോടെ ഒരാഴ്ചയ്ക്കിടെ രണ്ട് അന്താരാഷ്ട്ര യൂത്ത് കിരീടങ്ങൾ സ്വന്തമാക്കുന്ന അപൂർവ നേട്ടവും മിനർവ കൈവരിച്ചു. അടുത്തിടെ നടന്ന ഹെൽസിങ്കി കപ്പിലും മിനർവ ചാമ്പ്യൻമാരായിരുന്നു.
ഫൈനലിൽ കിപ്‌ഗെൻ താങ്‌സാങ്‌ലൻ നേടിയ ഗോളിലൂടെയാണ് മിനർവ ആദ്യം ലീഡെടുത്തത്.
ബ്രസീലിയൻ ടീം പിന്നീട് സമനില പിടിച്ചെങ്കിലും നിർണായക നിമിഷത്തിൽ ഫ്രീകിക്കിലൂടെ മെഖാംഖ്രാവ് നോങ്‌ട്രെം നേടിയ ഗോൾ മിനർവയ്ക്ക് കിരീടം ഉറപ്പിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ഹെൽസിങ്കി കപ്പിൽ നിലവിലെ ചാമ്പ്യൻമാരായ എച്ച്‌ജെകെ ഹെൽസിങ്കിയെ തോൽപ്പിച്ചായിരുന്നു മിനർവയുടെ മറ്റൊരു കിരീട നേട്ടം.
കഴിഞ്ഞ വർഷം ഇതേ ടീമിനോട് ഫൈനലിൽ തോറ്റതിന്റെ മധുരപ്രതികാരവും കൂടിയായിരുന്നു ആ വിജയം. അന്താരാഷ്ട്ര വേദികളിൽ ഇതിനുമുമ്പും മിനർവ ശ്രദ്ധ നേടിയിട്ടുണ്ട്. ഈ സീസണിൽ സ്‌പെയിനിൽ നടന്ന മെഡിറ്ററേനിയൻ ഇന്റർനാഷണൽ കപ്പിൽ ലിവർപൂൾ എഫ്‌സിയുടെ അണ്ടർ15 ടീമിനെ 60ന് തകർത്തത് ലോക ഫുട്‌ബോൾ ശ്രദ്ധിച്ച പ്രകടനമായിരുന്നു.
നോർവേ കപ്പും ഡാന കപ്പും സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ടീമെന്ന നേട്ടവും ഇതിനകം മിനർവയുടെ പേരിലുണ്ട്. ഇന്ത്യൻ യൂത്ത് ഫുട്‌ബോളിന് ആഗോളതലത്തിൽ പുതിയ പ്രതീക്ഷയും അംഗീകാരവും സമ്മാനിക്കുകയാണ് ഈ അക്കാദമിയുടെ തുടർച്ചയായ വിജയങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
