ന്യൂസിലൻഡ് എയ്ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം ഇന്ത്യ മികച്ച ലീഡിലേക്ക്. 204 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 488 റൺസെന്ന മികച്ച നിലയിലാണ്. 51 റൺസുമായി വാഷിംഗ്ടൺ സുന്ദറും റണ്ണൊന്നുമെടുക്കാതെ ആകാശ്ദീപും ക്രീസിൽ.
മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെയും(199) സായ് സുദർശൻ(91), യാഷ് റാത്തോഡ്(66), ആഖിബ് നബി(38) എന്നിവരുടെ ബാറ്റിംഗ് മികവിന്റെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. രണ്ട് വിക്കറ്റും ഒരു ദിവസവും ശേഷിക്കെ ഇന്ത്യക്കിപ്പോൾ 284 റൺസിന്റെ ആകെ ലീഡുണ്ട്. അവസാന ദിനം മഴ പെയ്യുമെന്ന് പ്രവചനമുള്ളതിനാൽ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാനാണ് സാധ്യത.
നേരത്തെ രണ്ടാം ദിനം 56 റൺസുമായി പുറത്താകാതെ നിന്ന ദേവ്ദത്ത് മൂന്നാം ദിനത്തിൽ കിവീസ് ബൗളർമാരെ കടന്നാക്രമിച്ചാണ് സെഞ്ചുറിയിലെത്തിയത്. ഡബിൾ സെഞ്ചുറിക്ക് ഒരു റൺ അകലെ പേസ് ബൗളർ സാക്ക് ഗിബ്സണിന്റെ പന്തിൽ ദേവ്ദത്ത് വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി പുറത്തായി. 248 പന്തിൽ 24 ഫോറും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു ദേവ്ദത്തിന്റെ ഇന്നിംഗ്സ്.
രണ്ടാം ദിനം ആദ്യ അഞ്ച് ഓവറിനുള്ളിൽ തന്നെ ഓപ്പണർമാരായ കെ.എൽ. രാഹുലിനെയും യശസ്വി ജയ്സ്വാളിനെയും നഷ്ടപ്പെട്ട് തകർച്ചയിലായ ഇന്ത്യയെ ദേവ്ദത്തും സായി സുദർശനും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 215 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഇന്ത്യയെ കരകയറ്റിയത്. 184 പന്തിൽ 91 റൺസെടുത്ത സായ് സുദർശൻ 12 ബൗണ്ടറികൾ പറത്തി.
സുദർശന് ശേഷം ക്രീസിലെത്തിയ യാഷ് റാത്തോഡും ദേവ്ദത്തിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 142 പന്തിൽ 142 റൺസാണ് കൂട്ടിച്ചേർത്തത്. ഇതോടെ ഇന്ത്യയുടെ ലീഡ് 150 റൺസ് കടന്നു. റെഡ് ബോൾ ക്രിക്കറ്റിൽ സമീപകാലത്തായി മികച്ച ഫോമിലാണ് ദേവ്ദത്ത് പടിക്കൽ. ന്യൂസിലൻഡ് എക്കെതിരായ തകർപ്പൻ സെഞ്ചുറിയോടെ ന്യൂസിലൻഡിനെതരായ ആദ്യ ടെസ്റ്റിനുള്ള ടീമിൽ മൂന്നാം നമ്പറിൽ സ്ഥാനമുറപ്പാക്കാനും ദേവ്ദത്ത് പടിക്കലിനായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
