ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആവേശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ഒരു വിക്കറ്റിന്റെ നാടകീയ ജയം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ടാമനായി ക്രീസിലിറങ്ങി അപരാജിത സെഞ്ചുറി നേടിയ ഷദാബ് ഖാന്റെ(113*) ബാറ്റിംഗ് കരുത്തിലാണ് പാകിസ്ഥാൻ ജയം പിടിച്ചെടുത്തത്. 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ ഒരു ഘട്ടത്തിൽ 154-9ലേക്ക് വീണ് തോൽവി ഉറപ്പിച്ചിടത്തു നിന്നാണ് അവസാന വിക്കറ്റ് കൂട്ടുകെട്ടിൽ ഹാരിസ് റൗഫിനൊപ്പം 80 പന്തിൽ 89 റൺസ് കൂട്ടിച്ചേർത്ത് ഷദാബ് പാകിസ്ഥാനെ അവിശ്വസനീയ ജയത്തിലേക്ക് കൈപ്പിടിച്ചുയർത്തിയത്.
19 പന്തിൽ 9 റൺസുമായി ഹാരിസ് റൗഫ് പാക് ജയത്തിൽ നിർണായക പങ്കുവഹിച്ചു. ഷദാബ് 97ൽ നിൽക്കെ ഗസ് ആറ്റ്കിൻസൺ എറിഞ്ഞ തകർപ്പൻ യോർക്കറിൽ ഓൺ ഫീൽഡ് അമ്പയർ ഷദാബിനെ എൽബിഡബ്ല്യു വിളിച്ച് ഔട്ടാക്കിയതോടെ തോൽവി സമ്മതിച്ച് കളിക്കാർ പരസ്പരം കൈകൊടുക്കാൻ ഒരുങ്ങി. ഇംഗ്ലണ്ട് ഡഗ് ഔട്ടിൽ നിന്ന് താരങ്ങൾ വിജയം ആഘോഷിക്കാൻ ഗ്രൗണ്ടിലേക്ക് ഇറങ്ങി. എന്നാൽ അമ്പയർമാർ കളിക്കാരോട് അൽപ്പം കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ടു.
പാകിസ്ഥാന് ജയിക്കാൻ 35 പന്തിൽ 21 റൺസ് വേണമായിരുന്നു അപ്പോൾ. എന്നാൽ അവസാന നിമിഷം ഷദാബ് റിവ്യു എടുത്തു. ഡിആർഎസിൽ ഷദാബിന്റെ ബാറ്റിൽ കൊണ്ടശേഷം പാഡിൽ തട്ടിയ പന്തിലാണ് അമ്പയർ എൽബിഡബ്ല്യു വിധിച്ചതെന്ന് വ്യക്തമായതോടെ ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനം ടിവി അമ്പയർ തിരുത്തി. ഇതോടെ വിജയാഘോഷത്തിനായി കളത്തിലിറങ്ങിയ ഇംഗ്ലീഷ് താരങ്ങൾ തിരികെ ഡഗ് ഔട്ടിലേക്ക് മടങ്ങി. ഷദാബ് ഖാൻ പിന്നീട് ആറ്റ്കിൻസണെതിരെ രണ്ട് ഫോറുകളും ഒരു സിക്‌സറും പറത്തി ടീമിനെ വിജയത്തിന് തൊട്ടടുത്തെത്തിച്ചു. ഒടുവിൽ ഹാരിസ് റൗഫ് ഫോറടിച്ച് പാകിസ്ഥാന് ചരിത്രവിജയം സമ്മാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
