ടി20 പരമ്പരയിലെ മികച്ച വിജയത്തിനു പിന്നാലെ സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. രണ്ടാം ഏകദിനത്തിൽ 121 റൺസിന്റെ വമ്പൻ ജയം നേടിയാണ് ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0ന് മുന്നിലെത്തിയത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ഹർമൻപ്രീത് കൗറിന്റെയും ദീപ്തി ശർമയുടെയും കണ്ണഞ്ചിക്കുന്ന സെഞ്ചുറികളുടെ കരുത്തിൽ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 328 റൺസെന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി.
329 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 48.5 ഓവറിൽ 207 റൺസിന് ഓൾഔട്ടാവുകയായിരുന്നു. സിംബാബ്വെയ്ക്കായി മോഡെസ്റ്റർ മൂപചിക്വ (49), ചിപ്പോ മുഗേരിതിരിപാനോ (46) എന്നിവർ പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. ടീമിലേക്ക് തിരിച്ചെത്തിയ ലെഫ്റ്റ് ആം സ്പിന്നർ വൈഷ്ണവി ശർമ 39 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി മിന്നുന്ന പ്രകടനം പുറത്തെടുത്തു. ബാറ്റിങ്ങിൽ സെഞ്ചുറി നേടിയ ദീപ്തി ശർമ ബോളിങ്ങിലും തിളങ്ങി 3 വിക്കറ്റുകൾ സ്വന്തമാക്കി. ശ്രീ ചരണി, സയാലി സത്ഘാരെ, ജിന്റിമണി കലിത എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജിന്റിമണിയുടെ കരിയറിലെ ആദ്യ ഏകദിന വിക്കറ്റാണിത്. ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. മത്സരത്തിലെ നാലാം പന്തിൽ തന്നെ ക്യാപ്ടൻ സ്മൃതി മന്ദാനയും (0), മൂന്നാം ഓവറിൽ ഷഫാലി വർമയും (8) മടങ്ങിയതോടെ ഇന്ത്യയ്ക്ക് 2 വിക്കറ്റ് നഷ്ടമായി.
എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച പ്രതിക റാവൽ - ഹർമൻപ്രീത് സഖ്യം 124 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 23-ാം ഓവറിൽ പ്രതിക റാവലിനെയും തൊട്ടടുത്ത ഓവറിൽ തേജൽ ഹസാബ്‌നിസിനെയും (3) ന്യാഷ ഗ്വാഞ്ചുറ പുറത്താക്കി. തുടർന്ന് അഞ്ചാം വിക്കറ്റിൽ ഹർമൻപ്രീതിനൊപ്പം ദീപ്തി ശർമ ചേർന്നതോടെ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക് കുതിച്ചു. 137 പന്തിൽ നിന്ന് ഇരുവരും ചേർന്ന് 153 റൺസ് കൂട്ടിച്ചേർത്തു.
വനിതാ ഏകദിനങ്ങളിൽ അഞ്ചാം വിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. സിംബാബ്വെയ്ക്കായി നോംവെലോ സിബാൻഡ 2 വിക്കറ്റും, മിഷേൽ മാവുംഗ, ടെൻഡായി മകുഷ, ഒലിൻഡർ ചാരെ, ന്യാഷ ഗ്വാഞ്ചുറ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
