അർജന്റീനിയൻ മുന്നേറ്റനിര താരം ഹൂലിയൻ അൽവാരസിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾക്കിടെ ചട്ടലംഘനം നടത്തിയതിന് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ (RFEF) ക്ലബ്ബ് ബാഴ്‌സലോണയ്ക്ക് 602 യൂറോ പിഴ ചുമത്തി. അത്‌ലറ്റിക്കോ മാഡ്രിഡിൽ 2030 വരെ കരാറുള്ള താരവുമായി അവരുടെ അനുമതിയില്ലാതെ ബാഴ്‌സ ചർച്ച നടത്തി എന്ന പരാതിയിലാണ് നടപടി.
അസോസിയേഷൻ റെഗുലേഷനിലെ ആർട്ടിക്കിൾ 133 പ്രകാരമാണ് ഈ പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. സംഭവത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ് അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫയ്ക്കും പരാതി നൽകിയിരുന്നെങ്കിലും വിഷയം തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ഫിഫ അത് തള്ളുകയായിരുന്നു. ബാഴ്‌സലോണയ്ക്ക് ലഭിച്ച സാമ്പത്തിക പിഴ തുക ചെറുതാണെങ്കിലും, ഈ ട്രാൻസ്ഫർ തർക്കം അത്‌ലറ്റിക്കോ ആരാധകരും അൽവാരസും തമ്മിൽ ഭിന്നതയുണ്ടാക്കാൻ കാരണമായിരുന്നു.
അതിനിടെ, കഴിഞ്ഞ മത്സരത്തിൽ ഡെപ്പോർട്ടീവോ ലാ കൊരൂണയ്‌ക്കെതിരെ ഗോൾ നേടി അത്‌ലറ്റിക്കോയെ വിജയത്തിലേക്ക് നയിച്ച ശേഷം അൽവാരസ് ആരാധകരോട് മാപ്പുപറഞ്ഞു. ബാഴ്‌സലോണയിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് മുൻപ് നടത്തിയ പരാമർശം വലിയ തെറ്റായിരുന്നുവെന്നും അത്‌ലറ്റിക്കോ ആരാധകരുടെ പ്രതിഷേധം ന്യായമാണെന്നും അൽവാരസ് വ്യക്തമാക്കി. മത്സരത്തിലെ മികച്ച പ്രകടനത്തോടെ ഗ്രൗണ്ടിൽ നിന്ന് കയ്യടികളോടെയാണ് ആരാധകർ താരത്തെ യാത്രയാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
