കോമൺവെൽത്ത് ഗെയിംസിൽ കളത്തിലിറങ്ങും മുമ്പ് മെഡൽ ഉറപ്പിച്ച് ലവ്‌ലിന ബോർഗോഹെയ്ൻ

JULY 24, 2026, 6:25 AM

ഗ്‌ലാസ്‌ഗോ: സ്‌കോട്ട്‌ലാൻഡിലെ ഗ്ലാസ്‌ഗോ വേദിയാകുന്ന കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിന് മുമ്പ് കളത്തിലിറങ്ങാതെ ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ച് വനിതാ ബോക്‌സർ ലവ്‌ലിന ബോർഗോഹെയ്ൻ. ബോക്‌സിംഗിൽ വനിതകളുടെ 75 കിലോഗ്രാം (മിഡിൽവെയ്റ്റ്) വിഭാഗത്തിൽ സെമിയിലേക്ക് നേരിട്ട് ബൈ ലഭിച്ചതോടെയാണ് ലവ്‌ലിന മെഡലുറപ്പിച്ചത്. കോമൺവെൽത്ത് ഗെയിംസിലെ നിയമമനുസരിച്ച് സെമി ഫൈനലിൽ പരാജയപ്പെട്ടാലും വെങ്കലമെഡൽ ലഭിക്കും. ഈ മാസം 31ന് നടക്കുന്ന സെമി ഫൈനലിൽ ടുവാലുവിന്റെ ടാഫക്കിയാണ് ലവ്‌ലിനയുടെ എതിരാളി. ഈ മത്സരത്തിൽ ജയിച്ചാൽ ലവ്‌ലിനയ്ക്ക് ഫൈനലിലെത്താം.

പ്രധാന മത്സരങ്ങളിൽ കോമൺവെൽത്ത് ഗെയിംസിൽ മാത്രമാണ് ലവ്‌ലിനയ്ക്ക് മെഡലില്ലാതിരുന്നത്. എന്നാൽ ആ നിരാശ ഇത്തവണ റിംഗിൽ കയറുന്നതിന് മുമ്പ് തന്നെ മാറ്റാൻ ലവ്‌ലിനയ്ക്കായി. 2022ൽ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ആസാം സ്വദേശിയായ ലവ്‌ലിന ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലും മെഡൽ നേടിയിട്ടുണ്ട്.

മത്സരിക്കാൻ 5 പേർ

vachakam
vachakam
vachakam

മത്സരയിനങ്ങൾ വെട്ടിക്കുറച്ച് ചിലവ് കുറച്ച് നടത്തുന്ന ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസിൽ ലവ്‌ലിനയുടെ ഇനമായ വനിതകളുടെ ബോക്‌സിംഗ് 75 കിലോഗ്രാം വിഭാഗത്തിൽ 5 പേരെ മത്സരിക്കാനുണ്ടായിരുന്നുള്ളൂ. ഇതിൽ ലവ്‌ലിന ഉൾപ്പെടെ മൂന്ന് താരങ്ങൾക്ക് സെമിയിലേക്ക് നേരിട്ട് ബൈ ലഭിച്ചു. ബാക്കിയുള്ള രണ്ട് താരങ്ങൾ തമ്മിൽ ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്നയാൾ സെമിയിലെത്തും.

പുതുൽ സൂപ്പർ

പുരുഷൻമാരുടെ ലോൺബോൾസ് സിംഗിൾസിൽ ഇന്ത്യയുടെ പുതുൽ സോണോവലിന് കോമൺവെൽത്ത് ഗെയിംസ് അരങ്ങേറ്റ മത്സരത്തിൽ ഗംഭീരജയം. ആദ്യ മത്സരത്തിൽ ലോക ഔട്ട്‌ഡോർ സിംഗിൾസ് ചാമ്പ്യനായ കാനഡയുടെ റയാൻ ബെസ്റ്ററെ അട്ടിമറിച്ചാണ് പുതുൽ ചരിത്ര വിജയം നേടിയത്. സെക്ഷൻ ഡിയിലെ ആദ്യ മത്സരത്തിൽ ടൈബ്രേക്കറിലായിരുന്നു പുതുലിന്റെ ജയം.

vachakam
vachakam
vachakam

ആദ്യ സെറ്റ് ഇന്ത്യൻ താരം (5-4) നേടിയപ്പോൾ, രണ്ടാമത്തെ സെറ്റ് (7-3) കനേഡിയൻ താരം തിരിച്ചുപിടിച്ചു. എന്നാൽ നിർണായകമായ ടൈബ്രേക്കർ ജയിച്ചുകയറിയ പുതുൽ മത്സരം സ്വന്തമാക്കുകയായിരുന്നു.

വനിതകളുടെ പെയേഴ്‌സ് വിഭാഗത്തിൽ ഇന്ത്യയുടെ രൂപ റാണി തിർക്കി, പിങ്കി സിംഗ് സഖ്യം മാൾട്ടയെ പരാജയപ്പെടുത്തി ഗ്രൂപ്പ് ഘട്ടത്തിൽ ജയത്തോടെ തുടങ്ങി.

ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട അരുൺ പുറത്ത്

vachakam
vachakam
vachakam

അതേസമയം ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ജൂഡോ താരം അരുൺകുമാർ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ നിന്ന് പുറത്തായി. ചൈനയിൽ നടന്ന ഗ്രാൻപ്രീക്കിടെ നടത്തിയ ഉത്തേജക പരിശോധനയിലാണ് 21കാരനായ അരുൺ പരാജയപ്പെട്ടത്. ഇതോടെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) അരുണിനെ സസ്‌പെൻഡ് ചെയ്തു.

അതേസമയം കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ജൂഡോ ടീം യാത്ര പുറപ്പെട്ടിട്ടില്ല. ഈ മാസം 31 മുതലാണ് ജൂഡോ മത്സരങ്ങൾ ആരംഭിക്കുന്നത്. പുരുഷന്മാരുടെ 73 കിലോഗ്രാമിൽ മത്സരിക്കുന്ന അരുൺ മക്കാവു ജൂനിയർ ഏഷ്യൻ കപ്പിലും, 2025ലെ തായ്‌പേയ് ഏഷ്യൻ ഓപ്പണിലും സ്വർണം നേടിയിട്ടുണ്ട്. ആർമിയുടെ താരമായ അരുൺ ഡൽഹി സ്വദേശിയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam