മുംബൈ: ഏകദിന വനിതാ ലോകകപ്പ് സെമി ഫൈനലിന് മുന്‍പ് ഇന്ത്യന്‍ ടീമില്‍നിന്നും പരിക്കേറ്റ് പുറത്തായെങ്കിലും വിജയികള്‍ക്കുള്ള മെഡല്‍ തനിക്കും ലഭിക്കുമെന്ന് ഐസിസി ചെയര്‍മാന്‍ ജയ് ഷാ ഉറപ്പ് നല്‍കിയതായി ഇന്ത്യന്‍ ഓപ്പണര്‍ പ്രതിക റാവല്‍. ടൂര്‍ണമെന്റിനിടെ പരിക്കേറ്റ താരം ഇന്ത്യന്‍ ടീമില്‍ നിന്നു പുറത്തായിരുന്നു.
'എനിക്കും മെഡല്‍ ലഭിക്കുമെന്ന് ജയ് ഷാ ഞങ്ങളുടെ മാനേജരെ അറിയിച്ചിരുന്നു. അവസാനം എനിക്കും ലോകകപ്പ് മെഡല്‍ ലഭിച്ചു. അതിലേക്ക് നോക്കിയപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. ഞാന്‍ ഒരുപാട് കരയുന്ന ആളല്ല. പക്ഷേ ആ സമയത്ത് ശരിക്കും അത് സംഭവിച്ചുപോയി.'' പ്രതിക റാവല്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
ലോകകപ്പില്‍ ബംഗ്ലദേശിനെതിരായ മത്സരത്തിനിടെയാണ് പ്രതികയുടെ വലത് കാലിനു പരുക്കേറ്റത്. ആറ് മത്സരങ്ങളില്‍ നിന്ന് 308 റണ്‍സുമായി തിളങ്ങിയ പ്രതിക, ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ്. പരിക്കേറ്റതോടെ താരത്തിന് ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനലും ഫൈനലും നഷ്ടമായി. ഒരു സെഞ്ചറിയും അര്‍ധ സെഞ്ചറിയും നേടിയ പ്രതികയുടെ ഇന്നിങ്‌സുകള്‍ സെമി ഫൈനല്‍ ഉറപ്പിക്കുന്നതില്‍ ഇന്ത്യയ്ക്ക് നിര്‍ണായകമായിരുന്നു. ഈ സാഹചര്യത്തിലാണ് ജയ് ഷാ ഇടപെട്ട് പ്രതികയ്ക്കും മെഡല്‍ ലഭ്യമാക്കിയത്. പ്രതിക റാവലിനു പകരം ലോകകപ്പ് ടീമിലെത്തിയ ഷെഫാലി വര്‍മ ഫൈനലില്‍ അടക്കം ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്.
ടീമില്‍ നിന്നും പുറത്തായെങ്കിലും പ്രതികയെ വീല്‍ ചെയറില്‍ ഇരുത്തി ഇന്ത്യയുടെ വിജയാഘോഷത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയില്‍ നടന്ന വിരുന്നിലും ബിസിസിഐ പങ്കെടുപ്പിച്ചിരുന്നു. അപ്പോഴും സ്വന്തമായി ലോകകപ്പ് മെഡല്‍ ലഭിക്കാത്തത് പ്രതികയ്ക്ക് നിരാശയായിരുന്നു. നിയമപ്രകാരം ലോകകപ്പിനിടെ ഒരു താരം ടീമില്‍ നിന്നും പുറത്തായാല്‍, ആ താരത്തിന് വിജയികള്‍ക്കുള്ള മെഡല്‍ ലഭിക്കില്ല. 15 അംഗ ടീമിനാണ് മെഡലുകള്‍ ലഭിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
