പെർത്ത് ടെസ്റ്റിൽ ഓസ്‌ട്രേലിയൻ ചെറുത്ത്‌നില്പിന് ഇന്ത്യയുടെ വിജയം അല്പമൊന്ന് വൈകിപ്പിക്കാൻ മാത്രമേ കഴിഞ്ഞുള്ളു. ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ 295 റൺസിന്റെ കൂറ്റൻ ജയമാണ് ബുമ്ര നയിച്ച ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പരയിൽ 1-0 ലീഡ് നേടാനും സന്ദർശകർക്കായി. ഓസ്‌ട്രേലിയക്കെതിരെ റൺ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വിജയവുമാണിത്. സ്‌കോർ ഇന്ത്യ: 150, 487/6ഡിക്ലെയർ ഓസ്‌ട്രേലിയ: 104, 238. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത സജീവമാക്കാനും ഇന്ത്യക്ക് സാധിച്ചു.
ഇന്ന് വാലറ്റക്കാരെ പുറത്താക്കി വാഷിംഗ്ടൺ സുന്ദറാണ് ഇന്ത്യക്ക് അവസാന ചിരി സമ്മാനിച്ചത്. മൂന്നു വിക്കറ്റ് വീതം പിഴുത ബുമ്രയും സിറാജും ചേർന്നാണ് രണ്ടാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയയുടെ അടിവേരിളക്കിയത്.
ഹർഷിത് റാണയ്ക്കും നിതീഷ്‌കുമാറിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. വാലറ്റത്ത് 36 റൺസുമായി പൊരുതിയ അലക്‌സ് ക്യാരിയുടെ കുറ്റി പിഴുത് ഹർഷിദ് ആണ് ഓസ്‌ട്രേലിയയുടെ തോൽവിഭാരം വീണ്ടും വർദ്ധിപ്പിച്ചത്. 534 റൺസിന്റെ റൺമലയാണ് ഓസ്‌ട്രേലിയ പിന്തുടർന്നത്. മറുപടി ബാറ്റിങ്ങിൽ 58.4 ഓവറിൽ 238 റൺസെടുക്കാനെ അവർക്കായുള്ളു. 89 റൺസ് നേടി ട്രാവിസ് ഹെഡാണ് ടോപ് സ്‌കോറർ. മിച്ചൽ മാർഷ് 47 റൺസെടുത്തു. അലക്‌സ് ക്യാരി 36 റൺസുമായി പുറത്തായി.
മിച്ചൽ മാർഷ്-ട്രാവിസ് ഹെഡ് സഖ്യം 87 പന്തിൽ 82 റൺസ് ചേർത്ത് ഏകദിന ശൈലിയിൽ ബാറ്റ് വീശുമ്പോഴാണ് ബുമ്രയുടെ വരവ്. ഹെഡിനെ പന്തിന്റെ കൈയിലെത്തിച്ചാണ് ഓസ്‌ട്രേലിയയുടെ വലിയൊരു പ്രതീക്ഷ ഇല്ലാതാക്കിയത്. നേരത്തെ സ്മിത്ത് -ഹെഡ് സഖ്യം 62 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി ഭീഷണി തീർത്തപ്പോൾ സ്മിത്തിനെ കൂടാരം കയറ്റി സിറാജാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഇന്ന് രാവിലെ ഉസ്മാൻ ഖവാജയെ വീഴ്ത്തി സിറാജാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഇന്നലെ മൂന്നുപേരെ വീഴ്ത്തി ഇന്ത്യ നയം വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്