വിശാഖപട്ടണം: ബാറ്റിംഗിലും ബൗളിംഗിലും യഥാർത്ഥ മികവിലേക്ക് തിരിച്ചെത്തിയ ടീം ഇന്ത്യ നിർണായക പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് കീഴടക്കി ഏകദിന പരമ്പര സ്വന്തമാക്കി. ടെസ്റ്റിലെ സമ്പൂർണ തോൽവിയ്ക്ക് ദക്ഷിണാഫ്രിയോടുള്ള പകരം വീട്ടലായി ഇന്ത്യയ്ക്ക് ഏകദിന പരമ്പര നേട്ടം. ഇന്നലെ വിശാഖപട്ടണം വേദിയായ ഏകദിന പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 47.5 ഓവറിൽ 270 റൺസിന് ഓൾ ഔട്ടായി.
വിജയലക്ഷ്യത്തിലേക്ക് അനായാസം ബാറ്റ് വീശീയ ഇന്ത്യ 39.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (271/1). പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യമത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ജയിച്ചതോടെ മൂന്നാം അങ്കം ശരിക്കും ഫൈനലാവുകയായിരുന്നു. ഇനി 9ന് 5 മത്സരങ്ങൾ ഉൾ പ്പെട്ട ട്വന്റി20 പരമ്പരയിൽ ഇരുടീമും ഏറ്റുമുട്ടും.
പരമ്പരയിൽ ആദ്യമായി ഫോമിലേക്കുയർന്ന് സെഞ്ചുറിയുമായി പുറത്താകാതെ ഇന്ത്യയെ വിജയലക്ഷ്യത്തിച്ച യശ്വസി ജയ്‌സ്വാളാണ് ഇന്നലെ ചേസിംഗിലെ മുന്നിണിപ്പോരാളിയായത്. 129 പന്ത് നേരിട്ട യശ്വസി 12 ഫോറും 2 സിക്‌സും ഉൾപ്പെടെ 116 റൺസ് നേടി. മികച്ച ഫോമിലുള്ള സീനിയർ താരങ്ങളായ രോഹിത് ശർമ്മയും(73 പന്തിൽ 75), വിരാട് കൊഹ്‌ലിയും (പുറത്താകാതെ 45 പന്തിൽ 65) തങ്ങളുടെ റോൾ ഭംഗിയാക്കി യശ്വസിയ്ക്ക് മികച്ച പിന്തുണ നൽകി. തുടക്കം മുതൽ ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് ഒരവസരവും നൽകാതെയാണ് യശ്വസിയും രോഹിതും മുന്നേറിയത്.
ഇരുവരും ഒന്നാം വിക്കറ്റിൽ 25.5 ഓവറിൽ (155 പന്തിൽ) 155 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. രോഹിതിനെ പുറത്താക്കി കേശവ് മഹാരാജാണ് കൂട്ടുകെട്ട് പൊളിച്ചത്. ബ്രീറ്റ്‌സ്‌കയാണ് ക്യാച്ചെടുത്തത്. രോഹിത് 3 സിക്‌സും 7 ഫോറും അടിച്ചു. പകരമെത്തിയ വിരാട് കോഹ്ലി അനായാസം യശ്വസിക്കൊപ്പം ബാറ്റ് വീശിയതോടെ ഇന്ത്യ ലക്ഷ്യത്തിലേക്ക് വേഗം അടുത്തു. തകർക്കപ്പെടാത്ത രണ്ടാം വിക്കറ്റിൽ ഇരുവരും 84 പന്തിൽ 116 റൺസ് അടിച്ചെടുത്തു, കൊഹ്‌ലി 6 ഫോറും 3സ്‌ക്‌സും അടിച്ചെടുത്തു.
നേരത്തേ വിക്കറ്റ് കീപ്പർ ബാറ്ററും ഓപ്പണറുമായ ക്വിന്റൺ ഡി കോക്കിന്റെ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്. 89 പന്ത് നേരിട്ട് 8 ഫോറും 6 സിക്‌സും ഉൾപ്പെടെ ഡി കോക്ക് 106 റൺസ് നേടി. ഇന്ത്യയ്ക്ക് 4 വിക്കറ്റ് വീതം വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും കുൽദീപ് യാദവുമാണ് ദക്ഷിണാണഫ്രിക്കയുടെ റണ്ണൊഴുക്കിന് തടയിട്ടത്.
ഡി കോക്കിനെ കൂടാതെ ക്യാപ്ടൻ ടെംബ ബവുമയ്ക്ക് (48) മാത്രമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാരിൽ തിളങ്ങാനായുള്ളൂ. ഡെവാൾഡ് ബ്രെവിസ് (29), മാത്യു ബ്രീറ്റ്‌സ്‌കെ (24) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. റിക്കൽറ്റൺ (0), എയ്ഡൻ മർക്രം (1), കോർബിൻ ബോഷ് (9), മാർക്കോ ജാൻസൺ (17) എന്നിവർ നിരാശപ്പെടുത്തി.
തുടർച്ചയായി 20 ഏകദിനങ്ങളിലെ ടോസ് നഷ്ടത്തിന് ശേഷം 21-ാം മത്സരത്തിൽ ടോസ് നേടി ഇന്ത്യ. വലംകൈയ്യനായ ക്യാപ്ടൻ കെ.എൽ രാഹുൽ വിശാഖപട്ടണത്ത് ഇടതു കൈ ഉപയോഗിച്ച് കോയിൻ വായുവിൽ കറക്കി എറിഞ്ഞാണ് ടോസ് സ്വന്തമാക്കിയത്. ടോസ് നിർണായക ഘടമായ മൈതാനത്ത് മഞ്ഞ് വീഴ്ച പരിഗണിച്ച് രാഹുൽ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
2023ലെ ലോകകപ്പിൽ സെമി ഫൈനലിൽ ന്യൂസിലാൻഡിനെതിരെയാണ് ഇതിന് മുമ്പ് അവസാനമായി ഏകദിനത്തിൽ ഇന്ത്യയ്ക്ക് ടോസ് ലഭിക്കുന്നത്.
ഇന്ത്യൻ ടീമിൽ വാഷിംഗ്ടൺ സുന്ദറിന് പകരം തിലക് വർമ്മ ഇടം നേടി. ദക്ഷിണാഫ്രിക്കൻ ടീമിൽ പരിക്കിന്റെ പിടിയിലായ ബർഗറിനും ഡി സോർസിക്കും പകരം റിക്കൽറ്റണും ബിയർട്ട്മാനും കളിച്ചു. സെഞ്ച്വറി നേടിയ യശ്വസി ജയ്‌സ്വാളാണ് കളിയിലെ താരം, രണ്ട് സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ ആകെ 302 റൺസ് നേടിയ വിരാട് കോഹ്ലിയാണ് പരമ്പരയിലെ താരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
