യോഗ്യതാ റൗണ്ടിലെ അഞ്ചാം മത്സരത്തിൽ യുക്രെയ്‌നെ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് കീഴടക്കി നിലവിലെ ലോകകപ്പ് റണ്ണേഴ്‌സ് അപ്പും മുൻ ചാമ്പ്യന്മാരുമായ ഫ്രാൻസ് 2026ലെ ഫിഫ ലോകകപ്പിന് ടിക്കറ്റെടുത്തു. ഇരട്ട ഗോളുകൾ നേടിയ നായകൻ കിലിയൻ എംബാപ്പെയും ഓരോ ഗോളടിച്ച മിഷേൽ ഒലീസും ഹ്യൂഗോ എകിറ്റിക്കെയും ചേർന്നാണ് ഫ്രഞ്ച് വിജയമൊരുക്കിയത്.
രണ്ടാം പകുതിയിലാണ് നാലുഗോളുകളും പിറന്നത്. 55-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ എംബാപ്പെ തുടക്കമിട്ടു. 76-ാം മിനിട്ടിൽ ഒലീസ് വലകുലുക്കി. 83-ാം മിനിട്ടിൽ എംബാപ്പെയുടെ രണ്ടാം ഗോൾ. 88-ാം മിനിട്ടിൽ എകിറ്റിക്കെ പട്ടിക പൂർത്തിയാക്കി. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ഡിയിൽ അഞ്ചുമത്സരങ്ങളിൽ നാലിലും ജയിച്ച ഫ്രാൻസ് 13 പോയിന്റുമായാണ് യോഗ്യന്മാരായത്.
മറ്റൊരു മത്സരത്തിൽ എസ്‌തോണിയയെ 4-1ന് തോൽപ്പിച്ച നോർവേ ഗ്രൂപ്പ് ഐയിൽ 21 പോയിന്റുമായി ലോകകപ്പിലേക്ക് തിരിച്ചുവരുന്നതിന് അടുത്തെത്തി. മോൾഡോവയെ 2-0ത്തിന് തോൽപ്പിച്ച ഇറ്റലി 18 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഞായറാഴ്ച ഇറ്റലിയും നോർവേയും തമ്മിലുള്ള മത്സരം ഗ്രൂപ്പ് ജേതാക്കളെ നിർണയിക്കുന്നതിലും ലോകകപ്പ് ബർത്ത് നിശ്ചയിക്കുന്നതിലും നിർണായകമാകും. നേരത്തേതന്നെ ലോകകപ്പ് യോഗ്യത നേടിയ ഇംഗ്‌ളണ്ട് കഴിഞ്ഞരാത്രി സെർബിയയെ 2-0ത്തിന് തോൽപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
