ബ്യൂണസ് ഐറിസ്: നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അർജന്റീനൻ ഫുട്ബോൾ അസോസിയേഷനെതിരെ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. അർജന്റീനൻ മാധ്യമമായ 'ലാ നാസിയോണി'നെ ഉദ്ധരിച്ച് ഫോക്സ് സ്പോർട്സ് ആണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തുവിട്ടത്. ഫിഫ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ഈജിപ്തുമായുള്ള മത്സരത്തിൽ അർജന്റീനയ്ക്ക് അനുകൂലമായി റഫറിമാർ ഒത്തുകളിച്ചെന്ന വിവാദങ്ങൾ കത്തുന്നതിനിടയിലാണ് അസോസിയേഷനെ പ്രതിരോധത്തിലാക്കി എഫ്.ബി.ഐയുടെ അന്വേഷണവും വരുന്നത്.
ക്ലോഡിയോ ടാപിയ നയിക്കുന്ന അർജന്റീനൻ ഫുട്ബോൾ അസോസിയേഷൻ യു.എസിൽ വൻ സാമ്പത്തിക തിരിമറികൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ സാമ്പത്തിക സംവിധാനത്തിലൂടെ എ.എഫ്.എ കോടിക്കണക്കിന് ഡോളർ എങ്ങനെ കൈകാര്യം ചെയ്തുവെന്നും, ഇതിൽ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നുമാണ് എഫ്.ബി.ഐ പ്രധാനമായും അന്വേഷിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച പ്രമുഖ ബിസിനസുകാരനായ ഗില്ലെർമോ ടോഫോണിയെ എഫ്.ബി.ഐ ചോദ്യം ചെയ്തതായി അർജന്റീനിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. അസോസിയേഷന്റെ വിദേശ വാണിജ്യ കരാറുകൾ കൈകാര്യം ചെയ്തിരുന്ന എ.എഫ്.എയിലും ടൂർപ്രോഡ് എന്റർ എൽ.എൽ.സിയിലും, ക്ലോഡിയോ ടാപിയ, പാബ്ലോ ടോവിഗ്ഗിനോ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നേരിട്ട് അറിവുള്ള സാക്ഷികളെ എഫ്.ബി.ഐ തിരയുകയാണ്. ഏകദേശം 42 മില്യൺ ഡോളറോളം വരുന്ന വരുമാനം എ.എഫ്.എയ്ക്ക് ലഭിച്ചിരിക്കുന്നത് ഫ്ലോറിഡയിലുള്ള ഷെൽ കമ്പനികളിലൂടെയാണെന്ന കടുത്ത ആരോപണവും ഉയർന്നിട്ടുണ്ട്.
അതേസമയം, തങ്ങൾക്കെതിരെ ഉയർന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അർജന്റീനൻ ഫുട്ബോൾ അസോസിയേഷൻ മാനേജ്മെന്റ് പൂർണ്ണമായി നിഷേധിച്ചു. മാധ്യമങ്ങളിൽ വരുന്നത് തികച്ചും അടിസ്ഥാനരഹിതമായ റിപ്പോർട്ടുകളാണെന്ന് എ.എഫ്.എ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
