ലോകകപ്പിൽ കോംഗോയ്‌ക്കെതിരായ മത്സരത്തിൽ പോർച്ചുഗൽ സമനില വഴങ്ങിയതിന് പിന്നാലെ ടീമിനുള്ളിൽ ശീതസമരമെന്ന് ശക്തമായ അഭ്യൂഹം. സാമൂഹിക മാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയായതോടെ പ്രതികരണവുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും സഹതാരം റൂബൻ ഡിയാസും രംഗത്തെത്തി.
"ഞങ്ങളെല്ലാം ഒറ്റക്കെട്ടാണ്" എന്ന് സഹതാരങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ടീമിന്റെ മോശം പ്രകടനത്തിൽ ഒരാളെ മാത്രം പഴിക്കുന്നത് ശരിയല്ലെന്ന് പ്രതിരോധ താരം റൂബൻ ഡിയാസും വ്യക്തമാക്കി.
മത്സരത്തിന് പിന്നാലെ ആരാധകർ ചേരിതിരിഞ്ഞ് ആക്രമണം ആരംഭിക്കുകയും അത് കളിക്കാരുടെ കുടുംബാംഗങ്ങളിലേക്ക് വരെ നീളുകയും ചെയ്തതോടെയാണ് താരങ്ങൾ പരസ്യ പ്രതികരണത്തിന് മുതിർന്നത്. കോംഗോയ്‌ക്കെതിരെ പോർച്ചുഗൽ സമനില വഴങ്ങിയതോടെ ഒരുകൂട്ടം ആരാധകർ റൊണാൾഡോയെ പ്രതിസ്ഥാനത്ത് നിർത്തി വിമർശിച്ചിരുന്നു. എന്നാൽ ടീമിന്റെ ഒത്തിണക്കമില്ലായ്മയാണ് പ്രശ്നമെന്ന് മുൻ താരങ്ങൾ ഉൾപ്പെടെയുള്ള മറ്റൊരു വിഭാഗം ചൂണ്ടിക്കാണിച്ചു.
രംഗം വഷളാകുമെന്ന് കണ്ടതോടെയാണ് റൊണാൾഡോയ്ക്ക് പിന്തുണയുമായി റൂബൻ ഡിയാസ് എത്തിയത്. പുറത്തുകേൾക്കുന്നത് വെറും ബഹളങ്ങൾ മാത്രമാണെന്നും മത്സരത്തിന്റെ ഉത്തരവാദിത്തം റൊണാൾഡോയ്ക്ക് മാത്രമല്ലെന്നും ഡിയാസ് ഓർമ്മിപ്പിച്ചു.
മത്സരത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, അദ്ദേഹം ടീമിലെ ഒരു സാധാരണ താരം മാത്രമല്ലേ? എന്ന യുവതാരം ജാവോ നെവസിന്റെ മറുപടിയാണ് റൊണാൾഡോ ആരാധകരെ ചൊടിപ്പിച്ചത്. ഇത് ടീമിനുള്ളിലെ പടലപ്പിണക്കത്തിന്റെ തെളിവായി ആരാധകർ വ്യാഖ്യാനിച്ചു. തുടർന്ന് നെവസിന്റെ കാമുകിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് റൊണാൾഡോ ആരാധകർ കൂട്ടത്തോടെയെത്തി സൈബർ ആക്രമണം നടത്തിയതിനെ തുടർന്ന് അവർക്ക് കമന്റ് ബോക്സ് പൂട്ടേണ്ടി വന്നു.
വിമർശനങ്ങൾ ശക്തമാകുമ്പോൾ പരിശീലകൻ റോബർട്ടോ മാർട്ടിനസിന്റെ തന്ത്രങ്ങളും ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്. മധ്യനിരയിൽ നിന്ന് അതിവേഗം പന്ത് ബോക്സിലേക്ക് എത്തിക്കാൻ കഴിവുള്ള മികച്ച താരങ്ങൾ ഉണ്ടായിട്ടും, പോർച്ചുഗലിനെ വെറുമൊരു പാസിങ് ടീം മാത്രമാക്കി കോച്ച് മാറ്റി എന്നാണ് പ്രധാന ആക്ഷേപം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
