മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് പ്ലേമേക്കർ ബ്രൂണോ ഫെർണാണ്ടസിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ സീസണിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ബഹുമതി.
ഈ മാസം ആദ്യം ഫുട്‌ബോൾ റൈറ്റേഴ്‌സ് അസോസിയേഷന്റെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയതിന് പിന്നാലെയാണ് പ്രീമിയർ ലീഗിന്റെ ഔദ്യോഗിക പുരസ്‌കാരവും ബ്രൂണോയെ തേടിയെത്തിയത്. സീസണിലുടനീളം യുണൈറ്റഡിനായി നടത്തിയ തകർപ്പൻ പ്രകടനമാണ് താരത്തെ ഈ നേട്ടത്തിന് അർഹനാക്കിയത്.
കഴിഞ്ഞ കുറച്ചുകാലമായി ഫോം കണ്ടെത്താനാകാതെ ഉലഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തവണ ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് കളി അവസാനിപ്പിച്ചത്. സീസണിന്റെ പകുതിയിൽ ടീമിന്റെ ഇടക്കാല പരിശീലകനായി ചുമതലയേറ്റ മൈക്കൽ കാരിക്കിന് കീഴിൽ യുണൈറ്റഡ് നടത്തിയ അവിശ്വസനീയമായ തിരിച്ചുവരവിന് ചുക്കാൻ പിടിച്ചത് ബ്രൂണോ ഫെർണാണ്ടസ് ആയിരുന്നു.
ലീഗിൽ സഹതാരങ്ങൾക്കായി 132 ഗോളവസരങ്ങൾ സൃഷ്ടിച്ച പോർച്ചുഗൽ മധ്യനിര താരം, 20 അസിസ്റ്റുകളും തന്റെ പേരിൽ കുറിച്ചു. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ 20 അസിസ്റ്റുകൾ നേടുന്ന മൂന്നാമത്തെ താരം മാത്രമാണ് ബ്രൂണോ.
ആഴ്‌സണലിന്റെ ഇതിഹാസ താരം തിയറി ഹെൻറി, മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയിനെ എന്നിവർ മാത്രമാണ് ഇതിന് മുൻപ് ഒരു പ്രീമിയർ ലീഗ് സീസണിൽ 20 അസിസ്റ്റുകൾ നൽകിയിട്ടുള്ളത്. ലീഗ് കിരീടം നേടിയ ആഴ്‌സണലിന്റെയും റണ്ണേഴ്‌സ് അപ്പായ മാഞ്ചസ്റ്റർ സിറ്റിയുടെയും പ്രമുഖ താരങ്ങളെ പിന്തള്ളിയാണ് ബ്രൂണോ ഫെർണാണ്ടസ് ഈ വ്യക്തിഗത പുരസ്‌കാരം സ്വന്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
