ഓവൽ: നിർണായകമായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം ഓവലിൽ ബൗളർമാരുടെ വിളയാട്ടം. ഇന്ത്യയെ ഒന്നാം ഇന്നിംഗ്‌സിൽ 224 റൺസിന് ഓൾ ഔട്ടാക്കി ഒന്നാം ഇന്നിംഗ്‌സിനിറങ്ങിയ ഇംഗ്ലണ്ടും 247 റൺസെടുക്കുന്നതിടെ എല്ലാവരും പുറത്തായി.
തുടർന്ന് രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ രണ്ടാം ദിവസം കളി നിറുത്തുമ്പോൾ 7 റൺസെടുത്ത കെ.എൽ രാഹുലിന്റെയും 11 റൺസെടുത്ത സായി സുദർശന്റെയും വിക്കറ്റ് നഷ്ടത്തിൽ 72 റൺസെടുത്തിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയ്ക്ക് 52 റൺസ് ലീഡുണ്ട്. ജെയ്‌സ്‌വാൾ 51റൺസും രാത്രികവാൽക്കാരനായ അക്ഷയ് ദീപ് 4 റൺസുമെടുത്ത് പുറത്താകാതെ നിൽക്കുന്നു.
204/6 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യയുടെ ചെറുത്ത് നിൽപ്പ് വെറും 34 ബോളിൽ അവസാനിച്ചു. 5 വിക്കറ്റ് നേടിയ ഗസ് അറ്റ്കിൻസണാണ് ഇന്നലെ ഇന്ത്യയുടെ തകർച്ച വേഗത്തലാക്കിയത്. കരുൺ നായരും (57), മാഞ്ചസ്റ്ററിൽ ഹീറോയായ വാഷിംഗ്ടൺ സുന്ദറും (26) പിടിച്ചു നിൽക്കുമെന്നുള്ള പ്രതീക്ഷകൾ അസ്ഥാനിക്കി ജോഷ് ടംഗാണ് ഇന്നലെ ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്.
ടീം സ്‌കോർ 218ൽ വച്ച് കരുണിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ടംഗ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. പിന്നാലെ സുന്ദറിനേയും , സിറാജിനേയും (0), പ്രസിദ്ധ് കൃഷ്‌യേയും (0) മടക്കി അറ്റ്കിൻസൺ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സിന് തിരശീലയിട്ടു. ആകാശ് ദീപ് (0) പുറത്താകാതെ നിന്നു.
ഒന്നാം ഇന്നിംഗ്‌സിനിറങ്ങിയ ഇംഗ്ലണ്ടിനായി സാക് ക്രോളിയും (64), ബെൻ ഡെക്കറ്റും (43) വീണ്ടും അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ ലഞ്ചിന് ശേഷം ഇന്ത്യൻ പേസർ തകർപ്പൻ ബൗളിംഗിലൂടെ കളി തങ്ങളടെ വരുതിയിലാക്കുകയായിരുന്നു. പ്രസിദ്ധ് കൃഷ്ണ നാലും സിറാജ് മൂന്നും ആകശ് ദീപ് ഒരു വിക്കറ്റും ഇതുവരെ നേടി. ക്രോളിയും ഡെക്കറ്റും വെടിക്കെട്ട് തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്.
ഇരുവരും ഒന്നാം വിക്കറ്റിൽ 78 പന്തിൽ 92 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഡെക്കറ്റിനെ വിക്കറ്റ് കീപ്പർ ജൂറലിന്റെ കൈയിൽ എത്തിച്ച് ആകശ് ദീപാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. വിക്കറ്റ് നേട്ടത്തിന് ശേഷം ആകാശ് ദീപ് ഡെക്കറ്റിന്റെ തോളത്ത് കൈയിട്ട് എന്തോ സംസാരിച്ചു. വഴക്കൊന്നും ഉണ്ടായില്ലെങ്കിലും ആകാശ് ദീപിന്റെ പ്രവർത്തിക്കെതിരെ വിമർശനമുയർന്നു.
ക്രോളിയെ ടീം സ്‌കോർ 129ൽ വച്ച് പ്രസിദ്ധ് ജഡേജയുടെ കൈയിൽ എത്തിച്ചു. തുടർന്ന് ഇന്ത്യൻ ബൗളർമാരുടെ ആധിപത്യമായിരുന്നു. ക്യാപ്ടൻ പോപ്പ് (22), ജോ റൂട്ട് (29), ജേക്കബ് ബെഥേൽ(6), ജാമി സ്മിത്ത്(8), ഓവർട്ടൺ (0), അറ്റ്കിൻസൺ (11) എന്നിവരുടെ വിക്കറ്റുകളാണ് പിന്നീട് നഷ്ടപ്പെട്ടത്. ഇതിനിടെ റൂട്ടും പ്രസിദ്ധും തമ്മിൽ ഉടക്കിയതും വിവാദമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്