യുവേഫ ചാമ്പ്യൻസ് ലീഗിൽ കരുത്തരായ ബാഴ്‌സലോണയെ സമനിലയിൽ തളച്ച് ബെൽജിയൻ ക്ലബ് ബ്രൂജ്. ജാൻ ബ്രെയ്ഡൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഇരു ടീമും മൂന്ന് ഗോൾ വീതം നേടി. ബാഴ്‌സക്കായി ലമീൻ യമാൽ, ഫെറാൻ ടോറസ് എന്നിവർ ഗോൾ നേടിയപ്പോൾ മൂന്നാം ഗോൾ ക്ലബ് ബ്രൂജ് താരം ക്രിസ്റ്റോസ് സോലിസിന്റെ വകയായിരുന്നു.
ആറാം മിനുട്ടിൽ നിക്കോളോ ട്രെസോൾഡിയുടെ ഗോളിൽ ക്ലബ് ബ്രൂജ് ലീഡ് നേടി. തൊട്ട് പിന്നാലെ ഫെർമിൻ ലോപ്പസിന്റെ പാസിനെ വലയിലെത്തിച്ച് ഫെറാൻ ടോറസ് ബാഴ്‌സയെ ഒപ്പമെത്തിച്ചു. പതിനേഴാം മിനുട്ടിൽ കാർലോസ് ഫോർബ്‌സ് നേടിയ ഗോളിൽ ക്ലബ് ബ്രൂജ് ആദ്യ പകുതിയിൽ ലീഡെടുത്തു.
അറുപത്തിയൊന്നാം മിനുട്ടിൽ ലമീൻ യമാലിന്റെ ഗോളിൽ ബാഴ്‌സ വീണ്ടും സമനില നേടി. എന്നാൽ രണ്ട് മിനുട്ടിന്റെ ഇടവേളയിൽ കാർലോസ് ഫോർബ്‌സ് ക്ലബ് ബ്രൂജിന് ലീഡ് സമ്മാനിച്ചു. എഴുപതാം മിനുട്ടിൽ ക്ലബ് ബ്രൂജിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചെങ്കിലും വാറിൽ വിധി മാറി. എഴുപത്തിയേഴാം മിനുട്ടിൽ ബാഴ്‌സയുടെ സമനില ഗോളെത്തി. വലതുവിങ്ങിലൂടെ ബോക്‌സിലേക്ക് കടന്ന യമാൽ പോസ്റ്റിലേക്ക് എടുത്ത ഷോട്ടിനെ ഹെയ്ഡറിലൂടെ ക്ലിയർ ചെയ്യാനുള്ള ക്ലബ് ബ്രൂജ് താരത്തിന് പിഴച്ചു, താരത്തിന്റെ തലയിൽ തട്ടിയ പന്ത് സെക്കൻഡ് പോസ്റ്റിലേക്ക് പറന്നിറങ്ങി.
കളിയുടെ അവസാന മിനുട്ടുകളിൽ ക്ലബ് ബ്രൂജ് നാലാം ഗോൾ നേടിയെങ്കിലും ബാഴ്‌സ ഗോൾകീപ്പർ ഷെസ്‌നിയെ ഫൗൾ ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ഗോൾ നിഷേധിക്കപ്പെടുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ ചാമ്പ്യന്മാരായ ചെൽസിയെ അസർബൈജാൻ ക്ലബ് കരാബാത് സമനിലയിൽ തളച്ചു. എസ്താവോ വില്യൻ, ഗാർനാച്ചോ എന്നിവരാണ് ചെൽസിക്കായി സ്‌കോർ ചെയ്തത്. അന്ദ്രാദേയും ജങ്കോവിച്ചും കരാബാഗിനായി ഗോൾ നേടി. സമനിലയോടെ ഏഴ് പോയിന്റുമായി പട്ടിക 12-ാം സ്ഥാനത്താണ് ചെൽസി.
മറ്റൊരു മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കു തകർത്ത് മാഞ്ചസ്റ്റർ സിറ്റി. ഫിൽ ഫോഡൻ ഇരട്ട ഗോളുകൾ നേടിയപ്പോൾ എർലിങ് ഹാളണ്ട്, റയാൻ ചെർക്കി എന്നിവർ ഓരോ ഗോളും നേടി. വാൽഡെമാർ ആന്റോണാണ് ഡോർട്ട്മുണ്ടിന്റെ ആശ്വാസ ഗോൾ നേടിയത്.
ചാമ്പ്യൻസ് ലീഗ് പ്രാഥമികറൗണ്ടിൽ 12 പോയിന്റുമായി ബയേൺ മ്യൂണിക്ക്, ആഴ്‌സനൽ, ഇന്റർ മിലാൻ എന്നിവരാണ് യഥാക്രമം ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങളിൽ. 10 പോയിന്റുള്ള സിറ്റി നാലാമത്. ഒൻപത് പോയിന്റുള്ള പി.എസ്.ജി, ന്യൂകാസിൽ, റയൽ മാഡ്രിഡ്, ലിവർപൂൾ, ഗലറ്റസറി എന്നിവർ യഥാക്രമം അഞ്ചുമുതൽ ഒൻപതുവരെ സ്ഥാനങ്ങളിൽ. എട്ടുപോയിന്റുമായി ടോട്ടൻഹാം പത്താമത്. ഏഴുപോയിന്റുള്ള ബാഴ്‌സ, ചെൽസി, സ്‌പോർടിംഗ്, ഡോർട്ട്മുണ്ട്, ക്വാറാബാഗ്, അറ്റ്‌ലാന്റ എന്നിവർ 11 മുതൽ 16 വരെ സ്ഥാനങ്ങളിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
