കൊച്ചി: ഇന്ദ്രൻസിനെ നായകനാക്കി വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന ‘ചിന്ന ചിന്ന ആസൈ’ റിലീസിനൊരുങ്ങുന്നതിനിടെ ശ്രദ്ധേയമായ വെളിപ്പെടുത്തലുമായി നടൻ ഇന്ദ്രൻസ്. ചിത്രത്തിൽ മധുബാലയെ നായികയായി തീരുമാനിച്ചപ്പോൾ താനാണ് നായകനെന്ന് എങ്ങനെ പറയുമെന്ന് ആശങ്ക ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സിനിമയുടെ പ്രസ് മീറ്റിലായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം. മുൻപ് ചില സിനിമകളിൽ താനാണ് നായകനെന്ന് അറിഞ്ഞതോടെ ചില നായികമാർ അഭിനയിക്കാൻ താത്പര്യം കാണിക്കാതിരുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
“വർഷ വന്ന് ഈ സിനിമയുടെ കഥ പറഞ്ഞപ്പോൾ എനിക്ക് വളരെ ഇഷ്ടമായി. വേറൊന്നും ചോദിക്കാതെ ഞാൻ സിനിമ ചെയ്യാൻ സമ്മതിച്ചു. അന്നുതന്നെ മധുബാലയുടെ പേരും പറഞ്ഞിരുന്നു. എന്നാൽ നായകൻ ആരാണെന്ന് ചോദിച്ചാൽ പേര് പറയരുത്, തീരുമാനിച്ചിട്ടില്ലെന്ന് മാത്രം പറഞ്ഞാൽ മതിയെന്നായിരുന്നു എന്റെ ചിന്ത. കാരണം, ചിലപ്പോൾ അന്വേഷിച്ചാൽ ഇത് കോമഡി വേഷങ്ങൾ ചെയ്യുന്ന ഇന്ദ്രൻസാണെന്ന് അറിഞ്ഞാൽ അവർ പിന്മാറിയേക്കാം. അങ്ങനെ ചില അനുഭവങ്ങൾ എനിക്ക് മുമ്പ് ഉണ്ടായിട്ടുണ്ട്,” ഇന്ദ്രൻസ് പറഞ്ഞു.
സിനിമയ്ക്ക് മധുബാല സമ്മതിച്ചുവെന്നറിഞ്ഞ ശേഷവും ചിത്രീകരണ തീയതികളിൽ മാറ്റമുണ്ടാകുമ്പോൾ ആശങ്കയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“മധുബാലയ്ക്ക് കഥ ഇഷ്ടമായി, സിനിമ ചെയ്യാമെന്ന് സമ്മതിച്ചു എന്ന് വർഷ പറഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷമായി. എന്നാൽ ചിത്രീകരണം ഒരാഴ്ചയോ മറ്റോ നീളുമ്പോഴെല്ലാം എനിക്ക് വെപ്രാളമായിരുന്നു. എങ്ങാനും അവർ ഈ സിനിമയിൽ നിന്ന് മാറിപ്പോയാൽ മറ്റാരെങ്കിലും വരും. അത് സിനിമയുടെ വിജയത്തെയും ബാധിച്ചേക്കാം. അതുകൊണ്ട് ആ ആശങ്ക എനിക്കുണ്ടായിരുന്നു. പക്ഷേ അങ്ങനെ ഒന്നും സംഭവിച്ചില്ല. മധുബാല വന്നു. അതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ജൂൺ 19-നായി വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്,” ഇന്ദ്രൻസ് പറഞ്ഞു.
ജൂൺ 19-നാണ് ‘ചിന്ന ചിന്ന ആസൈ’ തിയേറ്ററുകളിലെത്തുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്.
ശ്രദ്ധേയമായ ഹ്രസ്വചിത്രമായ എന്റെ നാരായണിക്ക് ശേഷം വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന ആദ്യ ഫീച്ചർ ചിത്രമാണിത്. ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മധുബാലയ്ക്കും ഇന്ദ്രൻസിനുമിടയിലെ അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് മികച്ച അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
