ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ നയൻതാരയുടെ ആദ്യ പ്രതിഫലം കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. നടൻ കവിനൊപ്പം അഭിനയിച്ച് തിയേറ്ററുകളിലെത്തിയ 'ഹായ്' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പേർളി മാണിക്ക് നൽകിയ അഭിമുഖത്തിലാണ് നയൻതാര തന്റെ ആദ്യ വേതനത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്.
സിനിമയിൽ എത്തുന്നതിന് മുൻപ് മോഡലിംഗ് രംഗത്ത് സജീവമായിരുന്ന സമയത്താണ് നയൻതാരയ്ക്ക് ആദ്യമായി പ്രതിഫലം ലഭിക്കുന്നത്. വനിത മാസികയുടെ കവർ ഷൂട്ടിനും ഒരു ഫാഷൻ ഷോയ്ക്കുമായി ലഭിച്ച 2,000 മുതൽ 3,000 രൂപ വരെയായിരുന്നു തന്റെ ആദ്യ വരുമാനമെന്ന് നയൻതാര വെളിപ്പെടുത്തി.
നയൻതാരയുടെ പ്രതിഫലത്തെക്കുറിച്ച് കേട്ടപ്പോൾ, സ്വന്തം പിതാവിന്റെ നഖം വെട്ടിക്കൊടുത്തതിന് ലഭിച്ച 500 രൂപയാണ് തന്റെ ആദ്യ പ്രതിഫലമെന്ന് തമാശ രൂപേണ പേർളി മാണിയും പറഞ്ഞു.വനിത മാസികയിൽ വന്ന ആ ഫോട്ടോയാണ് നയൻതാരയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് മാസികയിലെ ചിത്രം കാണുകയും തുടർന്ന് 2003-ൽ പുറത്തിറങ്ങിയ 'മനസ്സിനക്കരെ' എന്ന ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രത്തിലേക്ക് നയൻതാരയെ ക്ഷണിക്കുകയുമായിരുന്നു.
തുടർന്ന് വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നയൻതാര 2005-ൽ 'അയ്യ' എന്ന ചിത്രത്തിലൂടെ തമിഴകത്തേക്ക് ചേക്കേറി. അതേവർഷം രജനികാന്തിനൊപ്പം അഭിനയിച്ച 'ചന്ദ്രമുഖി' വൻ വിജയമായതോടെ നയൻതാര ദക്ഷിണേന്ത്യയിലെ സൂപ്പർതാര പദവിയിലേക്ക് ഉയർന്നു.
നായകന്മാരുടെ പിന്തുണയില്ലാതെ സിനിമകളെ തനിച്ചു വിജയിപ്പിക്കാൻ പ്രാപ്തിയുള്ള നടിയായി വളർന്നതോടെയാണ് ആരാധകർ നയൻതാരയെ 'ലേഡി സൂപ്പർസ്റ്റാർ' എന്ന് വിളിച്ചു തുടങ്ങിയത്. ഷാരൂഖ് ഖാന്റെ നായികയായി അറ്റ്ലി സംവിധാനം ചെയ്ത 'ജവാനും' ബോക്സ് ഓഫീസിൽ വൻ ചരിത്രം സൃഷ്ടിച്ചിരുന്നു. നവാഗതനായ വിഷ്ണു ഇടവൻ സംവിധാനം ചെയ്ത 'ഹായ്' ആണ് നയൻതാരയുടേതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
