മുംബൈ: മുൻ കാമുകനിൽ നിന്ന് നേരിടേണ്ടി വന്ന ശാരീരികവും മാനസികവുമായ പീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞു ടെലിവിഷൻ താരം നീതി ടെയ്‌ലർ. ആമസോൺ പ്രൈം വീഡിയോയുടെ 'അലയൻസ്' റിയാലിറ്റി ഷോയിലാണ് നീതി തന്റെ ജീവിതത്തിലെ ദുരനുഭവം പങ്കുവെച്ചത്.
മുൻ കാമുകൻ തന്റെ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചിരുന്നുവെന്നും അതിന് ശേഷമാണ് ആ ബന്ധത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്നും നീതി പറഞ്ഞു.
സഹതാരങ്ങളായ മിനിമ മാതൂർ, രൂഹി ദൊസാനി, ദിൽബർ ആര്യ എന്നിവരുമായി സംസാരിക്കുന്നതിനിടെയാണ് നീതി തന്റെ അനുഭവം വെളിപ്പെടുത്തിയത്. അന്നുണ്ടായ ആക്രമണത്തിന്റെ ശേഷിപ്പായി ഇന്നും മായാതെ കിടക്കുന്ന പൊള്ളലിന്റെ പാടും താരം കാണിച്ചു.
"എന്റെ മുൻ കാമുകൻ ഒരിക്കൽ സിഗരറ്റ് കൊണ്ട് എന്നെ പൊള്ളിച്ചിട്ടുണ്ട്. അവൻ വളരെ വയലന്റായിരുന്നു. മാനസിക പ്രശ്നങ്ങളുള്ള ആളെപ്പോലെയായിരുന്നു പെരുമാറ്റം. ഒരു രാത്രി അവൻ പൂർണമായി നിയന്ത്രണം വിട്ടു. അന്ന് അവന്റെ ജന്മദിനമായിരുന്നു. കാര്യങ്ങൾ വളരെ മോശമായി. അവൻ എന്റെ കരണത്ത് അടിച്ചു. ഞാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ പോലും അവൻ അക്രമാസക്തനായി. അന്ന് ഞാൻ വളരെ ചെറുപ്പമായിരുന്നു. ആളുകളുടെ യഥാർത്ഥ സ്വഭാവം തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. അവൻ മനോരോഗിയെപ്പോലെയായിരുന്നു," എന്നാണ് നീതി ടെയ്‌ലർ പറഞ്ഞത്.
തുടർന്നാണ് നീതി പരീക്ഷിത് ബാവയെ പരിചയപ്പെടുന്നത്. 2019-ൽ ഇരുവരുടെയും വിവാഹനിശ്ചയം നടന്നു. 2020 ഓഗസ്റ്റ് 13-ന് ഇരുവരും വിവാഹിതരായി.
2024-ൽ ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും, ആ വാർത്തകൾ നീതി പിന്നീട് നിഷേധിച്ചിരുന്നു.
'കൈസി യേ യാരിയാൻ' എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് നീതി ടെയ്‌ലർ ശ്രദ്ധേയയാകുന്നത്. 15-ാം വയസിലാണ് അഭിനയരംഗത്തേക്ക് എത്തിയ താരം 'ഇഷ്ക്ബാസ്', 'പ്യാർ കാ ബന്ദൻ' ഉൾപ്പെടെ നിരവധി ടെലിവിഷൻ പരമ്പരകളിലും വിവിധ റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
