ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം 'ദി ഒഡീസി' ലോകമെമ്പാടും ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് കുതിക്കുമ്പോഴും നിർമ്മാതാക്കൾക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം. ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഉപയോഗിച്ച സ്വീഡിഷ് വൈക്കിംഗ് കപ്പൽ കേടുപാടുകൾ തീർത്ത് നൽകാമെന്ന കരാർ ലംഘിച്ചുവെന്നാണ് ഉടമസ്ഥരുടെ പരാതി.
സ്വീഡനിലെ 'വൈക്കിംഗ്‌ലെഡൻ' കൂട്ടായ്മയുടെ ഉടമസ്ഥതയിലുള്ള 'ഗ്ലാഡ് ഏവ് ഗിൽബർഗ' (Glad av Gillberga) എന്ന ചരിത്രപ്രസിദ്ധമായ വൈക്കിംഗ് കപ്പലിനാണ് ചിത്രീകരണത്തിനിടെ കേടുപാടുകൾ സംഭവിച്ചത്. പുരാതന ഗ്രീക്ക് യുദ്ധക്കപ്പലായിട്ടാണ് ഈ കപ്പൽ സിനിമയിൽ ഉപയോഗിച്ചത്. എന്നാൽ ഷൂട്ടിംഗിന് ശേഷം കേടുപാടുകളോടെ മടക്കി നൽകിയ കപ്പൽ സ്വന്തം ചെലവിൽ നന്നാക്കുകയായിരുന്നെന്നും ഇതിനായി ചെലവായ 6,000 ഡോളർ (ഏകദേശം 5 ലക്ഷം രൂപ) നിർമ്മാണ കമ്പനിയായ യൂണിവേഴ്സൽ പിക്ചേഴ്സ് ഇതുവരെ നൽകിയിട്ടില്ലെന്നും അസോസിയേഷൻ ചെയർമാൻ പീറ്റർ ഓലാസൺ 'ദി ഗാർഡിയനോട്' പറഞ്ഞു.
"പണി എടുത്തതിന്റെ കൂലി ചോദിക്കുന്നില്ല, നന്നാക്കാൻ വേണ്ടി വന്ന സാധനങ്ങളുടെ വില മാത്രമാണ് ചോദിക്കുന്നത്. ആയിരക്കണക്കിന് കോടികൾ കളക്ഷൻ നേടുന്ന യൂണിവേഴ്സലിന് ഇത് ചെറിയൊരു തുകയാണ്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും പണം തരാതെ ഞങ്ങളെ അവർ മറന്നുപോയി," പീറ്റർ കൂട്ടിച്ചേർത്തു.
എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും തള്ളി യൂണിവേഴ്സൽ പിക്ചേഴ്സ് രംഗത്തെത്തി. അസോസിയേഷനുമായി ബന്ധപ്പെട്ട എല്ലാ ബില്ലുകളും കേടുപാടുകൾ തീർത്ത തുകയും പൂർണ്ണമായി നൽകിയിട്ടുണ്ടെന്നും, അസോസിയേഷനുമായി സംസാരിച്ച് നിലവിലുള്ള തെറ്റിദ്ധാരണകൾ ഉടൻ പരിഹരിക്കുമെന്നും യൂണിവേഴ്സൽ വക്താവ് വ്യക്തമാക്കി.
അതേസമയം, തിയേറ്ററുകളിൽ വൻ കളക്ഷൻ റെക്കോർഡുകളോടെ മുന്നേറുകയാണ് ചിത്രം. ഇന്ത്യയിൽ മാത്രം 100 കോടി ക്ലബ്ബിലേക്ക് കടക്കുന്ന ചിത്രം ലോകമെമ്പാടുമായി ഇതിനകം 400 മില്യൺ ഡോളറിനോട് (ഏകദേശം 3300 കോടി രൂപ) അടുത്താണ് ബോക്സ് ഓഫീസിൽ നിന്ന് വാരിയത്. 250 മില്യൺ ഡോളർ ചെലവഴിച്ചാണ് നോളൻ ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
