കാൻ ചലച്ചിത്രമേളയിലെ ചുവന്ന പരവതാനിയിലെ 'ഫാഷൻ ക്യൂൻ' താൻ തന്നെയെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ലോകസുന്ദരി ഐശ്വര്യ റായ് ബച്ചൻ. ഇത്തവണ നടി മേളയിൽ പങ്കെടുക്കില്ലെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ ശക്തമായി ഉയർന്നതിനെ തുടർന്ന് ആരാധകർ വലിയ നിരാശയിലായിരുന്നു. എന്നാൽ, ഈ ആശങ്കകൾക്കെല്ലാം വിരാമമിട്ടുകൊണ്ട് ഫെസ്റ്റിവലിന്റെ സമാപന ദിവസം ആരാധകരെ ആവേശം കൊള്ളിച്ചാണ് ഐശ്വര്യയുടെ മാസ്മരികമായ റെഡ് കാർപ്പറ്റ് എൻട്രി ഉണ്ടായത്.
മകൾ ആരാധ്യക്കൊപ്പമാണ് 79ാമത് കാൻ ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ താരം എത്തിയത്. ഫ്രാൻസിൽ വിമാനമിറങ്ങിയ നിമിഷം മുതൽ നടിയുടെ എയർപ്പോർട്ട് ലുക്ക് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. കറുത്ത ബട്ടൺഡ് ബ്ലേസറും, അതിനോട് ചേരുന്ന ഓഫീസ് പാന്റ്സും കവറപ്പും ധരിച്ചാണ് താരം എത്തിയത്. സിഗ്നേച്ചർ ബ്ലാക്ക് ഹീൽഡ് ബൂട്ടുകളും ബ്രൗൺ ഹാൻഡിലുകളുള്ള കറുത്ത ബാഗും കൂടിയായപ്പോൾ എയർപോർട്ടിൽ താരത്തിന് ലഭിച്ചത് ഊഷ്മളമായ സ്വീകരണമായിരുന്നു.
റെഡ് കാർപ്പറ്റിൽ വിഖ്യാത ഡിസൈനർ അമിത് അഗർവാൾ രൂപകൽപ്പന ചെയ്ത 'ലൂമിനാര' എന്ന ഔട്ട്ഫിറ്റിലാണ് ഐശ്വര്യ തിളങ്ങിയത്. ചുവന്ന പരവതാനിയിലൂടെ ഒരു 'മത്സ്യകന്യക' നടന്നുനീങ്ങുന്ന അനുഭൂതിയാണ് ഈ വസ്ത്രത്തിൽ നടി സമ്മാനിച്ചത്. 'മെർമെയ്ഡ് ലുക്ക്' നൽകുന്ന സഫയർ ബ്ലൂ ഗൗണും അതിനൊപ്പം ലൂസ് കേൾ ഹെയർ സ്റ്റൈലുമായിരുന്നു താരത്തിന്റേത്. കൈകളിലൂടെ ഒഴുകിയിറങ്ങുന്ന സുതാര്യമായ കടും നീല 'ഡ്രേപ്പ്' ഇതിന്റെ മാറ്റുകൂട്ടി.
ഗൗണിലുടനീളം നൽകിയിരുന്ന ലീനിയർ ഡിസൈനുകൾ ക്യാമറക്കണ്ണുകൾക്ക് മുന്നിൽ ഒരു ഓപ്റ്റിക്കൽ ഇല്യൂഷൻ സൃഷ്ടിക്കുന്നതായിരുന്നു. അക്ഷരാർഥത്തിൽ ചുവന്ന പരവതാനിയിൽ ഐശ്വര്യ ഒരു ജലദേവതയായി മാറി. അമിത് അഗർവാളിന്റെ സിഗ്നേച്ചർ ആയ 'ക്രിസ്റ്റൽ വെയിൻ' എംബ്രോയ്ഡറി തന്നെയാണ് ഈ വസ്ത്രത്തിന്റെ പ്രധാന സവിശേഷത. 1,500 മണിക്കൂറിലധികം നീണ്ട കഠിനമായ ഹാൻഡ് വർക്കിലൂടെയാണ് ഈ മനോഹര രൂപകൽപ്പന വികസിപ്പിച്ചെടുത്തത്.
മുൻകാലങ്ങളിലെ കനത്ത ആഡംബര വസ്ത്രങ്ങളിൽ നിന്നും ഭിന്നമായി വളരെ ലളിതമായ മേക്കപ്പും സ്കൾപ്ചറൽ ഡയമണ്ട്-സഫയർ കോളർ നെക്ലേസുമായിരുന്നു ഇത്തവണ താരം ധരിച്ചിരുന്നത്. 'കാനിലെ രാഞ്ജി' എന്ന വിശേഷണത്തോട് ഐശ്വര്യ പൂർണ്ണമായും നീതി പുലർത്തിയെന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആരാധകർ കുറിക്കുന്നത്. ചടങ്ങിന് ശേഷം പാം ഡി ഓറിനായി മത്സരരംഗത്തുള്ള മോണിക്ക ബലൂച്ചിയുടെ 'ദ ബർത്ത്ഡേ പാർട്ടി' എന്ന ചിത്രത്തിന്റെ സ്ക്രീനിങ്ങിലും നടി പങ്കെടുത്തു.
2002-ൽ 'ദേവദാസ്' എന്ന ചിത്രത്തിന്റെ പ്രീമിയറിലൂടെയാണ് ഐശ്വര്യ ആദ്യമായി കാനിൽ എത്തുന്നത്. 2003 മുതൽ ലോറിയൽ പാരിസിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും പ്രശസ്തമായ ഇന്ത്യൻ മുഖമാണ് ഐശ്വര്യ റായ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
