തിരുവനന്തപുരം: തന്റെ ക്ലോത്തിങ് ബ്രാൻഡായ 'പൂവ്' അവസാനിപ്പിക്കുകയാണെന്ന് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. ബിസിനസ് പങ്കാളിയിൽ നിന്ന് നേരിടേണ്ടിവന്ന വഞ്ചനയാണ് സംരംഭം അവസാനിപ്പിക്കാൻ കാരണമായതെന്ന് താരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
വിങ്ങുന്ന ഹൃദയത്തോടെയാണ് ഈ തീരുമാനം പങ്കുവെക്കുന്നതെന്ന് പറഞ്ഞ സൗഭാഗ്യ, സ്വപ്നങ്ങളിലോ ബ്രാൻഡിലോ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടല്ല സംരംഭം അവസാനിപ്പിക്കുന്നതെന്നും, വിശ്വാസവഞ്ചനയാണ് ഇതിന് പിന്നിലെന്നും വ്യക്തമാക്കി.
താൻ വിശ്വസിച്ച ഒരാൾ വാക്ക് പാലിക്കാതെ പോയതോടെ ഒരിക്കലും നേരിടേണ്ടി വരുമെന്ന് കരുതാത്ത സാഹചര്യം അഭിമുഖീകരിക്കേണ്ടിവന്നുവെന്ന് സൗഭാഗ്യ കുറിപ്പിൽ പറയുന്നു. ഒരു ബ്രാൻഡ് വളർത്തിയെടുക്കാൻ സമയവും സ്നേഹവും പണവും ഉറക്കമില്ലാത്ത രാത്രികളും ചെലവഴിക്കേണ്ടിവരുമെന്നും, ഒരാളുടെ വാക്കുപിഴവിന്റെ പേരിൽ അതിന് വിരാമമിടേണ്ടി വരുന്നത് അതീവ വേദനാജനകമാണെന്നും അവർ കൂട്ടിച്ചേർത്തു.
ആദ്യ ദിവസം മുതൽ 'പൂവ്' ബ്രാൻഡിനെ പിന്തുണച്ചവരോട് ഒരു വിശദീകരണം നൽകേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്നതിനാലാണ് ഈ കുറിപ്പ് പങ്കുവെക്കുന്നതെന്നും സൗഭാഗ്യ പറഞ്ഞു.
ബിസിനസിൽ നിന്ന് പഠിച്ച ഏറ്റവും കഠിനമായ പാഠം, സത്യസന്ധതയ്ക്കും വിശ്വാസ്യതയ്ക്കും താൻ നൽകുന്ന വില എല്ലാവരും നൽകണമെന്നില്ല എന്നതാണെന്നും അവർ കുറിച്ചു. സ്വന്തം സമാധാനം സംരക്ഷിക്കാനാണ് ഈ അധ്യായം അവസാനിപ്പിക്കുന്നതെന്നും 'പൂവ്' ബ്രാൻഡിനെ വിശ്വസിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.
അതേസമയം, ഇത് ഒരു സംരംഭകയായുള്ള തന്റെ യാത്രയുടെ അവസാനമല്ലെന്നും ഒരു അധ്യായം മാത്രമാണ് അവസാനിക്കുന്നതെന്നും സൗഭാഗ്യ വ്യക്തമാക്കി. കൂടുതൽ കരുത്തോടെയും അനുഭവസമ്പത്തോടെയും ശരിയായ അടിത്തറയിൽ പുതിയ സംരംഭവുമായി തിരിച്ചെത്തുമെന്നും അവർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
