സതീശന്റെ 'കൈ'കരുത്തില്‍ പിടിവിട്ട് പിണറായി; കേരളത്തിന്റെ വിധിയെഴുത്ത് പാര്‍ട്ടികളില്‍ പ്രതിഫലിക്കുമ്പോള്‍

DECEMBER 13, 2025, 8:50 PM

തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഫലം സത്യത്തില്‍ മൂന്ന് മുന്നണികള്‍ക്കും ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. സങ്കല്‍പങ്ങളും വികാരങ്ങളും ഒന്നും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്ന് മാത്രമല്ല ജനങ്ങള്‍ ചിലത് പഠിക്കുകയും ചിലത് പഠിപ്പിക്കുകയും ചെയ്യാന്‍ പ്രാപ്തരാണെന്ന തിരിച്ചറിവ് നല്‍കിയ ഒരു വിധി ആയിരുന്നു ഇത്. അപ്രതീക്ഷിത തിരിച്ചടിയാണ് എല്‍ഡിഎഫിനെ ഞെട്ടിച്ചതെങ്കില്‍ അപ്രതീക്ഷിത മുന്നേറ്റത്തിന്റെ ഞെട്ടലിലാണ് യുഡിഎഫും എന്‍ഡിഎയും.

ഭരണ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള കരുത്ത് മുഴുവന്‍ ചോര്‍ന്ന് പോകുന്ന വിധിയാണ് ജനങ്ങള്‍ എല്‍ഡിഎഫിന് സമ്മാനിച്ചത്. പല വിഷയങ്ങളുയര്‍ത്തി തിരഞ്ഞെടുപ്പിന്റെ അജണ്ട മാറ്റാന്‍ അവര്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള ചേര്‍ത്തു നിര്‍ത്തലില്‍ ജനം 2020 ല്‍ കൈമെയ് മറന്നു എല്‍ഡിഎഫിനെ പിന്തുണച്ചെങ്കില്‍ തുടര്‍ ഭരണത്തില്‍ അവര്‍ നല്‍കിയ ആനുകൂല്യങ്ങളെ ജനം പുച്ഛിച്ചു തള്ളിയെന്ന് തന്നെയാണ് ഫലം തെളിയിക്കുന്നത്.

2000 രൂപയുടെ ക്ഷേമ പെന്‍ഷനും പഴയ കുടിശികയായ 1600 ചേര്‍ത്ത് 3600 രൂപ ഒരുമിച്ച് ഏകദേശം 60 ലക്ഷത്തോളം പേരുടെ അക്കൗണ്ടിലെത്തിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ബിഹാറിലേതു പോലെ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുമെന്നു കരുതിയെങ്കിലും ഇവിടെ അത് ഒത്തില്ല. എല്‍ഡിഎഫിനെ കണക്കറ്റു പ്രഹരിക്കുകയാണ് വോട്ടര്‍മാര്‍ ചെയ്തത്. 2010 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ ആഘാതത്തിന്റെ എത്രയോ ഇരട്ടി പ്രഹരമാണ് ഇത്തവണ ഉണ്ടായത്. 

2020 ലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ വന്‍ മുന്നേറ്റം ആയുധമാക്കി 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിട്ട എല്‍ഡിഎഫിന്റെ ആത്മവിശ്വാസം അപ്പാടെ ചോര്‍ന്നിരിക്കുകയാണ് 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍. ഈ നിലയില്‍ രണ്ടോ മൂന്നോ മാസത്തുള്ളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്നത് എല്‍ഡിഎഫിന് പ്രത്യേകിച്ചും സിപിഎമ്മിന്റെ ഉറക്കം കെടുത്തുന്നതായിരിക്കും എന്നതില്‍ സംശയമില്ല. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് ശേഷം അതില്‍ നിന്നു കരകയറാന്‍ കഴിയുന്ന ഒരു ആധികാരിക ജയം നേടാന്‍ സിപിഎമ്മിനോ എല്‍ഡിഎഫിനോ കഴിഞ്ഞിട്ടില്ല.

ഇപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പിലാകട്ടെ അമ്പരപ്പിക്കുന്ന തോല്‍വിയും. ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനും സമ്മതിക്കേണ്ടി വന്നത് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പുകളിലും കരുത്ത് കാട്ടാന്‍ എല്‍ഡിഎഫിനായില്ല എന്ന പശ്ചാത്തലത്തില്‍ തന്നെയാണ്.

അതേസമയം യുഡിഎഫ് ക്യാമ്പില്‍ ആത്മവിശ്വാസത്തിന്റെ പൂക്കാലമാണ്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും ടീം വര്‍ക്കിലൂടെയും യുഡിഎഫും മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും അപ്രതീക്ഷിത വിജയം സ്വന്തമാക്കിയിരിക്കുന്നു. യുഡിഎഫിനെ നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുന്നണിയെ മുന്നില്‍ നിന്നു നയിക്കുന്ന കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ സണ്ണി ജോസഫിന്റെയും പാര്‍ട്ടിയിലെയും മുന്നണിയിലെയും മേധാവിത്വം അരക്കിട്ടുറപ്പിക്കുന്ന തിരഞ്ഞെടുപ്പു കൂടിയാണിത്.

മാത്രമല്ല 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ട അതേ മന്നൊരുക്കത്തോടെയും അടുക്കോടെയും ചിട്ടയോടെയും നയിക്കാനുള്ള ആത്മവിശ്വാസം ഇത് യുഡിഎഫിനു നല്‍കുന്നു. കൂടാതെ തുടര്‍ച്ചയായി യുഡിഎഫിനു വിജയം സമ്മാനിക്കുന്ന പ്രതിപക്ഷ നേതാവ് എന്നത് സതീശന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് പകരുന്ന കരുത്തും ചെറുതാവില്ല. ഘടകക്ഷികള്‍ക്കും സതീശന്റെ നേതൃത്വത്തെ ഇനി പരോക്ഷമായി പോലും ചോദ്യം ചെയ്യാന്‍ അനുവദിക്കാത്ത വിജയമായി ഇത് മാറിയിരിക്കുകയാണ്.

അതേസമയം വരത്തന്‍ എന്ന ദുഷ്പേരു മാറ്റി പാര്‍ട്ടിയിലെ എതിരാളികള്‍ക്കു മുന്നില്‍ നെഞ്ചു നിവര്‍ത്തി നില്‍ക്കാന്‍ കരുത്തു പകരുന്ന നേട്ടമാണ് ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ്. കേരള തലസ്ഥാനം പിടിച്ചെടുത്തു കൊണ്ടും തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ മിക്കവാറും സ്ഥലങ്ങളില്‍ സാന്നിധ്യമുറപ്പിച്ചും ബിജെപി കേരളത്തില്‍ രണ്ട് മുന്നണികള്‍ക്കും അവഗണിക്കാനാകാത്ത ശക്തിയായി മാറിയിരിക്കകയാണ്.

മാത്രമല്ല പാര്‍ട്ടിയിലെ എതിരാളികള്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ മറുപടി നല്‍കാന്‍ കഴിഞ്ഞതിലൂടെ പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്തനായി മാറുക കൂടിയാണ് അദ്ദേഹം. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ ആത്മവിശാവസത്തോടെ നേരിടാന്‍ രാജീവ് ചന്ദ്രശേഖറിനും ഈ നേട്ടം കരുത്താകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam