മഹാരാഷ്ട്രയിൽ നിന്ന് പരമാവധി ലോക്സഭാ സീറ്റ് ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്ന ബിജെപി തെരഞ്ഞെടുപ്പിന് മുമ്പ് മറ്റൊരു നിർണായക നീക്കവുമായി രംഗം ചൂടുപിടിപ്പിക്കുകയാണ്.
ഉദ്ധവ് താക്കറെയുടെ അർദ്ധസഹോദരനും മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) തലവനുമായ രാജ് താക്കറെയെ എൻഡിഎ മുന്നണിയിലേക്ക് കൊണ്ടുവരാൻ പദ്ധതിയിടുകയാണ്.
മഹാരാഷ്ട്ര ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസാണ് ഈ നീക്കത്തിന് ചരടുവലിക്കുന്നത്. ഫഡ്‌നാവിസുമായുള്ള ആദ്യഘട്ട ചർച്ചകൾക്ക് ശേഷം രാജ് താക്കറെ ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു.
എംഎൻഎസിൻ്റെ മുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തന്നോട് ഡല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടുവെന്നും അതുപ്രകാരമാണ് കൂടിക്കാഴ്ച നടത്തിയതെന്നും പറഞ്ഞ രാജ് താക്കറെ മുന്നണി പ്രവേശനം സംബന്ധിച്ച് പിന്നീട് വ്യക്തമാക്കാമെന്ന് മാധ്യമങ്ങളോടു പറഞ്ഞൊഴിഞ്ഞു.
തങ്ങള്‍ എന്നും മറാത്തികളുടെ താല്‍പര്യത്തിന് വേണ്ടിയാണ് നിലകൊണ്ടതെന്നും ബിജെപി സര്‍ക്കാര്‍ മഹാരാഷ്ട്രയ്ക്ക് എന്നും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്നും അവര്‍ എന്തു തീരുമാനമെടുത്താലും അത് നല്ലതിനാണെന്നാണ് തങ്ങള്‍ കരുതുന്നതെന്നും പിന്നീട് എംഎന്‍എസ് നേതാവ് സന്ദീപ് ദേശ്പാണ്ഡെ പ്രതികരിച്ചു.
ഫഡ്‌നാവിസ്, ബിജെപി മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രശേഖർ ഭവൻകുലെ എന്നിവർക്കൊപ്പമാണ് രാജ് താക്കറെ അമിത് ഷായെ കണ്ടത്. സംസ്ഥാനത്ത് കഴിഞ്ഞ തവണ നേടിയ വൻ വിജയം ആവർത്തിച്ചാണ് ബിജെപിയുടെ പുതിയ നീക്കം. 2019ൽ മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും ഒരുമിച്ചാണ് മത്സരിച്ചത്. ഇരുകൂട്ടരും ചേർന്ന് സംസ്ഥാനത്തെ 48ൽ 41 സീറ്റുകളും തൂത്തുവാരി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്