കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ (ടിഎംസി) ആഭ്യന്തര ഭിന്നത പരസ്യമാകുന്നു. മമത ബാനര്‍ജിയുടെ ദീര്‍ഘകാല സഹകാരിയും ബരാസത് എംപിയുമായ കകോലി ഘോഷ് ദസ്തിദാര്‍ പാര്‍ട്ടിയുടെ ബരാസത് സംഘടനാ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായ ഐ-പാക്കിനെതിരെയും പാര്‍ട്ടിയിലെ അഴിമതിക്കെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് രാജി.
അടുത്തിടെ ലോക്സഭയിലെ തൃണമൂലിന്റെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് കകോലിയെ മാറ്റി കല്യാണ്‍ ബാനര്‍ജിയെ നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സുബ്രതാ ബക്ഷിക്കും മമത ബാനര്‍ജിക്കും കകോലി കത്തയച്ചത്.
താഴെത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിച്ച് 'ഫ്‌ളൈ-ബൈ-നൈറ്റ്' (താത്കാലിക) സംവിധാനങ്ങളെ ആശ്രയിച്ചതാണ് പരാജയത്തിന് കാരണമെന്ന് കകോലി ആരോപിച്ചു. ഐ-പാക്ക് പ്രവര്‍ത്തകര്‍ താഴെത്തട്ടിലുള്ള നേതാക്കളോട് മോശമായി പെരുമാറിയെന്നും അവര്‍ കുറ്റപ്പെടുത്തി. കരിനിഴലിലായ പാര്‍ട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ മമത ബാനര്‍ജി പഴയതുപോലെ വിശ്വസ്തരും ആത്മാര്‍ത്ഥതയുമുള്ള പഴയകാല പ്രവര്‍ത്തകരിലേക്ക് മടങ്ങണമെന്ന് കകോലി ആവശ്യപ്പെട്ടു.
പാര്‍ട്ടിയില്‍ കുറ്റകൃത്യങ്ങളും അഴിമതിയും വര്‍ദ്ധിച്ചതായി അവര്‍ തുറന്നടിച്ചു. മുതിര്‍ന്ന നേതാവായ കല്യാണ്‍ ബാനര്‍ജിയും തിരഞ്ഞെടുപ്പ് പരാജയത്തിന് പൂര്‍ണ്ണ ഉത്തരവാദിത്തം ഐ-പാക്കിനാണെന്ന് നേരത്തെ ആരോപിച്ചിരുന്നു. ഐ-പാക്ക് പാര്‍ട്ടിയുടെ അടിത്തറ തകര്‍ത്തുവെന്നും പാര്‍ട്ടി ഡാറ്റ ബിജെപിക്ക് ചോര്‍ത്തി നല്‍കിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
2026 ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്15 വര്‍ഷത്തെ തൃണമൂല്‍ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 2026 മെയ് ആദ്യവാരം പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപി ചരിത്രവിജയമാണ് നേടിയത്. ഭബാനിപൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ സുവേന്ദു അധികാരി പരാജയപ്പെടുത്തിയിരുന്നു. പരാജയത്തിന് പിന്നാലെ അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പുതിയ തലമുറയും ഐ-പാക്കും ചേര്‍ന്നൊരുക്കിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് പാര്‍ട്ടിയെ തകര്‍ത്തതെന്ന ആക്ഷേപവുമായി മമതയുടെ പഴയകാല വിശ്വസ്തര്‍ രംഗത്തെത്തിയതോടെ ടിഎംസി വലിയൊരു പിളര്‍പ്പിന്റെ നിഴലിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
