ന്യൂഡെല്‍ഹി: ഡെല്‍ഹി നിയമസഭയില്‍ നിന്ന് മാര്‍ഷലുകള്‍ എടുത്തുകൊണ്ടു പോയി പുറത്താക്കിയ ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്തക്ക് ഇത് മധുരപ്രതികാരം. ഡെല്‍ഹി നിയമസഭാ സ്പീക്കറായി അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തുന്നു.
പത്ത് വര്‍ഷം മുമ്പ് 2015 നവംബര്‍ 30 നാണ് സ്പീക്കറുടെ നിര്‍ദേശപ്രകാരം ഡെല്‍ഹി നിയമസഭയില്‍ നിന്ന് ഗുപ്തയെ അപമാനിച്ച് പുറത്താക്കിയത്. അന്ന് എഎപി എംഎല്‍എയായിരുന്ന അല്‍ക ലാംബയ്ക്കെതിരെ ബിജെപി നേതാവായ ഒ പി ശര്‍മ്മ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ സഭയില്‍ ബഹളമുണ്ടാവുന്നു. തര്‍ക്കത്തിനിടെ വൈകിട്ട് 4 വരെ സഭയില്‍ നിന്ന് വിജേന്ദര്‍ ഗുപ്തയെ സ്പീക്കര്‍ പുറത്താക്കുന്നു. ഇത് അനുസരിക്കാന്‍ ഗുപ്ത തയാറായില്ല. തുടര്‍ന്ന് മാര്‍ഷലുകളെ വിളിച്ച് ബലം പ്രയോഗിച്ച് ഗുപ്തയെ എടുത്തുകൊണ്ടുപോയി പുറത്താക്കുകയായിരുന്നു. ബിജെപി നേതാവ് ഫര്‍ണിച്ചറുകളില്‍ മുറുകെപ്പിടിച്ച്, പുറത്തുകടക്കാനുള്ള വഴിയിലുടനീളം ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചു. എഎപി എംഎല്‍എമാരുടെ പരിഹാസങ്ങള്‍ക്കിടെയാണ് ഗുപ്ത പുറത്താക്കപ്പെട്ടത്.
2015 മുതല്‍ രോഹിണി സീറ്റ് നിലനിര്‍ത്തുന്ന ഗുപ്ത മുഖ്യമന്ത്രി സ്ഥാനത്തേക്കും ഇത്തവണ പരിഗണിക്കപ്പെട്ടിരുന്നു. എങ്കിലും രേഖ ഗുപ്തക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചതോടെ കരുത്തുറ്റ സ്പീക്കര്‍ പദവിയിലേക്ക് മാറി. എഎപി സര്‍ക്കാരിന്റെ ക്രമക്കേടുകള്‍ സംബന്ധിച്ച 14 സിഎജി റിപ്പോര്‍ട്ടുകള്‍ സഭയില്‍ വെച്ച് പരസ്യമാക്കുമെന്ന് ഗുപ്ത നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗുപ്ത സ്പീക്കര്‍ കസേരയില്‍ ഇരിക്കുന്നത് എഎപിക്ക് വലിയ തിരിച്ചടിയാവാനാണ് സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്