സുല്‍ത്താന്‍ബത്തേരി: പാര്‍ട്ടിക്ക് വിധേയനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ബത്തേരിയില്‍ രണ്ട് ദിവസങ്ങളിലായി നടന്ന സമ്മിറ്റില്‍ മുഴുവന്‍ സമയവും തരൂര്‍ പങ്കെടുത്തിരുന്നു. ചര്‍ച്ചകളിലും സജീവമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ താരപ്രചാരകനായി തരൂര്‍ ഉണ്ടാകുമെന്ന് നേതൃത്വം വ്യക്തമാക്കുന്നത്.
തന്റെ പാര്‍ട്ടിലൈനിന് മാറ്റമുണ്ടായിട്ടില്ല. പാര്‍ട്ടിലൈനിന് മാറ്റമുണ്ടായെന്ന് ആരാണ് പറഞ്ഞതെന്ന മറുചോദ്യവുമായാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. തരൂര്‍ പാര്‍ട്ടിലൈനിലേക്ക് തിരിച്ചുവന്നതില്‍ വലിയ സന്തോഷമെന്ന കെ.സി. വേണുഗോപാലിന്റെ പ്രതികരണം ചൂണ്ടിക്കാട്ടിയായിരുന്നു അഭിപ്രായം ആരാഞ്ഞത്.
പാര്‍ട്ടി എപ്പോഴും തന്റെയൊപ്പം നില്‍ക്കുന്നെന്നാണ് വിശ്വാസമെന്നും ഏത് വിഷയത്തിലും തന്റെ അഭിപ്രായം പറഞ്ഞാല്‍ക്കൂടി ചില അടിസ്ഥാന വിഷയങ്ങളില്‍ ഒരിക്കലും മാറ്റമുണ്ടായിട്ടില്ലെന്നും തരൂര്‍ പറഞ്ഞു. പാര്‍ലമെന്റിലെ പ്രസംഗങ്ങളും മന്ത്രിമാരോടുള്ള ചോദ്യങ്ങളും നോക്കിയാല്‍ എല്ലാത്തിലും ഒരു ക്ലിയര്‍ ലൈനുണ്ട്. അതില്‍ കോണ്‍ഗ്രസിന് ബുദ്ധിമുട്ടുണ്ടാകേണ്ട കാര്യമില്ല. ചില കാര്യങ്ങളെക്കുറിച്ച് വെളിയില്‍ പറയുകയോ എഴുതുകയോ ചെയ്യുന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ വിവാദങ്ങളുണ്ടാക്കുമ്പോള്‍ തലക്കെട്ടുകള്‍ മാത്രംനോക്കി ചിലര്‍ അഭിപ്രായം പറയും. വായിച്ചശേഷം ആളുകള്‍ മനസ്സിലാക്കാന്‍ തുടങ്ങുമ്പോള്‍ താന്‍ കൂടുതല്‍ ദൂരം പോയിട്ടില്ലെന്നറിയും. ഇപ്പോള്‍ അങ്ങനെയൊരു പ്രശ്‌നം ആരുടെ മനസ്സിലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
17 വര്‍ഷമായി കോണ്‍ഗ്രസിനായി സേവനം ചെയ്തശേഷം പെട്ടെന്ന് ഒരു തെറ്റിദ്ധാരണ ആവശ്യമില്ല. എല്‍.കെ. അദ്വാനിയുടെ പിറന്നാളില്‍ പങ്കെടുത്തത് 98 വയസ്സായ ഒരാളുടെ പിറന്നാളില്‍ പങ്കെടുക്കുകയെന്ന നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായാണെന്നും മോദിയെ താന്‍ പ്രകീര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
