മുംബൈ : മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ മഹാ വികാസ് അഘാഡി സഖ്യവുമായി (എംവിഎ) ഇടഞ്ഞ് സമാജ്‍വാദി പാർട്ടി (എസ്‌പി). എംവിഎയിലെ സീറ്റ് വിഭജനത്തിൽ പാർട്ടിക്ക് പ്രാതിനിധ്യം ലഭിച്ചില്ലെന്നതാണ് സമാജ്‌വാദി പാർട്ടിയുടെ ആരോപണം.
എംവിഎയോട് ഇടഞ്ഞ് ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറെടുക്കുകയാണ് സമാജ് വാദി പാർട്ടി. ആവശ്യപ്പെട്ട സീറ്റുകൾ ലഭിച്ചില്ലെങ്കിൽ മഹാ വികാസ് അഘാഡിക്ക് കോട്ടം വരാത്ത വിധത്തിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് പാർട്ടിയുടെ തീരുമാനം.
എല്ലായ്‌പ്പോഴും ത്യാഗം സഹിക്കേണ്ട കാര്യമില്ലെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു. 25 മുതല്‍ 30 വരെ സ്വതന്ത്ര സ്ഥാനാർഥികളെ സംസ്ഥാനത്ത് മത്സരിപ്പിക്കുമെന്ന വെല്ലുവിളിയും എസ്‌പി ഉയർത്തി.
മഹാവികാസ് അഘാഡി സഖ്യത്തിലെ പ്രധാനകക്ഷികളായ കോൺഗ്രസും ശിവസേന ഉദ്ധവ് വിഭാഗവും എൻസിപി ശരദ് പവാർ വിഭാഗവും 85 വീതം സീറ്റുകളിലാണ് മത്സരിക്കുന്നതെന്നാണ് നേരത്തെ സഖ്യം അറിയിച്ചത്.
ബാക്കിയുള്ള 23 സീറ്റുകളുടെ വിഭജനം ഓരോ പാർട്ടിയുടെയും സ്ഥാനാർഥി പട്ടികയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുകയെന്നും സഖ്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇന്ത്യ മുന്നണിയിലെ കോണ്‍ഗ്രസിന്‍റെ പ്രധാന സഖ്യകക്ഷി കൂടിയായ സമാജ്‌വാദി പാർട്ടി സീറ്റ് വിഭജനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്