തിരുവനന്തപുരം: പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് കേന്ദ്ര പദ്ധതികളെ അടിച്ചു മാറ്റി സ്വന്തം ക്രെഡിറ്റില്‍ അവതരിപ്പിക്കുന്നത് അല്പത്തരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേന്ദ്ര പദ്ധതികള്‍ക്ക് സ്വന്തം സ്റ്റിക്കര്‍ ഒട്ടിച്ച് മുഖ്യമന്ത്രിയും മരുമകനും ക്രെഡിറ്റ് അടിച്ചുമാറ്റുന്നുവെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വിമര്‍ശനം. അല്‍പ്പത്തരമല്ലേ, മാന്യത വേണ്ടേ എന്ന തലക്കെട്ടോടെ ഫെസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഫെസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
അല്പത്തരമല്ലേ? ഒരു മാന്യത വേണ്ടേ?
നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതിയായ സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി തിരുവനന്തപുരത്തെ 12 സ്മാര്‍ട്ട് റോഡുകള്‍ സ്വന്തം എന്ന് അവകാശപ്പെടുകയാണ് പിണറായി സര്‍ക്കാരും കമ്യൂണിസ്‌റ് രാജവംശത്തിന്റെ മരുമകനും. രാജ്യത്തെ 100 സ്മാര്‍ട്ട് നഗരങ്ങളില്‍ ഒന്നായി തിരുവനന്തപുരത്തെ കേന്ദ്ര നഗരവികസന മന്ത്രാലയം തിരഞ്ഞെടുത്താണ് ഈ പദ്ധതി നടപ്പിലാക്കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പ് കേട് കൊണ്ട് സ്മാര്‍ട്ട് നഗരത്തിന്റെ ഒന്നാംഘട്ട പദ്ധതി പോലും കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച സമയത്ത് പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിനും തിരുവനന്തപുരം നഗരസഭയ്ക്കും കഴിഞ്ഞില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ കൃത്യമായ ഇടപടല്‍ കൊണ്ട് സംസ്ഥാനത്തിന്റെ പിടിപ്പുകേടിനെ മറികടന്ന് പദ്ധതികള്‍ പൂര്‍ത്തിയായി. ഇപ്പോള്‍ അതിന്റെ ക്രെഡിറ്റ് അടിച്ചു മാറ്റാന്‍ മുഖ്യമന്ത്രിയും മരുമകനും എത്തിയിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ പുതിയ ഒരു പദ്ധതിയും നടപ്പിലാക്കുന്നില്ല. ആകെ ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് സ്വന്തം സ്റ്റിക്കര്‍ ഒട്ടിച്ച് പേരുമാറ്റി അടിച്ചു മാറ്റുക മാത്രമാണ്. സ്വന്തം പിടിപ്പുകേട് മറച്ച് പിടിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
മുഖ്യമന്ത്രിയും മരുമകനും സംസ്ഥാന സര്‍ക്കാരിന്റെ ഒമ്പതാം വര്‍ഷം ആഘോഷിക്കുകയാണ്. എന്തിന് വേണ്ടിയാണ് ഈ ആഘോഷം? നാടിനെ വികസനത്തിലേക്ക് നയിക്കാന്‍ വലിയ അവസരങ്ങള്‍ ഉണ്ടായിട്ട്, അത് ഇല്ലാതാക്കിയ ഒന്‍പതു വര്‍ഷത്തിന്റെ ആഘോഷമാണോ? രാജ്യം മുഴുവന്‍ പുരോഗതിയിലേക്ക് നീങ്ങിയപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അത് നിഷേധിച്ചതിന്റെ ഒന്‍പത് വര്‍ഷമാണ് ആഘോഷിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വിലക്കയറ്റം നേരിടുന്ന ഒരു സംസ്ഥാനമായി കേരളം മാറി. വിലക്കയറ്റത്തിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളം ഒന്നാമതാണ് 5.94 ശതമാനമാണ് കേരളത്തിലെ വിലക്കയറ്റത്തിന്റെ നിരക്ക്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയാണ് രണ്ടാമത്. രാജ്യത്തിന്റെ മൊത്തം വിലക്കയറ്റ നിരക്ക് പരിശോധിച്ചാല്‍ 3.16 മാത്രമാക്കി പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.
സമാനമായ സ്ഥിതിയാണ് തൊഴിലില്ലായ്മയിലും. രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നേരിടുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. അടുത്തിടെ പുറത്തുവന്ന കണക്ക് പ്രകാരം കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ഏകദേശം 29% ആണ്. കടം മേടിക്കാതെ ഒരിഞ്ച് മുന്നോട്ട് പോകാന്‍ കഴിയുന്നില്ല സംസ്ഥാന സര്‍ക്കാരിന്. ആശാവര്‍ക്കര്‍മാര്‍ക്ക് 100 രൂപ കൂടി കൊടുക്കാന്‍ കഴിയുന്നില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 30% സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നു
അങ്ങനെ സമസ്ത മേഖലയിലും പരാജയപ്പെട്ട ഒന്‍പതു വര്‍ഷമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയും മരുമകനും ചേര്‍ന്ന് ആഘോഷിക്കുന്നത്. കേരളത്തില്‍ എന്തെങ്കിലും വികസനമോ പുതിയ പദ്ധതികളോ വന്നിട്ടുണ്ടെങ്കില്‍ അത് കേന്ദ്ര സര്‍ക്കാരും നരേന്ദ്ര മോദിയും കൊണ്ടുവന്നതാണ്. ഇത് ബിജെപി മാത്രം പറയുന്നതല്ല കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞതാണ്.
സംസ്ഥാന സര്‍ക്കാര്‍ ക്രെഡിറ്റ് എടുക്കുന്ന റേഷന്‍ വിതരണം, ഹൈവേ നിര്‍മ്മാണം, വിഴിഞ്ഞം പദ്ധതി ഇവയെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ യാഥാര്‍ത്ഥ്യമായ പദ്ധതികളാണ്. വികസനം കേരളത്തിലെ ജനങ്ങളുടെ അവകാശമാണ്. അത് നടപ്പിലാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും മാത്രമാണ്. വികസിത കേരളം യാഥാര്‍ത്ഥ്യമാക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്