തിരുവനന്തപുരം: ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്ന് സൂചന. രാജിവച്ചാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിടയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നതാണ് പാര്‍ട്ടി നിലപാട്.
ഹൈക്കമാന്‍ഡ് കൈവിട്ടതോടെ രാജിവച്ചൊഴിയുന്നതാണ് നല്ലതെന്ന് രമേശ് ചെന്നിത്തലയും വി.ഡി സതീശനും നേരത്തെ നിലപാട് എടുത്തിരുന്നു. ഇരുവരും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു.
എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നില്ലെങ്കില്‍ രാഹുലിനെതിരെ കടുത്ത പാര്‍ട്ടി നടപടി വന്നേക്കും. രാഹുലിനെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാനും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താനുമാണ് സാധ്യത. നിയമസഭ നടപടികളില്‍ അവസരം നല്‍കാതെ മാറ്റി നിര്‍ത്താനാണ് തീരുമാനമെങ്കില്‍ 15 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ രാഹുല്‍ അവധിയില്‍ പോയേക്കും.
ഞായറാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് പ്രതികരിച്ചിരുന്നു. താന്‍ കാരണം പാര്‍ട്ടിക്ക് തലകുനിക്കേണ്ടി വരരുതെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നും പാര്‍ട്ടിക്കായി പ്രതിരോധിച്ചിട്ടുള്ള ആളാണ് താനെന്നും വ്യക്തമാക്കിയിരുന്നു.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ടെലഫോണില്‍ പ്രധാനപ്പെട്ട നേതാക്കളുമായി ആശയവിനിമയം നടത്തി. രാഹുല്‍ രാജിവെക്കുമ്പോള്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരില്ലേ എന്ന ചോദ്യം ഇതിനിടയില്‍ ഉയര്‍ന്നു. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും അഭിപ്രായമുണ്ടായി. 9 മാസം മാത്രമേ ബാക്കിയുള്ളൂ എങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ബിജെപി സമ്മര്‍ദ്ദം ചെലുത്തുമോ എന്നായിരുന്നു ആശങ്ക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്