ന്യൂഡെല്‍ഹി: മഹാകുംഭമേള മഹാവിജയമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 60 കോടിയിലധികം പേര്‍ പങ്കെടുത്ത കുംഭമേള വിജയകരമായി നടത്തിയതിന് ഉത്തര്‍പ്രദേശ് ഭരണകൂടത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മഹാകുംഭ മേളയുടെ വിജയകരമായ സംഘാടനത്തിന് പൊതുജനങ്ങള്‍ക്കും ഭരണകൂടത്തിനും ഞാന്‍ നന്ദി പറയുന്നു. വിവിധ ആളുകളുടെ പരിശ്രമത്തിന്റെ ഫലമാണ് മഹാ കുംഭമേളയുടെ വിജയം. എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു: രാജ്യത്തെ ഭക്തര്‍ക്ക്, യുപിയിലെ പൊതുജനങ്ങള്‍ക്ക്, പ്രത്യേകിച്ച് പ്രയാഗ്രാജിലെ ജനങ്ങള്‍ക്ക്. ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവരാന്‍ കഠിനാധ്വാനം നടന്നതായി നമുക്കെല്ലാവര്‍ക്കും അറിയാം; മഹത്തായ മഹാകുംഭമേള നടത്താനും സമാനമായ പരിശ്രമങ്ങള്‍ നടന്നിട്ടുണ്ട്,' പ്രധാനമന്ത്രി പറഞ്ഞു.
ഭാരതത്തിന്റെ മാഹാത്മ്യം മഹാകുംഭമേളയിലൂടെ ലോകം ദര്‍ശിച്ചു. ദേശീയ ആത്മബോധം ഉണരുന്നത് നാം കണ്ടു. ഇന്ത്യയുടെ കഴിവുകളെ നിരന്തരം വിമര്‍ശിക്കുന്ന ചിലര്‍ ഉയര്‍ത്തിയ സംശയങ്ങളും ഭീതികളും ഈ വിജയത്തോടെ നിശബ്ദമാക്കപ്പെട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കുംഭമേളയെക്കുറിച്ച് ദീര്‍ഘമായി സംസാരിച്ചെങ്കിലും ജനുവരി 29 ന് നടന്ന തിക്കിലും തിരക്കിലും കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
'പ്രധാനമന്ത്രി പറഞ്ഞതിനെ പിന്തുണയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുംഭമേള നമ്മുടെ പാരമ്പര്യവും ചരിത്രവും സംസ്‌കാരവുമാണ്. പക്ഷേ കുംഭമേളയില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചില്ല എന്നതാണ് ഞങ്ങളുടെ ഒരേയൊരു പരാതി.' രാഹുല്‍ പറഞ്ഞു.
കുംഭമേളയില്‍ യുവാക്കള്‍ക്ക് ജോലി അവസരങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു. കുംഭമേളയെ കുറിച്ച് സംസാരിക്കാന്‍ തനിക്ക് അവസരം ലഭിച്ചില്ലെന്നും രാഹുല്‍ പറഞ്ഞു. 'ജനാധിപത്യ ഘടന അനുസരിച്ച്, പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം ലഭിക്കണം, പക്ഷേ അവര്‍ ഞങ്ങളെ അനുവദിക്കില്ല. ഇതാണ് പുതിയ ഇന്ത്യ.' രാഹുല്‍ കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്