'പിണറായി രാജിവയ്ക്കണം, ശൈലജയെ പ്രതിപക്ഷ നേതാവാക്കണം'; സിപിഎം ഏരിയ കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനം

MAY 23, 2026, 10:03 PM

കോട്ടയം: പാര്‍ട്ടി നേതൃത്വത്തിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കടുത്ത വിമര്‍ശനങ്ങളുമായി സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി യോഗം. പിണറായി വിജയന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും പകരം കെ.കെ ശൈലജയെ മത്സരിപ്പിച്ചു വിജയിപ്പിച്ച് നിയമസഭയിലെ പ്രതിപക്ഷ നേതാവാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഉദയഭാനുവിന്റെ സാന്നിധ്യത്തിലായിരുന്നു നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയുള്ള അംഗങ്ങളുടെ രൂക്ഷ വിമര്‍ശനം. കൂടാതെ പാര്‍ട്ടിയിലെ വ്യക്തിപൂജാ വിവാദങ്ങള്‍ യോഗത്തില്‍ സജീവ ചര്‍ച്ചയായി. പി. ജയരാജന് അനുകൂലമായി പാട്ട് ഇറങ്ങിയപ്പോള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച പാര്‍ട്ടി നേതൃത്വം, പിണറായി വിജയന് വേണ്ടി സമാനമായ രീതിയില്‍ പാട്ടുകള്‍ നിര്‍മ്മിക്കപ്പെട്ടപ്പോള്‍ മൗനം പാലിച്ചുവെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും പി. ജയരാജനെ പാര്‍ട്ടിയുടെ മുഖ്യ നേതൃനിരയിലേക്ക് തിരികെ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

മുന്‍ മന്ത്രി വി.എന്‍ വാസവന്‍ സാധാരണക്കാരില്‍ നിന്നും പാര്‍ട്ടി അണികളില്‍ നിന്നും പൂര്‍ണ്ണമായി അകന്നുപോയതായി യോഗം വിലയിരുത്തി. മുതലാളിമാരുമായും സമുദായ നേതാക്കളുമായും മാത്രമാണ് അദ്ദേഹം ബന്ധം പുലര്‍ത്തിയതെന്ന കടുത്ത ആക്ഷേപമാണ് ഉയര്‍ന്നത്. ഇതിനുപുറമെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ എന്നിവരുടെ പ്രവര്‍ത്തന ശൈലിക്കെതിരെയും കമ്മിറ്റിയില്‍ രൂക്ഷമായ വിമര്‍ശനങ്ങളുണ്ടായി.

പാര്‍ട്ടി യുവാക്കള്‍ക്കായി ഒന്നും ചെയ്യുന്നില്ല. ഈ നിലപാടുകളുമായിട്ടാണ് മുന്നോട്ട് പോകുന്നതെങ്കില്‍, വരും കാലങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടി സമരം ചെയ്യാനും പൊലീസിന്റെ തല്ലുകൊള്ളാനും യുവാക്കളെ കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്നും യോഗത്തില്‍ പരാമര്‍ശം ഉണ്ടായി.

ചര്‍ച്ചകളില്‍ വിമര്‍ശനം അതിരുകടന്നതോടെ സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഉദയഭാനു ഇടപെടാന്‍ ശ്രമിച്ചെങ്കിലും അംഗങ്ങള്‍ വഴങ്ങിയില്ല. തങ്ങള്‍ക്ക് പറയാനുള്ളത് ഇനിയും തുറന്ന് പറയുമെന്ന ഉറച്ച നിലപാടാണ് അവര്‍ സ്വീകരിച്ചത്. സംസ്ഥാന കമ്മിറ്റിയില്‍ താഴേത്തട്ടിലെ യഥാര്‍ത്ഥ അവസ്ഥകള്‍ തുറന്ന് പറയാന്‍ നേതാക്കള്‍ മടിക്കുന്നതാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ കനത്ത പരാജയത്തിന് കാരണമെന്നും ഏരിയ കമ്മിറ്റി അംഗങ്ങള്‍ യോഗത്തില്‍ തുറന്നടിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam