ന്യൂഡെല്‍ഹി: രാജ്യത്തുടനീളം പാര്‍ട്ടിക്ക് വേണ്ടിയുള്ള പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിച്ചതിനാലാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. താനും രാഹുല്‍ ഗാന്ധിയും ഒരുമിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് പ്രിയങ്ക പറഞ്ഞു. രണ്ടുപേരും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കില്‍ കുറഞ്ഞത് 15 ദിവസമെങ്കിലും അവരവരുടെ മണ്ഡലങ്ങളില്‍ നീക്കിവെക്കേണ്ടി വരുമായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
'ഞങ്ങള്‍ രണ്ടുപേരും മത്സരിച്ചിരുന്നെങ്കില്‍, രണ്ടുപേര്‍ക്കും 15 ദിവസം സ്വന്തം മണ്ഡലത്തില്‍ തങ്ങേണ്ടി വരുമായിരുന്നു. അതിനാല്‍, മല്‍സരിക്കാതെ രാജ്യം മുഴുവന്‍ പ്രചാരണം നടത്തുന്നതാണ് ഉചിതമെന്ന് ഞാന്‍ കരുതി,' പ്രിയങ്ക പറഞ്ഞു.
'ഞാന്‍ കഴിഞ്ഞ 15 ദിവസമായി റായ്ബറേലിയില്‍ പ്രചാരണം നടത്തുന്നു. ഗാന്ധി കുടുംബത്തിന് റായ്ബറേലിയുമായി ദീര്‍ഘകാല ബന്ധമുണ്ട്. അതിനാല്‍, ഞങ്ങള്‍ ഇവിടെ വന്ന് അവരെ സന്ദര്‍ശിച്ച് അവരുമായി ഇടപഴകുമെന്ന് ആളുകള്‍ പ്രതീക്ഷിക്കുന്നു. റിമോട്ട് കണ്‍ട്രോളിലൂടെ ഇവിടെ വോട്ടെടുപ്പ് ജയിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.' പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഭാവിയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തില്‍ നിന്ന് പ്രിയങ്ക ഒഴിഞ്ഞുമാറി. 'ഞാന്‍ ഒരിക്കലും ഒരു പാര്‍ലമെന്റേറിയനാകുന്നതിനെ കുറിച്ചോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ചോ ചിന്തിച്ചിട്ടില്ല. തരുന്ന ഏത് റോളിലും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ഞാന്‍ തെരഞ്ഞെടുപ്പില്‍ പോരാടണമെന്ന് ആളുകള്‍ക്ക് തോന്നുന്നുവെങ്കില്‍, ഞാന്‍ മത്സരിക്കും,' പ്രിയങ്ക പറഞ്ഞു.
തോല്‍ക്കുമെന്ന ഭയം മൂലമാണ് പ്രിയങ്ക തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതെന്ന് ബിജെപിയുടെ ആരോപിച്ചിരുന്നു. ബിജെപിയുടെ തന്ത്രത്തിനനുസരിച്ചല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്ന് ഇതിന് മറുപടിയായി പ്രിയങ്ക പറഞ്ഞു.
തന്റെ മുന്‍ സീറ്റായ അമേഠിയില്‍ നിന്ന് ഒളിച്ചോടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചിരുന്നു. കോണ്‍ഗ്രസിന് ഒരിക്കലും അമേഠിയും റായ്ബറേലിയും വിട്ടുപോകാനാകില്ലെന്ന് ബിജെപിയുടെ ആരോപണത്തോട് പ്രതികരിച്ച് പ്രിയങ്ക പറഞ്ഞു. എന്തുകൊണ്ടാണ് നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതെന്നും അവര്‍ ചോദിച്ചു. 'പ്രധാനമന്ത്രി മോദിക്ക് ഭയമാണോ? എന്തുകൊണ്ടാണ് അദ്ദേഹം 2014 ന് ശേഷം വഡോദരയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത്? അദ്ദേഹം ഗുജറാത്തില്‍ നിന്ന് ഓടിപ്പോയോ?' പ്രിയങ്ക ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്