നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വമ്പന്‍മാറ്റങ്ങള്‍ക്കാണ് മുസ്ലിം ലീഗ് ഇത്തവണ ഒരുങ്ങുന്നത്. അതില്‍ തന്നെ എടുത്തു പറയേണ്ടത് പത്തോളം പുതുമുഖങ്ങള്‍ സജീവ പരിഗണനയില്‍ ഉണ്ടെന്നതാണ്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉള്‍പ്പെടെ ഒരുപറ്റം യുവനേതാക്കള്‍ ഇത്തവണ അങ്കം കുറിക്കാനാണ് സാധ്യത.
നിയസഭയിയില്‍ ഒരു മികച്ച പച്ചപ്പടയെ കളത്തിലിറക്കാനാണ് ലീഗിന്റെ നീക്കം. ഇരുപതില്‍ അധികം സീറ്റുകള്‍ ജയിച്ച് യുഡിഎഫിനെ അധികാരത്തിലേറ്റാനാണ് ലക്ഷ്യം. തദ്ദേശപ്പോരിലെ വിജയപ്പെരുമ നിയമസഭയിലും ആവര്‍ത്തിക്കുന്നതിനായി ലീഗിന്റെ അണിയറയില്‍ ഒരുക്കങ്ങളും സജീവമാണ്. സ്ഥാനാര്‍ത്ഥികള്‍ ആരാകണം, എന്താകണം മാനദണ്ഡം, പാര്‍ട്ടിയുടെ ചാലശക്തികള്‍ എന്നിവയെല്ലാം പാര്‍ട്ടി നേതൃത്വം ഇഴകീറി പരിശോധിക്കുന്നുണ്ട്. കൂടാതെ ഒന്നും പുറത്തുപോവാതെ നോക്കാന്‍ അതിലേറ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലും പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ ഒന്നും തുറന്നുപറയാതെയാണ് മറുപടി നല്‍കുന്നത്. ലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാണക്കാട് സാദിഖലി തങ്ങള്‍ പറയുമ്പോള്‍ അല്ലാതെ അറിയാന്‍ പോകുന്നില്ലെന്നാണ് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. പുതുമുഖങ്ങളില്‍ ഒന്നാം പേര് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിന്റേതാണ്.
അതേസമയം എംഎസ്എഫ് പ്രസിഡന്റുമാര്‍ക്ക് സീറ്റു കൊടുക്കല്‍ പതിവില്ല. എന്നാല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ പ്രകടനവും പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നതിലെ മികവും നവാസിന് വാതില്‍ തുറന്നേക്കും. ലീഗ് നാഷണല്‍ അസിസന്റ് സെക്രട്ടറി ഫൈസല്‍ ബാബു, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ടി.പി അഷ്‌റഫലി, ഓര്‍ഗനൈസിങ് സെക്രട്ടറി ഷിബു മീരാന്‍ എന്നിവരും പരിഗണനാ പട്ടികയില്‍ മുന്നില്‍ ഉണ്ട്. ആര്‍ക്കൊക്കെ ഷുവര്‍ സീറ്റുകള്‍, വിയജസാധ്യതയുള്ളിടത്ത് ആരൊക്കെ എന്നിവയൊക്കെ കാത്തിരുന്നു കാണാമെന്നാണ് നേതാക്കള്‍ പറയുന്നത്. സിറ്റിങ് എംഎല്‍എമാരില്‍ ആരെയൊക്കെ മാറ്റിനിര്‍ത്തും എന്നതിനുസരിച്ചായിരിക്കും യുവതാരങ്ങളുടെ സാധ്യത. പാര്‍ട്ടി തോറ്റ താനൂര്‍ മാത്രമാണ് ഓപ്പണ്‍ സീറ്റുള്ളത്.
നിയമസഭ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്ന വനിതാ നേതാക്കളായ നജ്മ തബ്ശീറയും ഫാത്തിമ തഹ്ലിയയും തദ്ദേശജനപ്രതിനിധികളായി. സീനിയോറിറ്റി പരിഗണിച്ചാണെങ്കില്‍ വനിതാ അധ്യക്ഷ സുഹ്‌റ മമ്പാടും ദേശീയ അസി. സെക്രട്ടറി ജയന്തി രാജനും ജയിക്കാവുന്ന സീറ്റുകള്‍ പ്രതീക്ഷിക്കാം. കുന്ദമംഗലം, കോഴിക്കോട് സൗത്ത്, പേരാമ്പ്ര, കൂത്തുപറമ്പ്, സീറ്റുകളില്‍ പുതുമുഖങ്ങള്‍ക്ക് നറുക്ക് വീണേക്കും.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മിന്നുന്ന ജയമാണ് മുസ്ലിംലീഗ് സ്വന്തമാക്കിയത്. വോട്ടുവിഹിതത്തില്‍ നാലാം സ്ഥാനത്തുള്ള ലീഗ് 9.77 ശതമാനം വോട്ടുകളാണ് നേടിയത്. ആകെ 2835 വാര്‍ഡുകളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ വിജയിച്ച മുസ്‌ലിം ലീഗ് സീറ്റെണ്ണത്തില്‍ ചരിത്രനേട്ടത്തിലെത്തിയിരുന്നു. ലീഗ് സ്വതന്ത്രരെ കൂട്ടാതെയുള്ള കണക്കാണിത്.
2020ല്‍ സംസ്ഥാനത്താകെ 2133 സീറ്റിലാണ് ലീഗ് വിജയിച്ചിരുന്നത്. മലപ്പുറം ജില്ലയില്‍ ലീഗിന്റെ സമഗ്രാധിപത്യമാണ് കണ്ടത്. എന്നാല്‍, മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഞെട്ടിക്കുന്ന പ്രകടനമാണ് ലീഗ് ഇത്തവണ കാഴ്ചവെച്ചത്.
എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ കാഴ്ചവച്ച മികച്ച പ്രകടനം വഴി ഇത്തവണ ഒട്ടേറെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ, ഉപാധ്യക്ഷ പദവികളാണ് ലീഗിന് ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
