കാസർഗോഡ്: മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയെ പരീക്ഷിക്കാൻ എൽഡിഎഫ്. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രം എന്ന് അവകാശപ്പെടാൻ ആകാത്ത മണ്ഡലമാണ് കാസർഗോഡ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എല്ലാം ഇടത് സ്ഥാനാർഥി മൂന്നാം സ്ഥാനത്ത് ആയിരുന്നു.
കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിരുന്ന ഷാനവാസ് പാദൂരിനെയാണ് ഇത്തവണ കളത്തിൽ ഇറക്കുന്നത്. ഐഎൻഎല്ലിന് നൽകിയിരുന്ന സീറ്റാണെങ്കിലും ഇവിടെ സ്വതന്ത്രനെ പരീക്ഷിക്കാൻ മുന്നണി തീരുമാനിക്കുകയായിരുന്നു.
താരതമ്യേന ശക്തികുറഞ്ഞ ഐഎൻഎല്ലിന് കൂടുതൽ അവകാശവാദങ്ങൾ ഉന്നയിക്കാനും ആകില്ല. ഈ സാഹചര്യത്തിലാണ് കാസർഗോഡ് മണ്ഡലം ഒരിക്കൽ കൂടി നൽകാമെന്നും ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്നും സിപിഐഎം തന്നെ ആവശ്യപ്പെടുന്നത്.
2020ൽ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഐഎൻഎല്ലിന് നൽകിയ സീറ്റിലാണ് ഷാനവാസ് പാദൂർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചത് കോൺഗ്രസിന്റെയും ലീഗിന്റെയും വോട്ടുകൾ ഷാനവാസിലൂടെ നേടാനാകും എന്നാണ് സിപിഐഎം കണക്കുകൂട്ടുന്നത്. ഇതിന്റെ ഭാഗമായാണ് ഇത്തവണ ജില്ലാ പഞ്ചായത്തിൽ മത്സരിപ്പിക്കാതെ നിയമസഭയിൽ സ്ഥാനാർഥിയാക്കുന്നത്.
മുസ്ലീം വോട്ടർമാർ കൂടുതലുള്ള മണ്ഡലത്തിൽ എക്കാലവും ഇടതുപക്ഷം പരീക്ഷിച്ചതും മുസ്ലീം സ്ഥാനാർഥിയെയാണ്. അതിനാലാണ് ഐഎൻഎല്ലിന് തുടർച്ചയായി സീറ്റ് നൽകിയത്. ഇത്തവണ വിജയസാധ്യതയുള്ള ഉദുമ നൽകണമെന്ന ആവശ്യം ഐഎൻഎൽ നേരത്തെ മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാൽ സിപിഐഎമ്മിന്റെ സിറ്റിങ് സീറ്റ് ആയ ഉദുമ വിട്ടു നൽകാൻ നേതൃത്വം തയ്യാറാകില്ല. നിലവിലെ എംഎൽഎ ആയ സി.എച്ച്. കുഞ്ഞമ്പു ഒരിക്കൽ കൂടി മത്സരിക്കുകയും ഭരണം ലഭിച്ചാൽ കാസർഗോഡ് നിന്ന് മന്ത്രിസ്ഥാനം ലക്ഷ്യമിടുകയും ചെയ്യുന്നുണ്ട്. അതിനാൽ ഐഎൻഎല്ലിന് ഉദുമ ലഭിക്കില്ലെന്ന് ഉറപ്പാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
