ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായ നാടകീയ നീക്കങ്ങളില്‍ ഡി.എം.കെയ്‌ക്കെതിരെ ശക്തമായ ആരോപണങ്ങളുമായി കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍. ടി.വി.കെ അധ്യക്ഷന്‍ സി. ജോസഫ് വിജയ് മുഖ്യമന്ത്രിയാകുന്നത് തടയാന്‍ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും തമ്മില്‍ ബി.ജെ.പിയുടെ മധ്യസ്ഥതയില്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്നാണ് വെളിപ്പെടുത്തല്‍. ഈ അവിശുദ്ധ കൂട്ടുകെട്ട് പരാജയപ്പെട്ടതിന്റെ കടുത്ത നിരാശയിലാണ് ഡി.എം.കെ. ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ തിരിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ശനിയാഴ്ച നടന്ന ഡിഎംകെ യുവജന വിഭാഗം യോഗത്തില്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ പാസാക്കിയ പ്രമേയം ഈ നിരാശയില്‍ നിന്ന് ഉടലെടുത്ത വെറും നാടകം മാത്രമാണ്. മതേതര മുഖംമൂടി ധരിച്ച ഡി.എം.കെ കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വവുമായി പിന്‍വാതില്‍ രാഷ്ട്രീയത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്നും മാണിക്കം ടാഗോര്‍ തുറന്നടിച്ചു.
മെയ് നാലിന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഘട്ടത്തില്‍ത്തന്നെ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും തമ്മില്‍ അണിയറ നീക്കങ്ങള്‍ ആരംഭിച്ചിരുന്നുവെന്ന് മാണിക്കം ടാഗോര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മെയ് നാലിന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഡല്‍ഹിയിലെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ഒരു ഫോണ്‍ കോളെയത്തി. ഇതിന് പിന്നാലെയാണ് ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും തമ്മില്‍ ചര്‍ച്ച നടക്കുന്നത്. വിജയ് മുഖ്യമന്ത്രിയാകുന്നത് തടയുക എന്ന ഒറ്റ ലക്ഷ്യത്തോടെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമിയെ മുഖ്യമന്ത്രിയാക്കാനും ഡി.എം.കെ പുറത്തുനിന്ന് പിന്തുണയ്ക്കാനുമായിരുന്നു ഈ ചര്‍ച്ചയിലെ ധാരണയെന്നും മാണിക്കം ടാഗോര്‍ വെളിപ്പെടുത്തി.
മെയ് അഞ്ചോടെ ബി.ജെ.പിയുമായി ഡി.എം.കെ നടത്തുന്ന പിന്‍വാതില്‍ രാഷ്ട്രീയത്തിന്റെ കൂടുതല്‍ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചു. ഇതോടെയാണ് ഡി.എം.കെ സഖ്യം ഉപേക്ഷിച്ച് മതേതര സര്‍ക്കാര്‍ രൂപീകരണത്തിനായി കോണ്‍ഗ്രസ് ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ പാര്‍ട്ടികളും വി.സി.കെ, ഐ.യു.എം.എല്‍ തുടങ്ങിയ കക്ഷികളും ഡി.എം.കെയുടെ ഈ രഹസ്യ ഇടപാടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.എം.കെ യുവജന വിഭാഗം സെക്രട്ടറി ഉദയനിധി സ്റ്റാലിനെതിരെയും മാണിക്കം ടാഗോര്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ആദ്യമായി എം.എ.എല്‍ ആയപ്പോള്‍ മന്ത്രിയാക്കാനും പിന്നീട് ഉപമുഖ്യമന്ത്രിയാക്കാനും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ഇതൊക്കെ മറന്ന് കോണ്‍ഗ്രസിനെതിരെ സംസാരിക്കുന്നത് നന്ദികേടാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ആണ് ബി.ജെ.പിയുടെ തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് കാരണമെന്ന ഉദയനിധിയുടെ പ്രസ്താവന സ്വന്തം തത്വങ്ങള്‍ വിസ്മരിച്ചുകൊണ്ടുള്ളതാണെന്നും തമിഴ്നാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇതിന് കൃത്യമായ മറുപടി നല്‍കാന്‍ അറിയാമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ലോക്സഭയില്‍പ്പോലും ഡി.എം.കെ എം.പിമാര്‍ ബി.ജെ.പി നേതാക്കള്‍ക്ക് അടുത്തേക്ക് സീറ്റുകള്‍ മാറാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ഉടന്‍ തന്നെ ബി.ജെ.പിയുമായി പരസ്യ സഖ്യത്തിലാകുമെന്നും ടാഗോര്‍ പ്രവചിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
