കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. സംസ്ഥാന ഭരണം നഷ്ടപ്പെട്ടിട്ടും തദ്ദേശ സ്ഥാപനങ്ങളില്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്ന മേധാവിത്വം പൂര്‍ണ്ണമായും തകരുന്ന രീതിയിലാണ് കൗണ്‍സിലര്‍മാരുടെ കൂട്ടപ്പലായനം നടക്കുന്നത്.
വിവിധ നഗരസഭകളില്‍ നിന്നായി നൂറിലധികം തൃണമൂല്‍ കൗണ്‍സിലര്‍മാര്‍ ഇതിനോടകം രാജി സമര്‍പ്പിച്ചു കഴിഞ്ഞു. 1998 ല്‍ പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും നേരിടുന്ന ഏറ്റവും കടുത്ത ആഭ്യന്തര വെല്ലുവിളിയാണിത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് തൃണമൂല്‍ കോട്ടകളില്‍ വിള്ളല്‍ വീണത്.
വടക്കന്‍ 24 പര്‍ഗാനാസ് ഉള്‍പ്പെടെയുള്ള വ്യവസായ മേഖലകളിലെ നഗരസഭകളിലാണ് ഭരണം പൂര്‍ണ്ണമായും സ്തംഭിച്ചത്. ഭട്പാറയില്‍ ആകെയുള്ള 35 കൗണ്‍സിലര്‍മാരില്‍ ചെയര്‍പേഴ്‌സണ്‍ രേബ റാഹ ഉള്‍പ്പെടെ 30 പേരും രാജി വെച്ചു. ഹാലിസഹറില്‍ 23 കൗണ്‍സിലര്‍മാരില്‍ 16 പേര്‍ ഒഴിഞ്ഞു. കാഞ്ചന്‍പാറയില്‍ 14 കൗണ്‍സിലര്‍മാര്‍ കൂട്ടത്തോടെ രാജി സമര്‍പ്പിച്ചു. ഡയമണ്ട് ഹാര്‍ബറില്‍ തൃണമൂലിന്റെ ശക്തനായ നേതാവും എംപിയുമായ അഭിഷേക് ബാനര്‍ജിയുടെ മണ്ഡലത്തില്‍ പോലും 8 കൗണ്‍സിലര്‍മാര്‍ ഒരുമിച്ച് രാജി സമര്‍പ്പിച്ചത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
കൗണ്‍സിലര്‍മാര്‍ ഒഴിഞ്ഞ പശ്ചാത്തലത്തില്‍ നഗരസഭകളുടെ ഭരണം ഏറ്റെടുക്കാന്‍ പുതിയ ബിജെപി സര്‍ക്കാര്‍ അഡ്മിനിസ്ട്രേറ്റര്‍മാരെ നിയമിച്ചു തുടങ്ങി. തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍കാല സാമ്പത്തിക ഇടപാടുകളില്‍ നഗരവികസന വകുപ്പ് മന്ത്രി അഗ്‌നിമിത്ര പോള്‍ അന്വേഷണം പ്രഖ്യാപിച്ചതാണ് പല നേതാക്കളെയും പെട്ടെന്നുള്ള രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.
അഴിമതി വിരുദ്ധ നടപടികളും 'ബുള്‍ഡോസര്‍' രാഷ്ട്രീയവും
ഭരണ മാറ്റത്തിന് പിന്നാലെ തൃണമൂല്‍ നേതാക്കള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ ബിജെപി സര്‍ക്കാര്‍ ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അഴിമതി, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പന്ത്രണ്ടിലധികം കൗണ്‍സിലര്‍മാരെയും പ്രാദേശിക നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മാത്രമല്ല കൊല്‍ക്കത്തയിലെയും മറ്റ് ജില്ലകളിലെയും തൃണമൂല്‍ നേതാക്കള്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങളും പാര്‍ട്ടി ഓഫീസുകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുന്ന നടപടിയും വ്യാപകമായി തുടരുകയാണ്. ഇതിനെതിരെ മമത ബാനര്‍ജി പരസ്യമായി രംഗത്തുവന്നെങ്കിലും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പലരും മൗനത്തിലാണ്.
കൊല്‍ക്കത്ത കോര്‍പ്പറേഷനില്‍ ഭിന്നത
പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനെയും ബാധിച്ചിട്ടുണ്ട്. തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ ഉടമസ്ഥതയിലുള്ളതും അദ്ദേഹവുമായി ബന്ധമുള്ളതുമായ 17 കെട്ടിടങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ പൊളിക്കല്‍ നോട്ടീസ് നല്‍കിയതാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് കാരണം.
നോട്ടീസ് നല്‍കിയ നടപടിയില്‍ മമത ബാനര്‍ജി അതൃപ്തി രേഖപ്പെടുത്തിയതോടെ, കൊല്‍ക്കത്ത മേയര്‍ ഫിര്‍ഹാദ് ഹക്കീം പദവി ഒഴുയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉദ്യോഗസ്ഥ തലത്തില്‍ സ്വീകരിച്ച നടപടിയെക്കുറിച്ച് തനിക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ലെന്നാണ് മേയറുടെ വിശദീകരണം. തൊട്ടുപിന്നാലെ കോര്‍പ്പറേഷനിലെ ഒരു തൃണമൂല്‍ കൗണ്‍സിലര്‍ രാജി വെക്കുകയും ചെയ്തു.
ഐ-പാക്കിനെതിരെ വിമര്‍ശനം
ലോക്‌സഭാ എംപിയായ കാകൊളി ഘോഷ് ദസ്തിദാര്‍ പാര്‍ട്ടി പദവികള്‍ ഒഴിഞ്ഞതും മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ നടന്ന ഔദ്യോഗിക ഭരണപരമായ യോഗത്തില്‍ പങ്കെടുത്തതും തൃണമൂലില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ബാരാസത്ത് സംഘടനാ ജില്ലാ അധ്യക്ഷ സ്ഥാനം രാജിവെച്ച കാകൊളി, പാര്‍ട്ടിയുടെ രാഷ്ട്രീയ ഉപദേശക കമ്പനിയായ ഐ-പാക്കിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ഇത്തരം ഏജന്‍സികളാണ് പാര്‍ട്ടിയെ തകര്‍ത്തതെന്നും മമത ബാനര്‍ജി നേരിട്ട് പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പാര്‍ട്ടി സംഘടിപ്പിച്ച പല നിര്‍ണായക യോഗങ്ങളിലും പകുതിയിലധികം എംഎല്‍എമാരും പങ്കെടുക്കാതിരുന്നതും തൃണമൂലിലെ അച്ചടക്കമില്ലായ്മ വ്യക്തമാക്കുന്നു.
സംസ്ഥാന ഭരണം നഷ്ടപ്പെട്ടതിന് തൊട്ടുപിന്നാലെ പ്രാദേശിക തലം മുതല്‍ പാര്‍ട്ടി സംവിധായങ്ങള്‍ ഒന്നൊന്നായി തകരുന്നത് തടയാന്‍ മമത ബാനര്‍ജിക്കും നേതൃത്വത്തിനും സാധിക്കുമോ അതോ കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുമോ എന്നാണ് രാഷ്ട്രീയ നേതൃത്വം ഉറ്റുനോക്കുന്നത്.
English summary
Political Crisis Deepens in West Bengal as TMC Faces Mass Defections
Following its recent assembly election defeat, Mamata Banerjee's Trinamool Congress (TMC) is facing its most severe internal crisis since its inception in 1998. A mass exodus of local leaders has left several municipalities paralyzed, while the newly formed BJP government under Chief Minister Suvendu Adhikari tightens its grip on local administration.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
