ന്യൂഡല്‍ഹി: ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ആഭ്യന്തരസമിതിയെ നിയോഗിക്കും. രാഷ്ട്രീയ തിരിച്ചടിയും വോട്ടിങ് യന്ത്രത്തിലെ കൃത്രിമവും പരിശോധിക്കാന്‍ രാഷ്ട്രീയ-സാങ്കേതിക പഠനത്തിന് പ്രാപ്തമായ സമിതിയെയാണ് നിശ്ചയിക്കുക.
സംസ്ഥാന ഘടകങ്ങളില്‍ ബൂത്തുതലംവരെ ആവശ്യമായ അഴിച്ചുപണി നടത്താന്‍ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തി. സംഘടനയുടെ ബലഹീനതകളും പോരായ്മകളും തിരുത്താന്‍ കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരുമെന്ന് ഖാര്‍ഗെ വ്യക്തമാക്കി. തോല്‍വിയില്‍ വോട്ടിങ് യന്ത്രത്തിലെ കൃത്രിമത്വമുണ്ടെന്ന് ആരോപണമുന്നയിച്ച യോഗം ഇതിനെതിരേ പ്രചാരണപരിപാടി നടത്താനും തീരുമാനിച്ചു.
വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് കരുതിയ ഹരിയാനയിലെ തോല്‍വിക്ക് വോട്ടിങ് യന്ത്രത്തെയാണ് പാര്‍ട്ടി പരസ്യമായി കുറ്റപ്പെടുത്തിയതെങ്കിലും പ്രവര്‍ത്തകസമിതിയില്‍ സംസ്ഥാന നേതാക്കളുടെ തമ്മിലടി പരാജയത്തിന് കാരണമായതായി നേതാക്കള്‍ കുറ്റപ്പെടുത്തി. ഐക്യത്തിന്റെ അഭാവവും വിരുദ്ധപ്രസ്താവനകളും ദോഷമുണ്ടാക്കിയതായി ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പറഞ്ഞു. അതേസമയം മഹാരാഷ്ട്രയില്‍ ഐക്യത്തോടെയും ഊര്‍ജസ്വലമായും പ്രവര്‍ത്തിച്ചതായി ചുമതലയുണ്ടായിരുന്ന രമേശ് ചെന്നിത്തല പറഞ്ഞു.
പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ള അദാനി ഗ്രൂപ്പിനെതിരേയുള്ള അഴിമതി ആരോപണം അന്വേഷിക്കണം, മണിപ്പൂരില്‍ തുടരുന്ന അക്രമത്തിന് ഒരിക്കല്‍പ്പോലും അവിടെപ്പോകാത്ത പ്രധാനമന്ത്രിയാണ് ഉത്തരവാദി, 1991-ലെ ആരാധനാലയങ്ങള്‍ (പ്രത്യേക വകുപ്പുകള്‍) നിയമത്തിലുള്ള പ്രതിജ്ഞാബദ്ധത ഉറപ്പിക്കുക എന്നിങ്ങനെ മൂന്ന് പ്രമേയങ്ങളും സമിതി പാസാക്കി.
മഹാത്മാഗാന്ധി 1924 ഡിസംബര്‍ 26-ന് ബെല്‍ഗാമില്‍നടന്ന സമ്മേളനത്തിലാണ് എ.ഐ.സി.സിയുടെ അധ്യക്ഷനായതെന്നും ഇതിന്റെ നൂറാം വാര്‍ഷികം ബെല്‍ഗാമില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചതായും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്