തിരുവനന്തപുരം: സംസ്ഥാന മുൻ പൊലീസ് മേധാവി കമലേശ്വരം സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിന് സമീപം ഹീരയിൽ എം. അബ്ദുൾ സത്താർ കുഞ്ഞ് (85) അന്തരിച്ചു.
കൊല്ലം, ഓച്ചിറയിലെ പ്രമുഖ കുടുംബത്തിൽ ജനിച്ച അദ്ദേഹം കൊല്ലം എസ്.എൻ കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ സ്വർണമെഡലോടെയാണ് ബിരുദാനന്തര ബിരുദം നേടിയത്. ഐ.പി.എസ് കേരള കേഡറിൽ 1963 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. മുൻ ഡി.ജി.പി പരേതനായ എൻ. കൃഷ്ണൻനായർ, മുൻ ചീഫ് സെക്രട്ടറി ജെ. അലക്‌സാണ്ടർ, മുൻ കേന്ദ്രമന്ത്രിമാരായ മണിശങ്കർ അയ്യർ, എസ്. കൃഷ്ണകുമാർ, മുൻ കേരള ഗവർണർ നിഖിൽകുമാർ എന്നിവർ ആ ബാച്ചിലുണ്ടായിരുന്നു.
ആലുവ എ.സി.പിയായി സർവീസ് ആരംഭിച്ച അദ്ദേഹം കോട്ടയം, തിരുവനന്തപുരം റൂറൽ, റെയിൽവേ പൊലീസ് എന്നിവയിൽ എസ്.പി, പൊലീസ് ട്രയിനിംഗ് കോളജ് പ്രിൻസിപ്പൽ, വിജിലൻസ് ഡി.ഐ.ജി, അഗ്‌നിരക്ഷാ സേന കമാന്റാന്റ് ജനറൽ, മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭരണകാലത്ത് ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് സി.ഐ.ഡി ഇൻസ്‌പെക്ടർ ജനറലായിരിക്കെ കേരള പൊലീസിന്റെ മെഡിക്കോ ലീഗൽ അഡൈ്വസർ തസ്തിക സൃഷ്ടിക്കുന്നതിൽ അബ്ദുൾ സത്താർ കുഞ്ഞ് നിർണായക പങ്കുവഹിച്ചു.
1997ൽ ഇ.കെ നായനാർ സർക്കാരിൽ കേരളത്തിന്റെ 21-ാമത്തെ പൊലീസ് മേധാവിയായാണ് വിരമിച്ചത്.ഏറ്റുമാനൂർ ക്ഷേത്രകവർച്ചയുടെ അന്വേഷണത്തിന് മേൽനോട്ടം വഹിച്ചതും പൂന്തുറ കലാപം നിയന്ത്രിച്ചതും അദ്ദേഹമായിരുന്നു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെയും സംസ്ഥാന സർക്കാറിന്റെയും ബഹുമതി സത്താർ കുഞ്ഞിന് ലഭിച്ചിട്ടുണ്ട്.
ഭാര്യ: റാഫിയ. മക്കൾ: സബീന റസാഖ്, ആസിഫ് മുഹമമദ്, ഹാഷിം കുഞ്ഞ് (ദുബൈ), ഷൈമ സമീർ.
മരുമക്കൾ: അബ്ദുൾ റസാഖ്, നസ്രിൻ, സമീർ, ഫഹ്മിത.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1