ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങുന്ന ക്രൂഡ് ഓയില്‍ അളവില്‍ വന്‍ വര്‍ധനവ് ഉണ്ടായിരിക്കുകയാണ്. റഷ്യ തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് എങ്കിലും റഷ്യയില്‍ നിന്ന് വാങ്ങുന്ന അളവ് കുറച്ചിട്ടുണ്ട്. ഒക്ടോബറിലെ ഇന്ത്യയുടെ എണ്ണ ഇടപാടിന്റെ വിവരങ്ങള്‍ കെപ്ലര്‍ ഡാറ്റ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതായത് നാല് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന അളവിലാണ് അമേരിക്കയില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഒക്ടോബറിലെ ഓരോ ദിവസവും 5.68 ലക്ഷം ബാരല്‍ എണ്ണ ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങി. 2021 മാര്‍ച്ചിന് ശേഷം ഇത്രയും അധികം വാങ്ങുന്നത് ആദ്യമാണ്. അതായത് ഇന്ത്യ മൊത്തം വാങ്ങിയ എണ്ണയുടെ 12 ശതമാനം അമേരിക്കയില്‍ നിന്നാണ്. ട്രംപ് ഉയര്‍ത്തിയ ഭീഷണി ഫലം കണ്ടു എന്ന് വേണം മനസിലാക്കാന്‍.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക ഇറക്കുമതി ചുങ്കം ഉയര്‍ത്തി, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുത് എന്നീ ഉപാികളോടെയുള്ള നീക്കങ്ങളാണ് ഡൊണാള്‍ഡ് ട്രംപ് നടത്തിയത്. ഇന്ത്യയുടെ പ്രധാന കയറ്റുമതി അമേരിക്കയിലേക്കാണ്. അതുകൊണ്ടു തന്നെ അമേരിക്കയെ പിണക്കുന്നത് തിരിച്ചടിയാകുമെന്ന് മനസിലാക്കി ആകാം റഷ്യയില്‍ നിന്നുള്ള എണ്ണ അല്‍പ്പം കുറച്ച് അമേരിക്കയില്‍ നിന്ന് കൂട്ടിയത്.
എന്നിരുന്നാലും ഏറ്റവും പുതിയ കണക്കിലും റഷ്യ തന്നെയാണ് ഇന്ത്യയിലേക്ക് എണ്ണ ഇറക്കുന്നതില്‍ ഒന്നാം സ്ഥാനത്ത്. അല്‍പ്പം കുറവ് വന്നിട്ടുണ്ടെങ്കിലും ഇന്ത്യ ഒക്ടോബറില്‍ വാങ്ങിയ 34 ശതമാനം എണ്ണ റഷ്യയില്‍ നിന്നാണ്. അതായത് ഓരോ ദിവസവും 16.2 ലക്ഷം ബാരല്‍ എണ്ണ വാങ്ങിയിട്ടുണ്ട്. റഷ്യയുടെ രണ്ട് പ്രധാന എണ്ണ കമ്പനികള്‍ക്കെതിരെ അമേരിക്ക അടുത്തിടെ ഉപരോധം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയുടെ തന്ത്രം
യു.എസിന്റെ ഉപരോധ ഭീഷണിയുണ്ടെങ്കിലും ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുന്ന എണ്ണ പൂര്‍ണമായും നിര്‍ത്തില്ല എന്നാണ് മനസിലാക്കുന്നത്. പകരം കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കാനാകും ശ്രമം. നിലവില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുന്നത് റഷ്യ, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ്. ഒക്ടോബറില്‍ മൊത്തം ഇന്ത്യ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയില്‍ ഓരോ ദിവസവും 48.1 ലക്ഷം ബാരല്‍ ആണ്. സെപ്തംബറിലേക്കാള്‍ 3 ശതമാനം അധികമാണിത്.
ഇറാഖില്‍ നിന്ന് ഓരോ ദിവസവും വാങ്ങിയത് 8.26 ലക്ഷം ബാരലാണ്. സൗദിയില്‍ നിന്ന് 6.69 ലക്ഷം ബാരലും. സൗദി-അമേരിക്ക അകലം കുറഞ്ഞു വരുന്നുണ്ട് എന്നതാണ് എടുത്ത് പറയേണ്ടത്. ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ പൂര്‍ണമായും നിര്‍ത്തും എന്നാണ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. എന്നാല്‍ ഇന്ത്യ ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. അമേരിക്കന്‍ ഉപരോധം ഏത് തരത്തില്‍ ബാധിക്കുന്നു എന്ന് ഇന്ത്യ പഠിച്ചുകൊണ്ടിരിക്കുകയാണ് എന്ന് അടുത്തിടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ക്രൂഡ് ഓയിലിന് വേണ്ടി ഒന്നോ രണ്ടോ രാജ്യങ്ങളെ മാത്രം ആശ്രയിക്കുന്ന രീതി ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. പകരം പല മേഖലയിലെ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. പശ്ചിമേഷ്യ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ മേഖലകളില്‍ നിന്നെല്ലാം ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. വില കുറഞ്ഞ എണ്ണ എവിടെയാണോ കിട്ടുന്നത് അവിടെ നിന്ന് ഇറക്കുകയാണ് ഇന്ത്യയുടെ രീതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
