അന്തരിച്ച മുന്‍ യുഎസ് വൈസ് പ്രസിഡന്റ് ഡിക് ചെനിയെ ലോകം ഓര്‍ക്കുന്നത് പല വ്യാഖ്യാനങ്ങള്‍ നല്‍കിയാണ്. ആധുനിക അമേരിക്കന്‍ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങള്‍ക്ക് പിന്നിലെ സൂത്രധാരനായാണ് കൂടുതലും വിലയിരുത്തപ്പെടുന്നത്. രഹസ്യ സ്വഭാവം, പീഡനം, നുണകള്‍, അവസാനിക്കാത്ത യുദ്ധങ്ങള്‍ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലുള്ള വ്യവസ്ഥിതി രൂപീകരിച്ച ഭരണാധികാരി അതായിരുന്നു പലര്‍ക്കും ഡിക് ചെനി.
യുദ്ധ പരീക്ഷണങ്ങള്‍
2001 ല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടപ്പോള്‍, ചെന്നി അതൊരു ദുരന്തം മാത്രമായി കണ്ടില്ല. മറിച്ച് നിക്‌സന്റെ കാലത്ത് കണ്ടിട്ടില്ലാത്ത വിധം ഭരണഘടനാ പരമായ അധികാരം വികസിപ്പിക്കാനുള്ള അവസരമായിട്ടായിരുന്നു കണ്ടത്. ആക്രമണത്തിന് മുന്‍പ് തന്നെ പ്രതിരോധിക്കാനുള്ള ഒരു നയം അദേഹം ആവിഷ്‌കരിച്ചിരുന്നു. അമേരിക്ക ആദ്യം ആക്രമിക്കണമെന്നും പിന്നീട് തെളിവുകളെക്കുറിച്ച് ചിന്തിക്കാമെന്നും ഉള്ളതായിരുന്നു അത്. അദേഹത്തിന്റെ ഈ ആശയങ്ങള്‍ക്ക് പരീക്ഷണക്കളമായി മാറിയത് ഇറാഖാണ്.
ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ 2003 ലെ ഇറാഖ് അധിനിവേശത്തിന്റെ മുഖ്യസൂത്രധാരന്‍ ചെനി ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ അധിനിവേശം മേഖലയുടെ അസ്ഥിരതയ്ക്കും കാരണമായി. കൂടാതെ ചെനി വന്‍തോതിലുള്ള നിരീക്ഷണ പരിപാടികള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തുകയും കൂടുതല്‍ കര്‍ശനമായ ചോദ്യം ചെയ്യല്‍ രീതികളെ പിന്തുണക്കുകയും ചെയ്തു. സദ്ദാം ഹുസൈന്റെ പക്കല്‍ ആണവായുധങ്ങളുണ്ടെന്ന തെറ്റായ വാദങ്ങള്‍ ഉന്നയിച്ചാണ് ഇയാളുടെ നേതൃത്വത്തില്‍ യുഎസ് 2003 ല്‍ ഇറാഖ് അധിനി വേശം ആരംഭിച്ചത്.
ഈ യുദ്ധം ലക്ഷക്കണക്കിന് ഇറാഖികളുടെ മരണത്തിനും ഒരു മേഖലയുടെ അസ്ഥിരതയ്ക്കും ഐസിസിന്റെ പിറവിക്കും വഴിയൊരുക്കി. അമേരിക്കന്‍ സൈനികരെ വിമോചകരായി സ്വീകരിക്കുമെന്നും യുദ്ധം ആഴ്ചകളേ നീണ്ടുനില്‍ക്കൂ എന്നും ചെന്നി അമേരിക്കക്കാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അത് ഒരു പതിറ്റാണ്ടോളം നീണ്ടുനിന്നു. നഷ്ടമായത് ട്രില്ല്യണ്‍ കണക്കിന് ഡോളറും.
രഹസ്യങ്ങളുടെ മാസ്റ്റര്‍
സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിന് ശേഷം, അമേരിക്കയെ ഭീതിയില്‍ ജീവിക്കുന്ന ഒരു രാജ്യമാക്കി മാറ്റുന്നതില്‍ ഡിക്ക് ചെനി വലിയ പങ്ക് വഹിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. സുരക്ഷയുടെ പേരില്‍ പൗരന്മാരെ വാറന്റുകളില്ലാതെ നിരീക്ഷിക്കുന്നതും പൗരസ്വാതന്ത്ര്യം വെട്ടിച്ചുരുക്കുന്നതിനെയും അദ്ദേഹം പിന്തുണച്ചു. ഇതെല്ലാം നടത്തിയതാകട്ടെ സുരക്ഷയുടെ മറവിലായിരുന്നു.
കോണ്‍ഗ്രസിനെയും കോടതികളെയും പ്രസിഡന്റിനെയും പോലും മറികടന്ന്, ഒരു രഹസ്യ അധികാര കേന്ദ്രം പോലെയായിരുന്നു അദ്ദേഹത്തിന്റെ ഓഫീസ് പ്രവര്‍ത്തിച്ചത്. രാജ്യത്തിന്റെ നയരൂപീകരണത്തിലും നിര്‍ണായക തീരുമാനങ്ങളിലും ചെനി വലിയ സ്വാധീനം ചെലുത്തിയിരുന്നു.
ക്രൂരമായ ശിക്ഷാ നടപടികള്‍
വാട്ടര്‍ബോര്‍ഡിംഗ്, ഉറക്കം നിഷേധിക്കല്‍, വ്യാജ വധശിക്ഷകള്‍ തുടങ്ങിയ ക്രൂരമായ രീതികള്‍ക്ക് ചെനി ചുക്കാന്‍ പിടിച്ചു. തടവുകാരെ മരണത്തിന്റെ വക്കോളമെത്തിച്ചിരുന്ന രീതിയില്‍ പോലും പീഡിപ്പിച്ചിരുന്നതായാണ് പറയപ്പെടുന്നത്. ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടും പലപ്പോഴും പ്രയോജനകരമായ വിവരങ്ങളൊന്നും തടവുകാരില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്ന് സിഐഎ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ചെന്നി ഇതിനെ നീതി എന്ന് വിളിച്ചപ്പോള്‍, ലോകം അതിനെ പീഡനം എന്നാണ് വിശേഷിപ്പിച്ചത്.
ലാഭം കൊണ്ടുവരുന്ന യുദ്ധം
ബുഷ് ഭരണകൂടത്തില്‍ ചേരുന്നതിനായി 2000 ല്‍ ഹാലിബര്‍ട്ടണിലെ സിഇഒ സ്ഥാനം ഒഴിഞ്ഞപ്പോള്‍ ചെന്നിക്ക് 35 ദശലക്ഷം ഡോളറായിരുന്ന ലഭിച്ചത്. ഇറാഖ് യുദ്ധം ആരംഭിച്ചതിന് ശേഷം, ഹാലിബര്‍ട്ടനും അതിന്റെ അനുബന്ധ കമ്പനികളും ഇറാഖിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വലിയ സര്‍ക്കാര്‍ കരാറുകള്‍ നേടി. ഇവയിലേറെയും മത്സരാധിഷ്ഠിത ലേലമില്ലാതെയാണ് നേടിയത്. യുദ്ധത്തെ ലാഭത്തിനുള്ള ഉപാധിയാക്കി മാറ്റുകയാണ് ഇതിലൂടെ ചെയ്തതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. സൈനികരും ഇറാഖി പൗരന്മാരും വലിയ വില നല്‍കേണ്ടി വന്നപ്പോള്‍, ചനിയുടെ മുന്‍ കമ്പനി കോടിക്കണക്കിന് ഡോളര്‍ ലാഭം നേടി.
ട്രംപിന്റെ കടുത്ത വിമര്‍ശകന്‍
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കരുത്തനായ നേതാവായിരുന്നെങ്കിലും ട്രംപിന്റെ കടുത്ത വിമര്‍ശകനായിരുന്നു ചെനി. ട്രംപ് റിപ്പബ്ലിക്കിന് ഒരു ഭീഷണിയാണെന്ന് ചെനി പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഭരണഘടനയെ തകര്‍ത്ത മനുഷ്യനില്‍ നിന്ന് ഈ മുന്നറിയിപ്പിന് വലിയ പ്രാധാന്യം ലഭിച്ചില്ല.
എന്തും തെറ്റിക്കാം
ദേശീയ സുരക്ഷയുടെ പേരില്‍ നിയമങ്ങള്‍ വളച്ചൊടിക്കാമെന്നും കോണ്‍ഗ്രസിനെ അവഗണിക്കാമെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നും ഭാവി പ്രസിഡന്റുമാരെ പഠിപ്പിച്ചത് ചെന്നിയാണ്. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഡിക്ക് ചെനിയുടെ പേര് രാജ്യസ്‌നേഹത്തേക്കാളുപരി ദുരിതങ്ങളുടെ ഓര്‍മ്മകളാണ് കൊണ്ടുവരുന്നത്. അദ്ദേഹത്തിന്റെ നയങ്ങള്‍ മിഡില്‍ ഈസ്റ്റിനെ മാറ്റിമറിക്കുകയും തലമുറകളെ തീവ്രവാദത്തിലേക്ക് നയിക്കുകയും ചെയ്തുവന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് ആഗോളതലത്തില്‍ അമേരിക്കയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്നതിന് കാരണമായി എന്നും തന്നെയാണ് എഴുതപ്പെട്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
