അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ , അംബരചുംബികളുടെ , പണക്കാരുടെ നഗരമായ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മംദാനി. അതു മാത്രമല്ല, ആദ്യത്തെ മുസ്ലീം മേയര്‍, ആദ്യത്തെ ഇന്ത്യന്‍ വംശജനായ മേയര്‍. ചരിത്രത്തിലെ പുതിയ ഏടുകള്‍ എഴുതിച്ചേര്‍ക്കലുകള്‍ മാത്രമല്ല മംദാനിയുടെ വിജയത്തിന് തിളക്കം കൂട്ടുന്നത്. രാജ്യത്തിന്റെ പ്രസിഡന്റ് തന്നെ ഫണ്ട് കുറക്കല്‍ ഉള്‍പെടെയുള്ള ഭീഷണി മുഴക്കിയിട്ടും ന്യൂയോര്‍ക്കുകാര്‍ കൂട്ടമായി എത്തി ജയിപ്പിച്ചു എന്നതാണ്. മംദാനി ഉയര്‍ത്തിക്കാട്ടിയ, സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള നയങ്ങള്‍ക്ക് പിന്തുണ കിട്ടി എന്നതാണ് ആ വിജയത്തിന് പിന്നിലെ രഹസ്യം.
വിജയം ഉറപ്പിച്ച ശേഷം മംദാനി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് ഇങ്ങനെ- ട്രംപിനാല്‍ വഞ്ചിക്കപ്പെട്ട രാജ്യത്തിന് എങ്ങനെ ട്രംപിനെ തോല്‍പ്പിക്കാമെന്ന് അദ്ദേഹത്തെ വളര്‍ത്തിയ നഗരം തന്നെ വഴി കാട്ടിയിരിക്കുന്നു എന്നായിരുന്നു. അപ്പോള്‍ തുടങ്ങിയിരിക്കുന്നു, എന്നായിരുന്നു മംദാനിയുടെ പ്രസംഗത്തോടുള്ള ട്രംപിന്റെ പ്രതികരണം.
ട്രംപ് ഉള്‍പ്പെടെയുള്ള ശതകോടീശ്വരന്മാര്‍ക്ക് നികുതി ഒഴിവാക്കാനും നികുതി ഇളവുകള്‍ ചൂഷണം ചെയ്യാനും അവസരം നല്‍കിയ അഴിമതി സംസ്‌കാരം അവസാനിപ്പിക്കുമെന്നായിരുന്നു മംദാനി ഉറപ്പ്. ഏറ്റവും വലിയ സമ്പന്ന നഗരങ്ങളിലൊന്നില്‍ സാധാരണക്കാരുടെ പ്രതിനിധിയായാണ് മംദാനി രാഷ്ട്രീയത്തിലേക്ക് വന്നത്. സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിലക്കയറ്റവും ഉയര്‍ന്ന ജീവിതച്ചെലവും വാടകയുമൊക്കെ ഉയര്‍ത്തിക്കാട്ടുന്ന നേതാവ്. അതിസമ്പന്നര്‍ക്ക് വേണ്ടിയല്ല നിയമങ്ങള്‍ നില്‍ക്കേണ്ടതെന്ന് വാദിക്കുന്ന നേതാവ്.
വാടക നിയന്ത്രണം, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന പലചരക്ക് കടകള്‍, സാമൂഹിക പാര്‍പ്പിട പദ്ധതികള്‍, സാര്‍വത്രിക ശിശു സംരക്ഷണം, കുറഞ്ഞ യാത്രാക്കൂലി തുടങ്ങിയവയാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്. മാത്രമല്ല അതിസമ്പന്നര്‍ക്കും വന്‍കിട കുത്തക സ്ഥാപനങ്ങള്‍ക്കും നികുതി കൂട്ടി കണ്ടെത്തുന്ന വരുമാനത്തില്‍ നിന്ന് കുറഞ്ഞ കൂലി 2030 ഓടെ മണിക്കൂറിന് 30 ഡോളര്‍ ആക്കാമെന്നും മംദാനി വാക്ക് നല്‍കിയിരുന്നു.
വന്‍കിട കമ്പനികള്‍ പലതാണ് മംദാനിയെ തോല്‍പിക്കാന്‍ കോടികളിറക്കിയത്. ഡെമോക്രാറ്റിക് പ്രൈമറിയില്‍ തോറ്റതിന് പിന്നാലെ സ്വതന്ത്രനായി മത്സരിക്കാനെത്തിയ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോയെ ആണ് ഇവര്‍ പിന്തുണച്ചത്. ഡെമോക്രാറ്റുകള്‍ക്ക് വ്യക്തമായ മുന്‍തൂക്കമുള്ള നഗരത്തില്‍ സ്വന്തം പാര്‍ട്ടിക്കാരനായ കര്‍ട്ടിസ് സ്ലീവയെ തള്ളി കുമോക്ക് ട്രംപ് പിന്തുണ പ്രഖ്യാപിച്ചതും ഇതേ കാരണത്താല്‍.
സ്വന്തം സ്ഥാനാര്‍ത്ഥി തോറ്റാലും വേണ്ടില്ല സോഷ്യലിസ്റ്റ് ആശയങ്ങള്‍ പറയുന്ന മംദാനി തോറ്റാല്‍ മതിയെന്നായിരുന്നു ഇവര്‍ക്കെല്ലാവര്‍ക്കും. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്നും ഇസ്രായേലിന്റെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറസ്റ്റ് ചെയ്യപ്പെടണമെന്നും നിലപാട് ആവര്‍ത്തിച്ചിട്ടുള്ള നേതാവാണ് മംദാനി. അതും ഇസ്രായേല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജൂതര്‍ താമസിക്കുന്ന ഇടമായ ന്യൂയോര്‍ക്ക് സിറ്റിയില്‍.
ജൂതവിരുദ്ധനെന്ന് എതിര്‍പക്ഷം ആരോപിച്ചപ്പോള്‍ മംദാനി പറഞ്ഞത് ജൂതര്‍ ഉള്‍പെടെയുള്ള ജനതക്കായി പോരാടുമെന്നാണ്. കുമോക്ക് വേണ്ടി ഒഴുകിയ കോടികളെയും വന്‍കിട സംവിധാനങ്ങളെയും ജനങ്ങളില്‍ നിന്ന് പിരിച്ച ചെറിയ സംഭാവനകള്‍ കൊണ്ടും ഭവന സന്ദര്‍ശനങ്ങള്‍ നടത്തിയും സാമൂഹിക മാധ്യമങ്ങളുടെ സാധ്യതകളും നൂതന സാങ്കേതിക വിദ്യകളും ഉപയോഗിച്ചുമാണ് മംദാനിയുടെ സംഘം പ്രതിരോധിച്ചത്. ഒടുവില്‍ കുമോക്കെതിരെ 51.5 % വോട്ട് നേടിയുള്ള വിജയവും.
സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയുന്ന നഗരം. മംദാനി പങ്കുവെച്ച ആ സ്വപ്നം ന്യൂയോര്‍ക്കിലുള്ളവര്‍ ഏറ്റെടുത്തതിന്റെ തെളിവാണ് പോളിങ് ശതമാനത്തിലെ വര്‍ധനവും മംദാനിയുടെ വമ്പന്‍ വിജയവും. ഒരു മഹാനഗരത്തിന്റെ മേയര്‍ ആകാനുള്ള ഭരണപരിചയമോ പക്വതയോ മംദാനിക്കില്ലെന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും കൂടിയാണിത്. ഫെഡറല്‍ ഫണ്ടിങ് കുറക്കുമെന്നും ന്യൂയോര്‍ക്ക് നഗരത്തിന്റെ പതനമാകുമെന്നും ഭീഷണിപ്പെടുത്തിയിട്ടും ന്യൂയോര്‍ക്ക് നഗരം മംദാനിക്ക് നല്‍കിയ വമ്പന്‍ ജയം ട്രംപിനുമുള്ള മറുപടിയാണ്. ഭരണനയങ്ങളിലുള്ള പ്രതിഷേധം. പുരോഗമനപരമായ ചിന്താഗതിക്കുള്ള പിന്തുണ. കാശും അധികാരവും ഉള്ളവന് വേണ്ടി മാത്രമല്ല ഭരണമെന്ന മുന്നറിയിപ്പ്. കുടിയേറ്റക്കാരുടെ കൂടി നാടാണെന്ന ഓര്‍മപ്പെടുത്തല്‍. അങ്ങനെ പലതിനും ഉള്ള മറുപടി.
ഇന്ത്യന്‍ വംശജയായ സംവിധായക മീര നായരുടെയും ഉഗാണ്ടക്കാരനായ എഴുത്തുകാരനും അധ്യാപകനും ഗവേഷകനും ഒക്കെയായ മഹമൂദ് മംദാനിയുടെയും മകനാണ് മംദാനി. ഭാര്യ സിറിയന്‍ അമേരിക്കന്‍ വംശജയായ കലാകാരി റമാ ദുവാജി. വിവിധ സംസ്‌കാരങ്ങളും നാടുകളും ഒന്നിക്കുന്ന വീട്ടില്‍ നിന്ന് വരുന്ന മംദാനിക്ക് ആ പാരമ്പര്യം പേറുന്ന മഹാനഗരത്തിന്റെ കാവലാളാകാന്‍ ജനം അനുമതി നല്‍കിയിരിക്കുകയാണ്.
മംദാനിയുടെ മാത്രമല്ല ഇതിനൊപ്പം പുറത്ത് വന്ന രണ്ട് ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് ഫലങ്ങളും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പ്രതീക്ഷയും സ്വയം വിലയിരുത്തലിനുള്ള അവസരവും നല്‍കുന്നു. വിര്‍ജീനിയയുടെ ചരിത്രത്തിലാദ്യമായി വനിതാ ഗവര്‍ണര്‍ എത്തിയിരിക്കുന്നു. ബിഗെയ്ന്‍ സ്പാന്‍ബെര്‍ഗര്‍. ന്യൂജഴ്സി ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടത് മിക്കി ഷെറില്‍ ആണ്. കൂടുതല്‍ വിശാല ചിന്താഗതിയുള്ളവരെയും ചെറുപ്പക്കാരെയും ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ നിഷ്പക്ഷ വോട്ടര്‍മാരുടെ പിന്തുണ ഉറപ്പാക്കുന്നുണ്ടെന്ന പാഠം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
