വിപുലമാകട്ടെ ഓപ്പറേഷൻ 'സൈ ഹണ്ട് '

NOVEMBER 5, 2025, 12:51 PM

ഡിജിറ്റൽ ലോകത്തു യഥേഷ്ടം വിഹരിക്കുന്ന തട്ടിപ്പുകാരെ വലയിലാക്കാൻ ചതുരുപായങ്ങൾ പുറത്തെടുക്കുന്നു കേരള പോലീസ്. സൈബർ തട്ടിപ്പ് പ്രതിരോധിക്കുകയെന്ന ലക്ഷ്യവുമായി പോലീസിലെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി ഒറ്റദിവസം നടത്തിയ ഓപ്പറേഷൻ 'സൈ ഹണ്ടി'ൽ 263 പേരാണ് അറസ്റ്റിലായത്. സൈബർ തട്ടിപ്പ് സംഘങ്ങൾ സംസ്ഥാനത്ത് എത്രയോ വിപുലമായി പ്രവർത്തിച്ചുവരുന്നുവെന്ന കാര്യം ഇതോടെ വ്യക്തമായെങ്കിലും വൻ സ്രാവുകളിൽ ഒരെണ്ണവും 'സൈ ഹണ്ടി'ൽ കുരുങ്ങിയില്ലെന്നത് പോലീസിനെ വിഷമിപ്പിക്കുന്നുമുണ്ട്.

ഒരുതുള്ളി വിയർപ്പൊഴുക്കാതെ കുടിലബുദ്ധിയും സൈബർ വൈഭവവും ഉപയോഗിച്ച് പലരുടെയും ബാങ്ക് സമ്പാദ്യം മുഴുവൻ ഊറ്റിയെടുക്കുന്ന ആധുനിക കാലത്തെ ഏറ്റവും വലിയ തട്ടിപ്പില്ലാതെയാക്കാനാണ് പോലീസിന്റെ നീക്കം. ഓൺലൈൻ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറുന്നതിനായി കമ്മിഷൻ വാങ്ങി വാടകയ്ക്ക് അക്കൗണ്ടുകൾ നൽകിയവരാണ് 'സൈ ഹണ്ടി'ന്റെ ഭാഗമായി അറസ്റ്റിലായവരെല്ലാം.

പക്ഷേ, കുടുങ്ങിയതു പരൽമീനുകൾ മാത്രം. സ്രാവുകൾ ഇപ്പോഴും നിയമവലയ്ക്ക് പുറത്താണെന്നർത്ഥം. എന്നിരുന്നാലും അറസ്റ്റിലായവരിൽ നിന്ന് പ്രധാന കണ്ണികളിലേക്ക് അന്വേഷണത്തിലൂടെ ചെന്നെത്താനാകുമെന്നത് വലിയൊരു സാദ്ധ്യത തന്നെയാണെന്നാണു വിലയിരുത്തൽ. ഇവിടെ നടന്ന സൈബർ തട്ടിപ്പിന്റെ മുഖ്യ ആസൂത്രകരിൽ ഏറിയ പങ്കും സംസ്ഥാനത്തിനു പുറത്തും അന്യരാജ്യങ്ങളിലുമാണ് തമ്പടിച്ചിട്ടുള്ളതെന്നതിനാൽ ദേശീയ, അന്തർദേശീയ ഏജൻസികളുടെ സഹായം തേടാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു.

vachakam
vachakam
vachakam

സൈബർ തട്ടിപ്പുകൾക്കു വേണ്ടി പത്തു ശതമാനം വരെ കമ്മിഷൻ വാങ്ങി സംസ്ഥാനത്ത് പലരും ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നതായി നേരത്തേ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. സ്വർണം കടത്തിക്കൊണ്ടുവരുന്ന ഇടനിലക്കാരുടേതിന് സമാനമായ റോളാണ് ഇവരുടേത്. സ്വർണം അയച്ചവരും അത് ആത്യന്തികമായി കൈപ്പറ്റുന്നവരും ഇടനിലക്കാർ പിടിയിലാവുമ്പോഴും കാണാമറയത്തായിരിക്കും.

ഇങ്ങനെയുള്ളവരിൽ ഒരു ശതമാനത്തിലേക്കു പോലും പല കാരണങ്ങളാൽ അന്വേഷണം നീളാറില്ല. അത്തരമൊരു ദുരവസ്ഥ സൈബർ തട്ടിപ്പിന്റെ കാര്യത്തിൽ ഉണ്ടാകാതിരിക്കാൻ വേണ്ടിയുള്ള തുടരന്വേഷണവും നടപടികളും വർദ്ധിത ഊർജ്ജത്തോടെ മുന്നോട്ട് കൊണ്ടുപോയെങ്കിലേ പോലീസിനു വല മുറുക്കാനാകൂ എന്നതാണു സ്ഥിതി.

ഓപ്പറേഷൻ 'സൈ ഹണ്ടി'ന്റെ ഭാഗമായി 382 കേസുകളാണ് സംസ്ഥാനത്തുടനീളമായി പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതികളെന്ന് സംശയിക്കുന്ന 125 പേർക്ക് നോട്ടീസ് നൽകിക്കഴിഞ്ഞു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. ഇവിടെ സിറ്റിയിലും റൂറലിലുമായി 67 കേസുകളെടുത്തു. 35 പേരെ അറസ്റ്റ് ചെയ്തു. ആകെ കണ്ടെത്തിയ തട്ടിപ്പിൽ 34.8 ശതമാനവും ഓൺലൈൻ വ്യാപാരവുമായി ബന്ധപ്പെട്ടതാണെന്ന് എ.ഡി.ജി.പി എസ്. ശ്രീജിത്ത് വ്യക്തമാക്കി. സംശയാസ്പദമായി ചെക്കുകൾ ഉപയോഗിച്ച് പണം പിൻവലിച്ച 2683 പേരും എ.ടി.എം വഴി പണം പിൻവലിച്ച 361 പേരും അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയ, അറസ്റ്റിലാകാത്തവർക്കു പുറമെയുള്ള അഞ്ഞൂറോളം പേരും പോലീസ് നിരീക്ഷണത്തിലാണ്.

vachakam
vachakam
vachakam

ഇരകളിൽ നിന്ന് പരാതി സ്വീകരിച്ച് പ്രതികളെ തേടുന്ന സാധാരണ രീതിയല്ല ഇത്തവണ പോലീസ് സ്വീകരിച്ചത്. പകരം, നാഷണൽ സൈബർ ക്രൈം പോർട്ടലിൽ നിന്ന് ലഭ്യമായ വിവരങ്ങളിലൂടെ പ്രതികളിലേക്കെത്തി. പ്രതികളുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ ഉൾപ്പെടെ പരിശോധിച്ചാണ് ഇടപാടുകൾ തിരിച്ചറിഞ്ഞത്. പോലീസ് നിരീക്ഷിക്കുന്നുവെന്ന് അറിഞ്ഞാൽത്തന്നെ അക്കൗണ്ടുകൾ കമ്മിഷൻ മോഹിച്ചു വാടകയ്ക്ക് കൊടുക്കാനുള്ള പ്രവണത പലരും മതിയാക്കും. അതിനാൽ ഇത്തരം റെയ്ഡുകളും നടപടികളും കൃത്യമായ ഇടവേളകളിൽ ആവർത്തിച്ച് ഉണ്ടാകേണ്ടതാവശ്യം.

തിരുവനന്തപുരം നഗരത്തിൽ ആറു മാസത്തിനിടെ 35 കോടി രൂപയാണ് തട്ടിപ്പുകാർ അടിച്ചെടുത്തത്. കേരള ഹൈക്കോടതി മുൻ ജഡ്ജിയും സൈബർ തട്ടിപ്പിൽ കുടുങ്ങിയിരുന്നു. ഓഹരിവിപണിയിൽ വൻതുക ലാഭം വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ ജസ്റ്റിസ് എ. ശശിധരൻ നമ്പ്യാർക്ക് 90 ലക്ഷം രൂപയാണ് നഷ്ടമായത്. ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. ജഡ്ജിയുടെ പരാതിയിൽ രണ്ടുപേർക്കെതിരെ തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് കേസെടുത്തിട്ടുണ്ട്. വാട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പുസംഘം ജഡ്ജിയെ പരിചയപ്പെട്ടത്. ആദിത്യ ബിർള ഇക്വിറ്റി ഗ്രൂപ്പിന്റെ പേരിൽ പലതവണകളായി പണം തട്ടി. 

ഓപ്പറേഷൻ 'സൈ ഹണ്ട് ' കേരളത്തിൽ ഒതുങ്ങി നിൽക്കാതെ ദേശീയ തലത്തിൽ വ്യാപകവും കാര്യക്ഷമവുമാക്കേണ്ട സമയം അതിക്രമിച്ചതായി അഭിഭാഷകരും റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകാരെ പിടികൂടാൻ സി.ബി.ഐ നേരത്തേ ഓപ്പറേഷൻ ചക്ര എന്ന പേരിലുള്ള പ്രത്യേക ദൗത്യം നടത്തിയിരുന്നു.

vachakam
vachakam
vachakam

കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലായി നടത്തിയ റെയ്ഡുകളിൽ നിരവധി തട്ടിപ്പുകാർ അക്കാലത്തു പിടിയിലായി. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ കോടിക്കണക്കിന് രൂപ കബളിപ്പിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയതിനു പിന്നാലെയായിരുന്നു നടപടി. വിദേശ പൗരന്മാർ ഉൾപ്പെട്ട രാജ്യാന്തര സംഘമാണ് തട്ടിപ്പുകൾക്ക് പിന്നിലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.

സി.ബി.ഐ വന്നേക്കും

ഇതിനിടെ, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് രാജ്യവ്യാപകമാണെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ഇതുസംബന്ധിച്ച മുഴുവൻ കേസുകളും സി.ബി.ഐക്ക് വിടുമെന്ന് വ്യക്തമാക്കി. ഇതോടെ കേരളത്തിൽ കോടിക്കണക്കിന് രൂപ ഡിജിറ്റൽ അറസ്റ്റിലൂടെ തട്ടിയെടുത്ത നൂറുകണക്കിന് കേസുകൾ സി.ബി.ഐ അന്വേഷിക്കുമെന്നു വ്യക്തമായി. കേരളത്തിലടക്കം രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഡിജിറ്റൽ അറസ്റ്റ് കേസുകൾ അന്വേഷിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ സി.ബി.ഐയ്ക്ക് കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്. ആറുമാസത്തിനിടെ ഇരുനൂറോളം പേർ തട്ടിപ്പിനിരയായി. സമൂഹത്തിലെ ഉന്നതന്മാർ മുതൽ ചലച്ചിത്ര താരങ്ങളും സംഗീതജ്ഞരും വരെ ഈ നിരയിലുണ്ട്. ചെറിയ തുകകൾ മുതൽ മൂന്നരക്കോടി വരെ നഷ്ടപ്പെട്ടു.  

ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുക്കാൻ സൈബർ കൊള്ളക്കാർ പ്രയോഗിക്കുന്ന പുതിയ അടവാണ് ഡിജിറ്റൽ അറസ്റ്റ്. തട്ടിപ്പുകാർ നിയമപാലകരായി അഭിനയിച്ച് ഇരകളെ ഭയപ്പെടുത്തി നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കള്ളക്കേസെടുക്കും. അവർ പിന്നീട് പണം ആവശ്യപ്പെടുകയും പണമടയ്ക്കാൻ ഇരകളെ സമ്മർദ്ദത്തിലാക്കുകയും ചെയ്യും. സി.ബി.ഐ, കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ്, പോലീസ് ഉദ്യോഗസ്ഥരായും സുപ്രീം കോടതി ജഡ്ജിമാരായും വരെ വേഷംകെട്ടി തട്ടിപ്പ് നടത്തുന്നുണ്ട്. മ്യാൻമാർ, തായ്‌ലാൻഡ് പോലുള്ള വിദേശജ്യങ്ങളിലിരുന്നാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നതെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.

നാർകോട്ടിക് കൺട്രോൾ ബ്യൂറോ, എൻഫോഴ്‌സ്‌മെന്റ്, സൈബർ സെൽ, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരായി ചമഞ്ഞും തട്ടിപ്പുണ്ട്. മയക്കുമരുന്ന്, കള്ളപ്പണം വെളിപ്പിക്കൽ, ലഹരിമരുന്ന് കടത്ത്, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഓൺലൈനിൽ കാണൽ, തീവ്രവാദം, മനുഷ്യക്കടത്ത് എന്നിങ്ങനെയുള്ള കേസുകളിൽ അറസ്റ്റ് ചെയ്തിരിക്കുന്നെന്നാണ് മിക്ക തട്ടിപ്പുകാരും പറയുക. 'അറസ്റ്റ് മാത്രമല്ല വിചാരണയും' ഓൺലൈനായി നടത്തും. അന്വേഷണ ഏജൻസികളുടെ യൂണിഫോം ധരിച്ചും തിരിച്ചറിയൽ കാർഡ് കാട്ടിയുമൊക്കെയാവും വിചാരണയും അറസ്റ്റും. മയക്കുമരുന്ന് കടത്ത് അല്ലെങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു കൊണ്ടുള്ള ഫോൺകോളുകളായിരിക്കും ആദ്യം വരുന്നത്.

പിന്നീട് വീഡിയോ കോളിലൂടെ ബന്ധപ്പെടും. ആധികാരികമായി തോന്നിപ്പിക്കുന്നതിനായി അവർ സർക്കാർ ഓഫീസ് ക്രമീകരണങ്ങൾ പോലും അനുകരിക്കും. കേസിൽ നിന്നും രക്ഷപ്പെടാൻ നിശ്ചിത തുക കൈമാറണമെന്ന് ആവശ്യപ്പെടും.  ബാങ്ക് അക്കൗണ്ടുകളിലുള്ള പണം പരിശോധനകൾക്കായി 'സി.ബി.ഐ' നിർദ്ദേശിക്കുന്ന അക്കൗണ്ടുകളിലേക്ക് നൽകണമെന്നും കള്ളപ്പണമല്ലെന്ന് ബോദ്ധ്യപ്പെട്ടാൽ തിരികെ നൽകുമെന്നും അറിയിക്കും. അക്കൗണ്ട് വിവരങ്ങൾ കൈമാറുന്നതോടെ പണം പിൻവലിക്കപ്പെടും. തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് പണം മാറ്റപ്പെട്ടാൽ പിന്നീട് ഒരു വിവരവുമുണ്ടാവില്ല.

ഒരു തട്ടിപ്പിന് ഉപയോഗിച്ച നമ്പർ ഇവർ ഉപേക്ഷിക്കുകയാണ് പതിവ്. തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം 1930 നമ്പറിൽ വിവരമറിയിക്കണം. രണ്ടു മണിക്കൂറിനകമാണെങ്കിൽ പണം തിരിച്ചുപിടിക്കാം. www.cybercrime.gov.in വെബ്‌സൈറ്റിലും പരാതിപ്പെടാൻ കഴിയും. സൈബർ തട്ടിപ്പുകാരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെയും പരിഭ്രമിക്കാതെയും വിവരം ലോക്കൽ പോലീസിലോ സൈബർ പോലീസിനെയോ അറിയിക്കുകയാണു വേണ്ടത്. അന്വേഷണ ഏജൻസികളോ സർക്കാർ സംവിധാനങ്ങളോ ഔദ്യോഗിക ആശയവിനിമയത്തിന് വാട്‌സ്ആപ്പ്, സ്‌കൈപ്പ് എന്നിവ ഉപയോഗിക്കാറില്ല. സംശയാസ്പദമായ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഏജൻസികൾക്കാവുമെങ്കിലും പരിശോധനയ്ക്കായി അക്കൗണ്ടിലെ പണം കൈമാറാൻ ആവശ്യപ്പെടില്ല. 

പോലീസോ കേന്ദ്ര അന്വേഷണ ഏജൻസികളോ ഓൺലൈനായി ആരെയും അറസ്റ്റ് ചെയ്യാറില്ല. ഇന്ത്യയിൽ ഇങ്ങനെയാരു നിയമ പ്രക്രിയയില്ല. ഡിജിറ്റൽ അറസ്റ്റ് ഇന്ത്യൻ നിയമ വ്യവസ്ഥയിൽ ഇല്ലാത്തതാണെന്ന കാര്യം പലർക്കുമറിയില്ല. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ എപ്പോഴും ജാഗരൂകരായിരിക്കുകയെന്നതാണു പ്രധാന കാര്യമെന്ന് പോലീസ് പറയുന്നു.

ഏതെങ്കിലും കുറ്റകൃത്യങ്ങളിൽപ്പെട്ടതായുള്ള വെളിപ്പെടുത്തലുമായി അന്വേഷണ ഏജൻസികൾ ഫോൺ വിളിക്കുമ്പോൾ ബാങ്കിംഗ് വിവരങ്ങളോ, പണമിടപാട് നടത്താനോ ആവശ്യപ്പെടില്ല. ഫോണിലോ വീഡിയോ കോളിലോ അജ്ഞാത നമ്പറുകളിൽ നിന്നുള്ള വിളികളിലോ വ്യക്തിഗത, അക്കൗണ്ട് വിവരങ്ങൾ കൈമാറിയാൽ ചതി പറ്റും.

ബാബു കദളിക്കാട്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam